I Am Greta - ലോകത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാനുള്ള പാഠം




I Am Greta എന്ന ഒരു മണിക്കൂർ 42 മിനിട്ട് ഡോക്കുമെൻ്ററി ഗ്രീറ്റ തെൻബർഗിൻ്റെ പ്രവർത്തനങ്ങളെ അടുത്തറിയുവാൻ സഹായിക്കുന്നതാണ്. സ്വീഡിഷ്കാരൻ Nathan Grossman സംവിധാനം ചെയ്ത ചിത്രം 2020 ൽ Venice International Film Festival, Toronto International Film Festival ലുകളിൽ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. അൻപത്തൊന്നാമത് ഇന്ത്യൻ അന്തർ ദേശീയ സിനിമോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഗ്രീറ്റയുടെ പ്രവർത്തനങ്ങളെ അടുത്തറിയുവാൻ ഉപകരിക്കും.  


ന്യൂയോർക്ക് നഗരത്തിൽ നടന്ന ലോക പരിസ്ഥിതി സമ്മേളനത്തിൽ വിമാനം ഒഴിവാക്കി പായ് വഞ്ചിയിൽ യാത്ര തിരിക്കുന്ന ഗ്രീറ്റയുടെയും അച്ഛൻ്റെയും വഞ്ചി വിധക്തൻ്റെയും ദൃശ്യങ്ങളിലൂടെ തുടങ്ങുന്ന ഡോക്യുമെൻ്ററിയിൽ സ്വീഡിഷ് പാർലമെൻ്റിനു മുന്നിലെ സമരം മുതലുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 


ഫ്രഞ്ച് പ്രസിഡൻ്റ്, ഐക്യ രാഷ്ട്ര സഭ അധ്യക്ഷൻ മുതലായവരുമായ കൂടികാഴ്ച്ചകളും പാരിസ് സമ്മേള നത്തിൻ്റെ തുടർച്ചയായി നടന്ന മീറ്റിങ്ങുകളിലെ ഗ്രീറ്റയുടെ പ്രസംഗങ്ങളും ചിത്രത്തി ലുണ്ട്. ജർമ്മനിയിലെ ഖനനം തകർത്ത വന മേഖലയിൽ എത്തിയുള്ള പെൺ കുട്ടി യുടെ ഇടപെടൽ ഖനനം നിർത്തിവെക്കുവാൻ സർക്കാരിനെ നിർബന്ധിച്ചു. 2019 സെപ്റ്റംബർ, ഒക്ടോബർ മാസത്തിലായി സംഘടിപ്പിച്ച ലോക വ്യാപക പ്രതിഷേധ പരിപാടിയിൽ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടായതായി ചിത്രം വിവരിക്കുന്നു. പരിപാടികളിൽ കുട്ടികളുടെ വലിയ സാന്നിധ്യവും പിൻ തുണയുമായി മുതിർന്നവരും പരിസ്ഥിതി വിഷയത്തിൻ്റെ ഗൗരവം വർധിപ്പിച്ചു.


To stop climate change before it's too late എന്ന വരികൾ വിവിധ ഘട്ടങ്ങളിലായി ആവർത്തിക്കുന്ന കൗമാരക്കാരി തെൻ ബർഗ് നേതൃത്വം കൊടുക്കുന്ന Friday for Future സമരം100ലധികം നഗരങ്ങളിൽ നടന്നു വരുന്നു. അധികാരത്തിൽ തുടരുന്ന മുതിർന്നവർ കുട്ടികളുടെ ഭാവിയെ തകർക്കുകയാണ്. ഭാവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾ എന്തിനു പഠിക്കണം എന്ന ചോദ്യം പ്രസക്തം തന്നെ. പരിസ്ഥിതി രംഗത്തെ പറ്റി Friday for Future ഉയർത്തുന്ന ആകുലതകൾ പൂർണ്ണമായും ശരിയാണ്. 


അമേരിക്കൻ പ്രസിഡൻ്റും റഷ്യൻ പ്രസിഡൻ്റും ബ്രസീൽ ഭരണാധിപൻ ബൊൾസനാരൊയും പരിസ്ഥിതി സമരങ്ങളെ വിമർശിക്കുന്ന ഭാഗങ്ങൾ ഡോക്യുമെൻ്ററിയിൽ കാണാം. പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുവാൻ പരിസ്ഥിതി സമരങ്ങൾ തടസ്സമാണെന്ന വാദം പുട്ടിൻ ഉയർത്തുമ്പോൾ, അതേ സ്വരമാണ് കേരള മുഖ്യമന്ത്രിക്കും മറ്റ് ഇന്ത്യൻ സർക്കാരുകൾക്കും ഉള്ളത്. 


ഗ്രീറ്റ തെൻബർഗ് എന്ന 15 വയസ്സുകാരി ഉയർത്തുന്ന ആകുലതകളും വിമർശനവും പൂർണ്ണമായും ശരിയാണ്.എന്നാൽ ഈ വിഷയത്തിൻ്റെ പരിഹാരം രാഷ്ട്രീയമായി മാത്രമെ ആർജ്ജിക്കുവാൻ കഴിയൂ. പരിസ്ഥിതി വിഷയം വൈകാരിമായിരിക്കെ തന്നെ അതിനെ തിരുത്തണമെങ്കിൽ അതിൻ്റെ പിന്നിലെ യഥാർത്ഥ കാരണക്കാർ ആരാണെന്ന് ലോക ജനത തിരിച്ചറിയണം. അത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുപരി നിലപാടിൻ്റെ ഭാഗമാണ്. അതു കൊണ്ട് തന്നെ അത് പ്രധാനപ്പെട്ട രാഷ്ട്രീയ സമരമാകാതെ വിജയിക്കുകയില്ല. അതിനെ പറ്റി പ്രതിപാദിക്കുവാൻ Friday for Future തയ്യാറായിട്ടില്ല എന്നത് ഗ്രീറ്റ തെൻബർഗിൻ്റെ പ്രസംഗങ്ങളുടെ പരിമിതിയാണ്.


വിഷയങ്ങൾ കണ്ടെത്തി, ജനങ്ങളിൽ അവയെ എത്തിക്കുവാൻ മുദ്രാവാക്യങ്ങൾക്ക് കഴിയും. അതിനുമപ്പുറം മുദ്രാവാക്യങ്ങൾ സമര രൂപമായി മാറുകയും യഥാർത്ഥ കാരണക്കാരെ തിരിച്ചറിഞ്ഞ്, അവർ സംരക്ഷിച്ചു വരുന്ന സംവിധാനങ്ങളെ നിഷ്പ്രഭമാക്കണം. ബദലുകൾ പരീക്ഷിക്കണം. ഇതിനൊക്കെയായി പ്രായ ഭേദമെന്യേ ജനങ്ങളുടെ പിൻതുണ നേടണം.


ലോകത്തു ജീവിച്ചിരുന്നവരും മുതിർന്നവരുമായ എല്ലാപേരും പ്രകൃതി വിഭവങ്ങളെ കൊള്ളയടിച്ചവരാണ് എന്ന വാദം യുക്തി രഹിതമാണ്. 6% മാത്രം വരുന്ന ലോകത്തെ ആദിമവാസികൾ ജൈവ വൈവിധ്യങ്ങളുടെ 80%വും സംരക്ഷിക്കുന്നു. അവരുടെ വാസ സ്ഥലങ്ങൾ ഉൾപ്പെടുന്ന കാടുകൾ 25% കാർബൺ ഘടകങ്ങളെ വലിച്ചെടുക്കുന്നു. അവരുടെ അറിവുകൾ (Traditional Ecological Knowledge) പ്രകൃതി സംരക്ഷണത്തിന് ഗുണം ചെയ്യുന്നു. ലോകത്തെ ഏറ്റവുമധികം ഡൽറ്റകൾ ഉണ്ടായിരുന്ന ബംഗ്ലാദേശുകാർക്ക്, പരിസ്ഥിതിയെ അട്ടിമറിക്കുവാൻ തക്ക ചരിത്രമുള്ളവരല്ല. എന്നാൽ അവർക്ക് വലിയ തോതിലുള്ള കടൽ കയറ്റത്താൽ നാടുവിടേണ്ടി വരുന്നു. ഹെയ്ത്തിയിലെ പ്രകൃതി ദുരന്തങ്ങൾക്കും നൈഗറിലെ പെട്രൂളിയം ഖനനത്തിലും ആ നാട്ടുകാർക്ക് ഒരു പങ്കുമില്ല.ശരാശരി ഏഷ്യക്കാരുടെ ജീവിത നിലവാരം ഭൂമിക്ക് ഭീഷണിയായി മാറിയിട്ടില്ല. എണ്ണ സമ്പന്ന രാജ്യങ്ങൾ, ജപ്പാൻ മുതൽ യൂറോപ്പിലെയും അമേരിക്കയിലെയും ശരാശരി മനുഷ്യരുടെ ജീവിതം ഭൂമിയെ നോവിക്കുകയാണ്. 


പരിസ്ഥിതി നാശത്തിൻ്റെ അടിസ്ഥാന കാരണം ലോക മുതലാളിത്തം(സമാന മാതൃക പിൻതുടർന്ന സോഷ്യലിസ്റ്റ് മുതലായ രാജ്യങ്ങൾ) മുന്നാേട്ടു വെക്കുന്ന ലാഭാധിഷ്ടിത വ്യവസ്ഥിതിയാണ്. വിഭവങ്ങളെ അത്യാവശ്യത്തിനും ആവശ്യത്തിനും ഉപയോഗിക്കുന്നതിനു പകരം, ഉൽപ്പാദനത്തിലെ വിപ്ലവം ലാഭം വർധിപ്പിക്കും എന്നതിനാൽ അമിത ഉൽപ്പാദനവും ആവശ്യങ്ങളെ തന്നെ കൃത്രിമമായി ഉണ്ടാക്കുന്ന മാനസിക യുദ്ധവും നടത്തുന്ന മുതലാളിത്ത വികസന ക്രമങ്ങൾ അവസാനിപ്പിക്കുവാൻ സർക്കാരുകളെ നിർബന്ധിതമാക്കണം. യൂറോപ്പിലെ മുഴുവൻ മനുഷ്യരുടെയും ജീവിത നിലവാരം കുറച്ച്, ഏഷ്യൻ / ആഫ്രിക്കൻ രാജ്യങ്ങളിലെ 80% ആളുകളുടെയും ജീവിയ്ക്കുവാനുള്ള അവസരം വർധിപ്പിക്കണം. അതിന് കഴിയുന്ന രാഷ്ട്രീയ സമരങ്ങളിലെക്ക് Friday for Future വളരേണ്ടതുണ്ട്. അതിനായി സാങ്കേതിക വിദ്യയുടെ കണ്ടെത്തലുകൾക്ക് പ്രധമ പരിഗണന നർകണം.


അമേരിക്കയുടെ മുൻ വൈസ് പ്രസിഡൻ്റ് അൽ ഗോർ പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന, നാേബൽ സമ്മാന ജേതാവു കൂടിയാണ്. അദ്ദേഹം നിർമ്മിച്ച Inconvenient Truth (2006) ലക്ഷക്കണക്കിന് ആളുകൾ കണ്ട ഡോക്യുമെൻ്ററിയും. അദ്ദേഹം എഴുതിയ Earth in the Balance ഏറെ വിറ്റുപോയ പരിസ്ഥിതി പുസ്തകവുമായിരുന്നു. അദ്ദേഹം അധികാരത്തിൽ ഇരുന്ന (93 to 2001) കാലത്ത് തൻ്റെ ആശയങ്ങളെ സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ  എത്ര മാത്രം ശ്രമിച്ചു എന്നതിനെ പറ്റി വിമർശനങ്ങൾ ഉയർത്തിയിരുന്നു. സ്വന്തമായി കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന അൽ ഗോർ പ്രസംഗത്തിനായി വൻ തുക വാങ്ങു ന്നതിൽ തെറ്റു കാണുന്നില്ല. അദ്ദേഹവുമായി നോബൽ സമ്മാനം പങ്കു വെച്ച ശ്രീ പച്ചോരി പരിസ്ഥിതി രംഗത്തു പ്രവർത്തിച്ച ഇന്ത്യൻ വംശജനാണ്. 


പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ, 8 വർഷം അമേരിക്കയുടെ രണ്ടാമത്തെ പ്രധാന വ്യക്തിയായിരുന്ന അൽഗോർ ഉയർത്തുന്ന ഭൗമ താപന വിഷയം വസ്തുതയാണ്. എന്നാൽ പരിസ്ഥിതിയെ  രാഷ്ട്രീയ വിഷയമായി മാറ്റുന്നതിൽ വിമുഖത കാട്ടുന്നു. ലോക മുതലാളിത്തത്തിൻ്റെ ഭാഗമായ നശീകരണമായി തിരിച്ചറിയുവാൻ തയ്യാറല്ല എന്നതിനാൽ പരീക്ഷണങ്ങൾ ലക്ഷ്യത്തിലെത്തുന്നില്ല.


ഗാന്ധിജി തൻ്റെ പ്രകൃതിയോടുള്ള നിലപാട് പൂർണ്ണ സ്വരാജ്, സ്വയം പര്യാപ്ത ഗ്രാമങ്ങൾ മുതലായ വിഷയങ്ങളിൽ വ്യക്തമാക്കുകയും അതിന് രാഷ്ട്രീയ മുഖങ്ങൾ നൽകുകയും ചെയ്തു. എല്ലാ മനുഷ്യർക്കും ജീവിക്കുവാൻ ആവശ്യമായ വിഭവങ്ങൾ ഭൂമിയിൽ ഉണ്ട്. ഒരാളുടെയും ദുരാഗ്രഹത്തെ ശമിപ്പിക്കുവാൻ അതിന് കഴിയില്ല എന്ന ഗാന്ധിയൻ വചനങ്ങളെ പ്രയോഗവൽക്കരിക്കുവാനുള്ള ബദലുകളെ പറ്റിയും ഗാന്ധിജി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. ഇവിടെക്കാണ്  Friday for Future എന്ന യുവജനങ്ങളുടെ ഗ്രൂപ്പ് എത്തിച്ചേരേണ്ടത്. അത് മുദ്രാവാക്യങ്ങൾക്കൊപ്പം സാമ്പത്തിക ലാഭക്കൊതിക്കെതിരായ ജനാധിപത്യ യുദ്ധമാകണം. തെറ്റായ വികസന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, വിഭവങ്ങൾ ആവശ്യത്തിനു മാത്രം.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുവാൻ അവസരം. 


ഭൂമിയുടെ ജൈവപരമായ ശേഷിക്കുള്ളിൽ മാത്രം (Bio Capacity) വിഭവങ്ങൾ ഉപയോഗിക്കുക. പ്രകൃതി വിഭവങ്ങൾ ഭാവി തലമുറക്കു കൈമാറുവാൻ ബാധ്യതപെട്ട നമ്മളെ ഉത്തരവാദിത്ത ബോധമുള്ളവരാക്കുവാൻ സർക്കാരുകൾക്ക് കഴിയണം. Asperger syndrome (AS) എന്ന രോഗ ബാധയുള്ള 18 വയസ്സുകാരിയുടെ നേതൃത്വത്തിൽ നടക്കുന്ന സാർവ്വ ദേശീയ സമരങ്ങൾ ലക്ഷ്യത്തിലെത്താതെ ഈ ലോകത്തിനു ഭാവിയില്ല എന്നതാണ് ഇന്നത്തെ വസ്തുത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment