ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത്; ഇന്ത്യയിലേക്ക് നീങ്ങുന്നു




കോഴിക്കോട്: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 11 കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിലാണ് കാറ്റിന്‍റെ സഞ്ചാരപഥം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കന്യാകുമാരിയിൽ നിന്ന് ഏകദേശം 120 കി.മീ ദൂരത്തിലാണ് കാറ്റ്.


ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നത് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്.


അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്ബുകളുണ്ട്.


കാറ്റിന്‍റെ പശ്ചാത്തലത്തിൽ തെക്കൻ കേരളം- തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ് അലേർട്ട് നൽകി. ഇന്ന് അർധരാത്രിയോടെ കാറ്റ് തമിഴ്‌നാട് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഡിസംബർ നാലിന് കേരളത്തിൽ പ്രവേശിക്കുമ്പോൾ കാറ്റിന് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം. അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകിക്കഴിഞ്ഞു.


കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു. ഡിസംബർ മൂന്നിനും നാലിനും കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment