ഉരുകിയൊലിച്ച് ഗ്രീൻലാൻഡും; കടലിലെ ജലനിരപ്പ് വൻതോതിൽ ഉയർന്നേക്കും 




ആർട്ടിക്കിനും അന്റാർട്ടിക്കിനും പിന്നാലെ ഉരുകിയൊലിച്ച് ഗ്രീൻലാൻഡും. ഭൂമിയിലെ ഏറ്റവും വലിയ രണ്ടാമത്തെ മഞ്ഞുനിറഞ്ഞ മേഖലയാണ് ഗ്രീന്‍ലാന്‍ഡ്. പക്ഷേ സമുദ്രത്തിലേക്ക് എല്ലാ വര്‍ഷവും ഏറ്റവുമധികം ജലമെത്തിക്കുന്നത് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളാണ്. നിലവിൽ ഏകദേശം 100 കോടി ടണ്‍ മഞ്ഞാണ് ഓരോ ദിവസവും ഗ്രീൻലാൻഡിൽ നിന്നും കടലിലെത്തുന്നത്. ഇത് സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമാകും. തൽഫലമായി വൻപ്രകൃതി ക്ഷോഭങ്ങൾ തന്നെ വരും നാളുകളിൽ ലോകം അഭിമുഖീകരിക്കേണ്ടി വരും.


മഞ്ഞുരുകി ഒലിക്കുന്നതു തുടര്‍ന്നാല്‍ സമുദ്രനിരപ്പില്‍ 7.5 മീറ്റര്‍ വരെ വർധനയുണ്ടായേക്കാമെന്നാണു ഗവേഷകരുടെ നിരീക്ഷണം. അതായത്, കടലിലെ ജലനിരപ്പ് 20 അടിയിൽ കൂടുതൽ ഉയർന്നേക്കാം. അതേസമയം, ഇത് ഗ്രീൻലാൻഡിലെ മഞ്ഞുരുകുന്നതിന്റെ മാത്രം കണക്കാണ്. മഞ്ഞുരുകുന്നത് ഗ്രീൻലാൻഡിൽ മാത്രമല്ല എന്ന വസ്തുതയും നാം തിരിച്ചറിയണം. ആർട്ടിക്കിലും അന്റാർട്ടികിലും തുടങ്ങി ഹിമാലയത്തിൽ ഉൾപ്പെടെ മഞ്ഞുരുകൽ രൂക്ഷമാണ്. ഭൂമിയെ മൊത്തം മുക്കിക്കളയാനുള്ള വെള്ളമാണ് ഈ മഞ്ഞുമലകളിൽ ഉള്ളത്.


അന്തരീക്ഷ താപം വർധിക്കുന്നതിനനുസരിച്ച് മഞ്ഞുരുകലിന്റെ
തോത് പലയിരട്ടി കൂടുതൽ വർധിച്ചിട്ടുണ്ട്. 70 മുതല്‍ 80 ലക്ഷം വരെ വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുരുക്കമാണ് ഗ്രീന്‍ലന്‍ഡില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ 40 വർഷമായി മഞ്ഞ് ഉരുകൽ നടക്കുന്നുണ്ടെങ്കിലും ഈ പത്ത് വർഷത്തിനിടെയാണ് മഞ്ഞ് പാളികൾ ഉരുകുയൊലിക്കുന്നത് അതിന്റെ എല്ലാ സീമകളും ലംഘിച്ചത്. ഏകദേശം 100 കോടി ടണ്‍ മഞ്ഞ്  ഓരോ ദിവസവും നിലവിൽ കടലിലേക്ക് ഒഴുകി പോകുന്നു എന്ന കണക്ക് തന്നെ അതിന്റെ ഭീകരത വിളിച്ചോതുന്നത്.


ആഗോള താപനം നിയന്ത്രണങ്ങൾക്കതീതമായി ദിനം പ്രതി വർധിച്ച് വരുന്നതിന്റെ ഫലമാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അന്തരീക്ഷത്തിലെ കാർബൺ അളവ് കുറയ്ക്കുന്നതിനായി ലോക രാഷ്ട്രങ്ങൾ ഒന്നായി സ്വീകരിക്കുന്ന, സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ള നടപടികൾ പോലും അപര്യാപ്‌തമായി വരും മഞ്ഞു പാളികളുടെ ഉരുകൽ തടയുന്നതിന് എന്നതാണ് നിലവിലെ സ്ഥിതി. അതേസമയം, ഇന്ത്യ ഉൾപ്പെടെ പല രാഷ്ട്രങ്ങളും കാർബൺ പുറന്തള്ളൽ കുറക്കുന്നതിനാവശ്യമായ കാര്യമായ നടപടികൾ എടുത്തിട്ടില്ല എന്നതും വരും നാളുകളിൽ കൂടുതൽ പ്രകൃതി ക്ഷോഭങ്ങൾ വിളിച്ച് വരുത്തുന്നതിന് കാരണമായേക്കും.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment