വിയറ്റ്നാം : സ്റ്റീൽ കമ്പനിയുടെ മലിനീകരണത്തിനെതിരെ പ്രവർത്തിച്ചു ; പരിസ്ഥിതി പ്രവർത്തകന് 20 വർഷം തടവ്




സ്റ്റീൽ കമ്പനി ഉണ്ടാക്കിയ ദുരന്തത്തിനെതിരെ സമരം ചെയ്ത വിയറ്റ്നാം ബ്ലോഗ്ഗർ  ലീ ദിൻ ലുവോങിന് 20 വർഷം കഠിന തടവ്.  ഈ വിധിക്കെതിരെ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നു . വിയറ്റ്നാമുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ധാക്കണമെന്ന് റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സ് എന്ന സംഘടന ആവശ്യപ്പെട്ടു.ജനങ്ങൾക്ക് വിവരങ്ങൾ നല്കാൻ  ശ്രമിച്ചതിന്റെ പേരിൽ ഒരു വിയറ്റ്നാം പൗരന് ലഭിച്ച ഏറ്റവും വലിയ ശിക്ഷയാണ് ഇതെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു. വിചാരണ നീതിയുക്തമായിരുന്നില്ലെന്നും പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്. വിയറ്റ്നാമിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിൽ എഴുതുന്നയാളായിരുന്നു ലീ ദിൻ ലുവോങ്. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് ലീയുടെ മുകളിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. 

 


2016 ൽ ഫോർമോസ എന്ന  തായ്‌വാനീസ് കമ്പനിയുടെ സ്റ്റീൽ പ്ലാന്റ് പൊട്ടിത്തെറിച്ച് വിയറ്റ്നാം തീരത്തെ മത്സ്യസമ്പത്ത് വലിയ തോതിൽ നശിച്ചിരുന്നു. വിയറ്റ്നാം തീരത്തെ 200 കിലോമീറ്ററോളം പ്രദേശത്ത് 70 ടണ്ണോളം മത്സ്യങ്ങളാണ് ചത്തടിഞ്ഞത്. വിയറ്റ്നാമിലെ നാല് പ്രവിശ്യകളിലെ മൽസ്യബന്ധനത്തെയും വിനോദസഞ്ചാരത്തെയും ഈ അപകടം ബാധിക്കുമെന്ന് വിയറ്റ്നാം ഗവണ്മെന്റ് വ്യക്തമാക്കിയിരുന്നു. വിയറ്റ്നാമിൽ വ്യാപക പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കാനും 500 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും തയ്യാറായത്. ഈ ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം നല്കിയതിനാണ് ലീ അടക്കം 40 പേരെ അറസ്റ്റ് ചെയ്തത്. 

 

ലീയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ സർക്കാരിന് എതിരാണെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിയറ്റ്നാം അടുത്തിടെ പാസാക്കിയ പുതിയ സൈബർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ നിയമം ഫെയ്‌സ്ബുക്ക് അടക്കമുള്ളവ ഗവണ്മെന്റിനെ സംബന്ധിക്കുന്ന പോസ്റ്റുകൾ സെൻസർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണെന്നും റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് പറയുന്നു. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ 180 ൽ 175 മതാണ് വിയറ്റ്നാം. വിയറ്റ്നാമിലെ പരമ്പരാഗത മാധ്യമങ്ങൾ സർക്കാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുമ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയുള്ള സിറ്റിസൺ ജേണലിസമാണ് ഇവിടുത്തെ കാര്യങ്ങൾ പുറംലോകത്ത് എത്തിച്ചിരുന്നത്. ഇതിന് തടയിടാനാണ് പുതിയ നിയമം നിർമ്മിച്ചിരിക്കുന്നത്. 

 


വിയറ്റ്നാം ഭരണകൂടം ജയിലിലടച്ച പരിസ്ഥിതി പ്രവർത്തകനെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരത്തിന് വേണ്ടി സമരം ചെയ്തതിനാണ് ലീ ദിൻ ലുവോങ്  എന്ന മനുഷ്യാവകാശ പരിസ്ഥിതി പ്രവത്തകനെ വിയറ്റ്നാം ജയിലിൽ അടച്ചത്. നിയമസഹായം പോലും നിഷേധിച്ചിരിക്കുന്ന ഇദ്ദേഹത്തിന് നീതിപൂർവ്വമായ വിചാരണ ലഭിക്കുമെന്ന് കരുതുന്നില്ലെന്നും  ആംനെസ്റ്റി വക്താവ് ക്ലയർ അൽഗാർ പറഞ്ഞു. സമരത്തിൽ പങ്കെടുത്ത നിരവധി പേരാണ് രാജ്യം വിട്ട് പലായനം ചെയ്തത്. മനുഷ്യാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വില നൽകുന്നില്ലെന്ന് വിയറ്റ്നാം ഭരണകൂടത്തിനെതിരെ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment