ഫ്രൈഡേ ഫോർ ഫ്യൂച്ചർ; നാളെ കേരളത്തിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി ഇറങ്ങണം




സെപ്റ്റംമ്പർ 27- ഫ്രൈഡേ ഫോർ ഫ്യൂച്ചർ - ആഗോള പ്രകൃതിസംരക്ഷണ സമരത്തിൽ പങ്കു ചേരുക. അതിസങ്കീർണ്ണമായ ഒരു അവസ്ഥയിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി ഒട്ടും വ്യത്യസ്ഥമല്ല എന്നു മാത്രമല്ല അതിരൂക്ഷവുമാണ്.


ആഗോളതലത്തിൽ കർബൺ എമിഷന്റെയും താപനത്തിന്റെയും അടിക്കടിയായുള്ള വർദ്ധന പ്രകൃതിയുടെ നിലനിൽപ്പിനു തന്നെ കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുന്നു. 2018 ജനുവരിയോടെ കാർബൺ എമിഷൻ 420 ഗിഗാടെണ്ണിന് താഴെക്ക് കൊണ്ടുവരുമെന്നുള്ള ലോക രാജ്യങ്ങളുടെ ഉച്ചകോടിയിലെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. അതിനാൽ ആഗോള താപനത്തിന്റെ വർധനതോത് 1.5°c ൽ നിലനിർത്താമെന്ന മോഹവും അസ്ഥാനത്തായി. എന്നാൽ വികസിത രാജ്യങ്ങൾ പ്രത്യേകിച്ച്‌ ട്രംമ്പ് ഭരിക്കുന്ന അമേരിക്ക ഇതിന്റെ പഴി വികസ്വര ,അവികസിത രാജ്യങ്ങളിൽ ചാരി തലയൂരുകയാണ്. ഈ ഗൗരവതരമായ പ്രശ്നങ്ങൾ മനസ്സിൽ തട്ടിയതോടെ ലോകമാകെ വലിയ പ്രതിഷേധങ്ങൾ രൂപം കൊണ്ടു.


നാളെ ഈ ഭൂമിയിൽ സുരക്ഷിതമായി ജീവിക്കാനാവില്ലെങ്കിൽ തങ്ങളെന്തിന് സ്കൂളിൽ പോകണമെന്നും പഠിക്കണമെന്നുമുള്ള ചോദ്യമുയർത്തി സ്വീഡനിൽ നിന്നും ഗ്രെറ്റ തുൻബർഗ് എന്ന 16 വയസ്സു മാത്രമുള്ള പെൺകുട്ടി നേതൃത്വം നൽകി 2018 ആഗസ്റ്റിൽ ആരംഭിച്ച സമരം കടലുകൾ കടന്ന് ലോകമാകെ ലക്ഷങ്ങളായ കുട്ടികളും മുതിർന്നവരും ഏറ്റെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ടിലും അമേരിക്കയിലും ജനീവയിലെ പരിസ്ഥിതി ഉച്ചകോടിയിലും ഗ്രെറ്റ എന്ന ഈ കൊച്ചു മിടുക്കിയുടെ നാളേക്കു വേണ്ടിയുള്ള ശബ്ദം ഉച്ചത്തിൽ മുഴങ്ങി. അത് ലോകമാകെ ഒഴുകിപ്പരക്കുകയാണ്.
ഈ സെപ്റ്റംമ്പർ 27 ന് വെള്ളിയാഴ്ച ഫ്രൈഡേ ഫോർ ഫ്യൂച്ചർ മുദ്രാവാക്യമുയർത്തി വിദ്യാലയങ്ങൾ വിട്ട് കുട്ടികൾ തെരുവിലിറങ്ങുകയാണ്.


കേരളത്തിലും അതിജീവനത്തിനായി പുതിയതും ശക്തവുമായ ഒരു സമരം ആസന്നമായിരിക്കുന്നു. മലകളും പുഴകളും വായുവും വെള്ളവും  സംരക്ഷിക്കാനും നാളേക്ക് വേണ്ടി കേരളത്തെ നിലനിർത്താനും അന്തിമമായി ഒരു കാർബൺ ന്യൂട്രൽ കേരളം എന്ന സ്വപനം യാഥാർത്ഥ്യമാവുന്നതിനുമുള്ള അന്തിമ സമരത്തിന് നാം ഒരുങ്ങേണ്ടിയിരിക്കുന്നു.


സെപ്റ്റംമ്പർ 27 നു ലോകമാകെ നടക്കുന്ന സമരത്തിനു് ഒപ്പം ചേരാൻ നമ്മുടെ വിദ്യാലയങ്ങളിലും ഈ സന്ദേശ മെത്തണം. ഇന്ന് തന്നെ നമ്മുടെ തൊട്ടടുത്ത 4, 5 സ്കൂളിലെങ്കിലും നേരിട്ട് ചെന്ന് അധികൃതരോട് സംസാരിക്കണം. 27 ന് ഒരു റാലി, പൊതുയോഗം, അസംബ്ലിയിൽ വിശദീകരണം, ക്ലാസ്, പോസ്റ്റർ, ചിത്ര പ്രദർശനം - ഇങ്ങിനെ സാധിക്കുന്ന എന്തുമാവാം.


കേരളത്തിന്റെ ശബ്ദവും ലോകത്തോട് ഒപ്പമാകട്ടെ.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment