മരുഭൂമിയിൽ മഴ പെയ്യും, വനങ്ങളും സൃഷ്ടിക്കാം - പരീക്ഷണവുമായി ശാസ്ത്രജ്ഞർ




മരുഭൂമിയിൽ കൂടുതൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ആഗോള താപനത്തെ തടുക്കാനാകുമെന്ന ശുഭ ചിന്ത പങ്ക് വെച്ച് ശാസ്ത്രജ്ഞർ. മണല്‍ നിറഞ്ഞ മരുഭൂമിയിലെ കാലാവസ്ഥ തന്നെ മാറ്റി മറിക്കാന്‍ മരങ്ങള്‍ നടുന്നതിലൂടെ സാധിക്കുമെന്നാണ് ജര്‍മനിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രാഞ്ച്, വുള്‍ഫ് മേയര്‍ എന്നീ ഗവേഷകരാണ് മരുഭൂമിയിലെ വനമേഖലുയുടെയും ഇതുവഴി മഴ പെയ്യിക്കുന്നതിന്‍റേയും സാധ്യതകള്‍ പരിശോധിക്കാന്‍ പ്രായോഗിക പരീക്ഷണം നടത്തിയത്. ഇസ്രയേലിലേയും ഒമാനിലേയും മരുഭൂമികളാണ് പരീക്ഷണത്തിനായി ഇവർ തെരഞ്ഞെടുത്തത്.


കൃഷിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇപ്പോഴും തുടരുന്ന വനനശീകരണം അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറക്കുകയും കാർബൺ ഡയോക്‌സൈഡിന്റെ അളവ് കൂട്ടുകയും ചെയ്‌തിട്ടുണ്ട്‌. ഇതുകുറക്കുക കൂടി ലക്ഷ്യമിട്ടാണ് കൂടുതൽ മരങ്ങളും വനങ്ങളും വെച്ച് പിടിപ്പിക്കാനുള്ള വഴികൾ തേടിയത്. അതേസമയം, സ്ഥല പരിമിതി കൂടുതൽ വനങ്ങൾ വെച്ച് പിടിപ്പിക്കുന്നതിന് തടസമാണ്. ഇത് മറികടക്കാനാണ് മരുഭൂമിയിലെ  വനം എന്ന ആശയം കൊണ്ട് വരുന്നത്.


മരുഭൂമിയിലെ വനം എന്ന ഈ പരീക്ഷണത്തിന് ഏറ്റവും വലിയ വെല്ലുവിളി വെള്ളത്തിന്‍റെ ലഭ്യത തന്നെയാണ്. നഗരങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലിനജലമാണ് ഒരു സ്രോതസ്സായി ഗവേഷകര്‍ കണക്കാക്കുന്നത്. പക്ഷേ ഇത് എല്ലായിടത്തും പ്രായോഗികമല്ല. ഭൂഗര്‍ഭജലത്തെ കുറച്ചു കാലത്തേക്ക് ആശ്രയിക്കാമെങ്കിലും വളരെ താല്‍ക്കാലികമായിട്ടു ള്ള സ്രോതസ്സ് മാത്രമായിരിക്കും അത്. ഇവിടെയാണ് മരങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഇതുവഴി മഴ പെയ്യിക്കാനും ശ്രമങ്ങൾ നടക്കുന്നത്. 


വനനശീകരണം എങ്ങനെ ഒരു പ്രദേശത്തെ മഴയുടെ ലഭ്യത കുറയ്ക്കുന്നുവോ അതുപോലെ തന്നെ മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് മഴ വർധിക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇത് ശരിവെക്കുന്നതാണ് മഴയുടെ ലഭ്യതയുടെ കണക്കുകൾ പറയുന്നതും. തുടക്കത്തിൽ മറ്റു വഴിയിലൂടെ ജലമെത്തിച്ച് വനം സൃഷ്ടിക്കുകയും പിന്നീട് അവയുടെ തന്നെ ഫലമായി മഴ പെയ്യിച്ച് അതുവഴി വെള്ളം കണ്ടെത്താമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.


അനവധി മരങ്ങള്‍ നിറഞ്ഞ തോട്ടങ്ങൾ മരുഭൂമികളിലെ കാറ്റിന്‍റെ ഗതിയെ തന്നെ മാറ്റാന്‍ സഹായിക്കുമെന്നും താപനിലയിൽ വ്യത്യാസം കൊണ്ടുവരുമെന്നും ഇതിലൂടെ കൂടുതല്‍ മഴയെത്തിക്കാന്‍ കഴിയുമെന്നുമാണ് ഹോഷന്‍ഹെയ് സര്‍വകലാശാലയില്‍ നടന്ന പഠനങ്ങൾ പറയുന്നത്. ജോജോബാ വൃക്ഷങ്ങളുടെ വലിയ തോട്ടങ്ങളുള്ളതിനാലാണ് പരീക്ഷണം ഒമാനിലും ഇസ്രായേലിലും വെച്ച് നടത്തിയത്. സാധാരണ വനങ്ങൾ പോലെയോ വൃക്ഷ്യനാഗൽ പോലെയോ കൂറ്റന്‍ വലുപ്പമുള്ള വൃക്ഷങ്ങളല്ല ജോജോബാ വൃക്ഷങ്ങള്‍. പക്ഷേ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാനുള്ള ഇവയുടെ ശേഷി വളരെ കൂടുതലാണ്.  വലുപ്പം കുറവായതിനാല്‍ തന്നെ ഇവയ്ക്ക് അധികം ജലം ആവശ്യമില്ല. ഇക്കാരണം കൊണ്ടുതന്നെ വരണ്ട ചൂടുള്ള മേഖലയ്ക്ക് അനുയോജ്യമാണ് ഈ വൃക്ഷങ്ങള്‍. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment