ഒരു ഭൗമ ദിനവും കൂടി കടന്നു പോയി -ഏപ്രിൽ 22
മരം നട്ടുപിടിപ്പിക്കുന്നവന്‍ തന്നെക്കൂടാതെ മറ്റുള്ളവരെ സ്‌നേഹിക്കുന്നു എന്നാണ് ഇംഗ്ലീഷ് ചരിത്രകാരൻ തോമസ് ഫുള്ളര്‍ ഓർമ്മിപ്പിച്ചത്.ഭൗമ ദിനത്തിൽ നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക എന്നതാണ്  2022 ലെ സന്ദേശം.കൂടാതെ അഞ്ച് പ്രാഥമിക പരിപാടികൾ കൂടി അവതരിപ്പിക്കുന്നു:
ഗ്രേറ്റ് ഗ്ലോബൽ ക്ലീനപ്പ്,
സുസ്ഥിര ഫാഷൻ,
കാലാവസ്ഥയും പരിസ്ഥിതി സാക്ഷരതയും, 
മേലാപ്പ് പദ്ധതി,ഭക്ഷണവും പരിസ്ഥിതിയും,ഗ്ലോബൽ എർത്ത് ചലഞ്ച് എന്നീ വഴികളെ പറ്റിയാണ് ഭൗമദിനം പറയുന്നത്.

നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക(Invest in our planet)എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭൗമിയെ വീണ്ടെടുക്കലാണ്.ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുകയാണ് ആധുനികർ.സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ഭൂമി നമ്മുടെ വീടാണെന്ന് മനപൂര്‍വം മറക്കുന്നു.ഈ ഗ്രഹത്തിന് വേണ്ടത് തിരികെ നല്‍കുകയെന്നതാണ് പ്രധാനം.കഴിഞ്ഞ വര്‍ഷം ഭൂമിയുടെ പുന: സ്ഥാപനം എന്ന സന്ദേശം നല്‍കി കൊണ്ടായിരുന്നു ദിനാചരണം.ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുകയെന്ന ഉദ്ദേശ ത്തോടെയാണ്  സന്ദേശം തിരഞ്ഞെടുത്തത്.

1970 ഏപ്രില്‍ 22 മുതലാണ് ലോക ഭൗമ ദിനം ആചരിച്ച് തുടങ്ങിയത്.അന്ന് അമേരിക്കയില്‍ ഏകദേശം 2 കോടി ആളുകളാണ് പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.സ്‌കൂളുകള്‍,കോളേജുകള്‍,വീടുകള്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും നിന്ന് ജനങ്ങള്‍ തെരുവിലി റങ്ങി.വരാനിരിക്കുന്ന നാളുകളില്‍ ഓര്‍ത്തിരിക്കേണ്ട പ്രക്ഷോഭമായി ഇത് ചരിത്രത്തിലിടം പിടിച്ചു.ഈ പ്രതിഷേധത്തി ന്റെ പ്രാധാന്യം അതിര്‍ത്തി കടന്നതോടെ ലോകം മുഴുവന്‍ ഭൗമ ദിനം ആചരിക്കാന്‍ നിര്‍ബന്ധിതരായി.ഇത്തരം മുൻ കരുതലുകളെ  അമേരിക്ക മുന്നോട്ടു പോകുവാൻ തയ്യാറായിരുന്നില്ല.1970 മുതൽ ഇന്നും കാലാവസ്ഥാ വ്യതിയാനം കുറച്ചു കൊണ്ടുവരുന്നതിൽ അമേരിക്കയുടെ(സമാന രാജ്യങ്ങളുടെ) ഇരട്ടതാപ്പ് തുടരുന്നു.

കേരളത്തിന്റെ കാലാവസ്ഥയും മാറിമറിയുകയാണ്. മഴക്കാലത്തിന്റെ സ്വഭാവം മാറി.വേനൽ ചൂട് അതിരൂക്ഷമായി വേനൽ മഴയും പുതിയ ഭാവത്തിലായി.മാർച്ച് 1 മുതൽ മെയ് 31 വരെ 135-150 mm മഴ ലഭിച്ചിരുന്നു.ആ മഴയിൽ അസ്വാഭാവിക വർധന ഉണ്ടാകുകയാണ്.ഈ  വർഷം മാർച്ചിലും ഏപ്രിലിലും കൂടുതൽ വേനൽമഴ ലഭിച്ചു വരുന്നു .സാധാരണ ഗതിയിൽ സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ 105.1മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. മാര്‍ച്ച് മാസത്തിലും സാധാരണയുടെ 45 % അധിക 1മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു.

കേരളത്തിന് ഇതുവരെ ലഭിച്ചത് 123% അധിക വേനല്‍ മഴ. സംസ്ഥാനത്തെ വേനല്‍ മഴ ഒന്നര മാസം പിന്നിടുമ്പോഴാണ് ഈ അധികക്കണക്ക്. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ മധ്യം വരെ 84.2 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 187.5 മി.മീ മഴ അധികം ലഭിച്ചു.123% അധിക വേനല്‍ മഴയെന്നത് സാധാരണയിലും ഉയര്‍ന്ന അളവാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

കാസര്‍ക്കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്.കുറവ് തിരുവനന്തപുരത്തും.കാസര്‍കോട് ഒന്നര മാസത്തിനിടെ 458% അധിക മഴ ലഭിച്ചു.31.1 മി.മീ  ലഭിക്കേണ്ടതിനു പകരം 173.7 മി.മീ മഴ.തിരുവനന്തപുരത്ത് 24% അധിക മഴ.106.1 മി.മീ മഴ ലഭിക്കേണ്ടതിനു പകരം 131.4 മി.മീ മഴ ലഭിച്ചു. ആലപ്പുഴ 114, കണ്ണൂര്‍ 141, എറണാകുളം 233, ഇടുക്കി 119, കൊല്ലം 66, കോട്ടയം 183, കോഴിക്കോട് 115, മലപ്പുറം 71, പാലക്കാട് 52, പത്തനംതിട്ട 185, തൃശൂര്‍ 25, വയനാട് 191 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അധിക മഴക്കണക്ക്.

കഴിഞ്ഞ ആഴ്ച തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തുണ്ടായിരുന്ന ചക്രവാതച്ചുഴി തെക്കന്‍ കേരളത്തില്‍ മൂന്നു ദിവസം കനത്ത മഴ നല്‍കിയിരുന്നു. ഈ സീസണില്‍ ലഭിക്കേണ്ടതിന്റെ മൂന്നിരട്ടി മഴയാണ് നല്‍കിയത്.തുടര്‍ന്ന് ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തിയതോടെ വീണ്ടും മഴ കൂടി. ഇപ്പോള്‍ ലക്ഷദ്വീപിനു സമീപം നിലകൊള്ളുകയാണ് ചക്രവാതച്ചുഴി.ലക്ഷദ്വീപിലും ഇത് കൂടുതല്‍ വേനല്‍ മഴക്ക് കാരണമായി.196% അധിക മഴയാണ് ലക്ഷദ്വീപില്‍ ഇതുവരെ ലഭിച്ചത്.

 ഭൂമിയുടെ നിലനിൽപ്പിന് വിഘാതമാകും വിധം പ്രകൃതിയുടെ ഘടനയെ വികസനത്തിന്റെ പേരിൽ മാറ്റി എഴുതുമ്പോൾ അതിന്റെ അല ഒലികൾ കേരളത്തിലും സംഭവിക്കുന്നു.2022 ലെ വേനൽ മഴയും അതിന്റെ സൂചന നൽകുകയായിരുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment