തൂത്തുക്കുടിയിൽ കൊല്ലപ്പെട്ടവർക്ക് നീതി വേണം ; വേദാന്തയ്ക്കെതിരെ ലണ്ടനിൽ പ്രതിഷേധം




ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻ വേദാന്തയ്ക്കെതിരെ ലണ്ടനിൽ പ്രതിഷേധം. ലണ്ടനിൽ വേദാന്തയുടെ വാർഷിക യോഗം നടക്കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ലണ്ടനിലെ ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ. വേദാന്തയുടെ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് വെടിവെച്ച് കൊന്നതൂത്തുക്കുടിയിലെ 13 പേർക്ക് നീതി ആവശ്യപ്പെട്ടാണ് സമരം. ഫോയിൽ വേദാന്ത എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വേദാന്ത ചെയർമാൻ അനിൽ അഗർവാളിന്റെ കീഴിൽ കമ്പനി നടത്തിയിട്ടുള്ള മനുഷ്യാവകാശ, പാരിസ്ഥിതിക കുറ്റകൃത്യങ്ങളും, സാമ്പത്തിക ക്രമക്കേടുകളും അക്കമിട്ട് നിരത്തുന്ന ഒരു റിപ്പോർട്ടും സംഘടന തയ്യാറാക്കിയിട്ടുണ്ട്. 

 

വേദാന്ത കമ്പനിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഒക്ടോബർ ഒന്നോടെ ഡീലിസ്റ്റ് ചെയ്യും. അതിന് മുൻപായി കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാവാതിരുന്ന ലണ്ടൻ കോർപ്പറേഷനെയും, ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയേയും സംഘടന കുറ്റപ്പെടുത്തുന്നു.കമ്പനിയെ  പബ്ലിക് ഓഡിറ്റിംഗിൽ നിന്ന് രക്ഷിക്കാനുള്ള നീക്കമാണ്  ഡീലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. ലോകവ്യാപകമായി വേദാന്തയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിന് തൊട്ടു പിന്നാലെയാണ് ഡീലിസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നതെന്നും സംഘടന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

 

വേദാന്തയെയും, അനിൽ അഗർവാളിനെയും യു.കെയിൽ നിന്ന് വെറുതെ രക്ഷപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. കമ്പനി നടത്തിയ വ്യാപകമായ പരിസ്ഥിതി മനുഷ്യാവകാശ കുറ്റകൃത്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. ഫോയിൽ വേദാന്തയുടെ പ്രവർത്തകൻ സമരേന്ദ്രദാസ് പറയുന്നു. വേദാന്താസ് ബില്യൺസ് എന്ന പേരിൽ ഫോയിൽ വേദാന്ത പുറത്തിറക്കുന്ന റിപ്പോർട്ടിന്റെ പിന്നിലെ പ്രധാന എഴുത്തുകാരനാണ് സമരേന്ദ്ര ദാസ്. തിങ്കളാഴ്ച നടത്തുന്ന പ്രതിഷേധങ്ങൾക്ക് ശേഷം റിപ്പോർട്ട് ഫിനാഷ്യൽ കണ്ടക്ട് അതോറിറ്റിക്ക് സമർപ്പിക്കും. വേദാന്തയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടും. 

 

വേദാന്തയ്ക്കെതിരെ ഇത് വരെ ഉണ്ടായിട്ടുള്ള വിധികളുടെയും, ആരോപണങ്ങളുടെയും വിവരങ്ങൾ റിപ്പോർട്ടിൽ സമഗ്രമായി ചേർത്തിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനശൈലി കുറ്റകരമാണെന്നും, ഗോവയിലെ അനധികൃത ഖനനം, സാംബിയയിലെ മലിനീകരണവും നികുതി വെട്ടിപ്പും, തൂത്തുക്കുടിയിലെ മലിനീകരണവും വെടിവെപ്പും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും എം.പിമാർക്കും സർക്കാരിനും റിപ്പോർട്ടിലെ കണ്ടെത്തലുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുമെന്നും ബ്രിട്ടീഷ് എം.പി ഹൈവെൽ വില്യംസ് പറയുന്നു. ലണ്ടനിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ വിദേശരാജ്യങ്ങളിൽ നടത്തുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു കാട്ടുന്ന ഒരു റിപ്പോർട്ടാണിതെന്നും വില്യംസ് പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment