ആവാസ വ്യവസ്ഥയിൽ വലിയ പരിവർത്തനം സംഭവിക്കുന്നതായി ഗവേഷകർ




ഈ നൂറ്റാണ്ടിൽ തന്നെ ഭൂമിയിലെ ആവാസ വ്യവസ്ഥകളിൽ വലിയ മാറ്റമുണ്ടാകുമെന്ന് അന്താരാഷ്ട്ര ഗവേഷകർ. കഴിഞ്ഞ ദിവസം സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച സമഗ്രമായ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വനങ്ങൾ, മരുഭൂമികൾ, മറ്റു സുപ്രധാന ആവാസ വ്യവസ്ഥകൾ എന്നിവയെല്ലാം കനത്ത നാശം നേരിടുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഈ മാറ്റം നടന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോൾ പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കാട്ടുതീ പൈൻ വനഭൂമിയെ പുൽമേടുകളാക്കി മാറ്റി തീർക്കുകയാണ്. അടുത്ത ഒരു നൂറ്റാണ്ടിനിടെ ഈ മാറ്റം ഭൂമിയിലാകെ ബാധിക്കുകയും ഇപ്പോൾ ഉള്ള സകല ആവാസ വ്യവസ്ഥകൾക്കും രൂപമാറ്റം സംഭവിക്കുകയും ചെയ്യും എന്നാണ് ഗവേഷണഫലം. 

 

കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിക്കാതെ തുടർന്നാൽ ഭൂമിയുടെ ഹരിത ആവരണം ഇന്ന് കാണുന്നതിൽ നിന്ന് പൂർണ്ണമായും മറ്റൊന്നായി മാറിത്തീരുകയും, ജൈവവൈവിധ്യം കനത്ത വെല്ലുവിളി നേരിടുകയും ചെയ്യും. ഗവേഷകനും മിഷിഗൺ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റ് ആൻഡ് സസ്‌റ്റൈനബിലിറ്റി ഡീനുമായ ജോനാഥൻ ഒവേർപെക്ക് പറയുന്നു. ഇന്ന് വരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ലോകത്തിലെ 594 സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ച ഫോസിൽ തെളിവുകളുടെയും താപനില സംബന്ധിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ പഠനം 21000 വർഷങ്ങൾക്ക് മുൻപ് മുതലുള്ള വിവരങ്ങളാണ് വിശകലനം ചെയ്തത്. പതിനായിരം മുതൽ ഇരുപതിനായിരം വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ ഒന്നോ രണ്ടോ നൂറ്റാണ്ടിനിടയിൽ സംഭവിക്കുന്നതിനെ കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നതെന്ന് അമേരിക്കൻ ജിയോളജി സർവ്വേയുടെ സൗത്ത് വെസ്റ്റ് ക്ലൈമറ്റ് അഡാപ്റ്റേഷൻ സെന്റർ ഡയറക്ടറായ സ്റ്റീഫൻ ജാക്സൺ പറയുന്നു. 

 


ആഗോളതാപനത്തെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാതെയിരുന്നാൽ ആവാസവ്യവസ്ഥകൾ തകർന്ന് പോകുന്നതിനുള്ള സാധ്യത 60 ശതമാനം അധികമായിരിക്കുമെന്ന് ഗവേഷകർ കണക്ക് കൂട്ടുന്നു. 2015 ലെ പാരീസ് ഉടമ്പടി അനുസരിച്ച് ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിച്ചാൽ ഇത് 45 ശതമാനത്തിലേക്ക് കുറക്കാനാകുമെന്നും അവർ പറയുന്നു. ഭൂമിയുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ വനഭൂമിയെ മാത്രമല്ല, കുടിവെള്ളം, നദികളുടെ ഒഴുക്ക്, ജല ചംക്രമണം എന്നിവയെയും സാരമായി ബാധിക്കും. വനങ്ങളുടെ നാശം കാർബൺ അളവ് വീണ്ടും കൂട്ടുന്നതോടെ ആഗോള താപനത്തിന്റെ വേഗതയും വർദ്ധിക്കും. വനങ്ങൾ സംഭരിക്കുന്ന കാർബൺ കൂടി അന്തരീക്ഷത്തിലേക്ക് പടരുന്നതോടെ ആഗോളതാപനത്തിന്റെ രൂക്ഷത പിന്നെയും കൂടുമെന്ന് ജോനാഥൻ ഒവേർപെക്ക് പറയുന്നു. കാട്ടുതീ, ഹീറ്റ് വേവ് തുടങ്ങി അതിഗുരുതരമായ  പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് കഴിഞ്ഞ നാളുകളിൽ അമേരിക്കയും യൂറോപ്പും നേരിടുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഗവേഷണഫലം ഏറെ നിർണ്ണായകമാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment