പാം ഓയില്‍ ഇറക്കുമതി നിരോധിച്ച് ശ്രീലങ്ക; പരിസ്ഥിതി സൗഹൃദ വിളകൾ കൃഷി ചെയ്യാൻ നിർദേശം





കൊളംബോ: രാജ്യത്തേക്കുള്ള പാം ഓയില്‍ ഇറക്കുമതി ശ്രീലങ്ക അടിയന്തരമായി നിരോധിച്ചു. പാം ഓയില്‍ കൃഷി കുറക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രാദേശിക പ്ലാന്റേഷന്‍ കമ്പനികള്‍ അവരുടെ 10 ശതമാനം എണ്ണപ്പനകള്‍ നശിപ്പിച്ച്‌ പകരം റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ ആഭ്യന്തര വെളിച്ചെണ്ണ വ്യവസായത്തിന് ഗുണം ചെയ്യുന്നതാണ് സര്‍ക്കാര്‍ തീരുമാനം.


വിദേശത്തുനിന്നുള്ള പാം ഓയില്‍ ഇറക്കുമതിക്കൊപ്പം രാജ്യത്തെ ആഭ്യന്തര പാം ഓയില്‍ ഉത്പാദനവും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം കസ്റ്റംസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും ഇനിമുതല്‍ രാജ്യത്തേക്ക് വരുന്ന പാം ഓയില്‍ ചരക്കുകള്‍ക്ക് കസ്റ്റംസ് അനുമതി നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു


രാജ്യത്തെ പാം ഓയില്‍ കൃഷി ക്രമേണ നിരോധിക്കാന്‍ ആറ് മാസങ്ങള്‍ക്ക് മുമ്ബുതന്നെ പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നു. എണ്ണപ്പനകള്‍ കൃഷി ചെയ്യുന്ന കമ്ബനികള്‍ വര്‍ഷംതോറും ഘട്ടംഘട്ടമായി 10 ശതമാനം മരങ്ങള്‍ നശിപ്പിച്ച്‌ റബ്ബറോ മറ്റു പരിസ്ഥിതി സൗഹൃദ വിളകളോ കൃഷി ചെയ്യണം. പാം ഓയില്‍ പ്ലാന്റേഷനുകളില്‍ നിന്നും പാം ഓയില്‍ ഉപഭോഗത്തില്‍ നിന്നും ശ്രീലങ്കയെ മുക്തമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment