ബ്രിട്ടനെ പിടിച്ചുലച്ച് കൊടുങ്കാട്; 2 മരണം
ലണ്ടന്‍: ആഞ്ഞുവീശിയ സെന്റ് ക്ലാര കൊടുങ്കാറ്റില്‍ ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മരം വീണ് 58-കാരനായ മെഴ്‌സിഡസ് ഡ്രൈവറും മഞ്ഞുകട്ടയില്‍ തലയടിച്ചുവീണ് 77-കാരനുമാണ് മരിച്ചത്. രാജ്യത്തെങ്ങും കനത്ത നാശനഷ്ടമാണ് ക്ലാര കൊടുങ്കാറ്റിലുണ്ടായത്. മിക്കവാറും റോഡുകളിലൊക്കെ ഗതാഗത സ്തംഭനം തുടരുകയാണ്. വിമാന, ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു.


ഒരുമാസം പെയ്യേണ്ടതിന്റെ പാതി മഴയാണ് ക്ലാര കൊടുങ്കാറ്റിനെത്തുടര്‍ന്ന് 24 മണിക്കൂറിനിടെ പെയ്‌തൊഴിഞ്ഞത്. ഇതാണ് പലയിടത്തും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതും. കൊടുങ്കാറ്റിന് ശമനമുണ്ടെങ്കിലും അതിന്റെ പ്രതിഫലനമെന്നോണം കാലാവസ്ഥ ഏതാനും ദിവസംകൂടി പ്രതികൂലമായി നില്‍ക്കാനാണ് സാധ്യത.


റോഡില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ വാഹനങ്ങളില്‍പ്പെട്ടവരെ പലയിടത്തും രക്ഷാപ്രവര്‍ത്തകരെത്തിയാണ് രക്ഷിച്ചത്. കനത്ത കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും താല്‍ക്കാലിക ഷെഡ്ഡുകളും മരങ്ങളുമൊക്കെ പറന്ന് റെയില്‍വേ ട്രാക്കുകളിലും മറ്റും വീണത് ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. പല ട്രെയിനുകളും റദ്ദാക്കുകയും ചിലവ വൈകിയോടുകയും ചെയ്തു. 


ഒട്ടേറെ സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. 20000-ത്തോളം വീടുകളിലാണ് വൈദ്യുതി നഷ്ടമായത്. കോണ്‍വാളില്‍ ശക്തമായ ഇടിമിന്നലേറ്റ് രണ്ട് വീടുകള്‍ക്ക് കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവര്‍ക്ക് അഗ്നിശമനസേനയും പാരമെഡിക്കല്‍ വിഭാഗവും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി. മേഖലയിലെ വൈദ്യുതിബന്ധവും ഇതേത്തുടര്‍ന്ന് നിശ്ചലമായി.


തേംസ് നദിക്ക് കുറുകെയുള്ള തേംസ് ബാരിയര്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചു. ലണ്ടന്‍ നഗരത്തെ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയാണിത്. 1982-ല്‍ പ്രവര്‍ത്തനം തുടങ്ങിയ തേംസ് ബാരിയര്‍ 187-ാം തവണയാണ് അടയ്ക്കുന്നത്. ശക്തമായ തിരമാലകളിലും കൊടുങ്കാറ്റുപോലുള്ള സന്ദര്‍ഭങ്ങളിലും തേംസ് കരകവിഞ്ഞ് ലണ്ടന്‍ നഗരം മുങ്ങാതിരിക്കാനുള്ള താല്‍ക്കാലിക ഗേറ്റാണ് തേംസ് ബാരിയര്‍. വെള്ളമിറങ്ങിയശേഷം ഇന്നുച്ചയോടെ ബാരിയര്‍ വീണ്ടും തുറക്കാനാകുമെന്നാണ് കരുതുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment