മെഡിറ്ററേനിയൻ ഒരു പ്ലാസ്റ്റിക്ക് കടലാവും ; ഡബ്ള്യു ഡബ്ള്യു എഫ് റിപ്പോർട്ട്




മെഡിറ്ററേനിയൻ സമുദ്രം ഒരു പ്ലാസ്റ്റിക്ക് കടലായി മാറുമെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് മുന്നറിയിപ്പ്. ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. 5 മില്ലിമീറ്ററിൽ താഴെ മാത്രം  വലുപ്പമുള്ള മൈക്രോ പ്ലാസ്റ്റിക്കുകളുടെ കൂമ്പാരമാണ് മെഡിറ്ററേനിയൻ കടലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സമുദ്രങ്ങളെ അപേക്ഷിച്ച് മെഡിറ്ററേനിയൻ കടലിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് നാല് മടങ്ങാണെന്നും ഇത് ഭക്ഷണ ശ്രിംഖലയിൽ കടന്നു കൂടുന്നത് അതീവ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും "Out of the Plastic Trap: Saving the Mediterranean from Plastic Pollution." എന്ന റിപ്പോർട്ടിൽ പറയുന്നു. 

 

മൊത്തം യൂറോപ്പിൽ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്. മെഡിറ്ററേനിയൻ കടലിൽ ഒഴുകുന്ന മാലിന്യങ്ങളിൽ 95 ശതമാനവും പ്ലാസ്റ്റിക്കാണ്.  പ്ലാസ്റ്റിക്ക് മാലിന്യം മെഡിറ്ററേനിയനിലേക്ക് വിടുന്നതിൽ തുർക്കിയും സ്പെയിനുമാണ്  മുന്നിൽ നിൽക്കുന്നത്. ഇറ്റലി, ഈജിപ്റ്റ്, ഫ്രാൻസ് എന്നിവയും ഇക്കാര്യത്തിൽ പിന്നിലല്ല. 

 

പ്ലാസ്റ്റിക്ക് മാലിന്യം കടലിലേക്ക് ഒഴുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാകണമെന്നും, മെഡിറ്ററേനിയൻ തീരത്തുള്ള രാജ്യങ്ങൾ പുനഃചംക്രമണം വർധിപ്പിക്കുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിരോധിക്കുക, ഡിറ്റർജെന്റുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. പ്ലാസ്റ്റിക് നിർമ്മാതാക്കൾ തന്നെ പുനഃചംക്രമണം നടത്താനാവുന്ന ഉൽപ്പന്നങ്ങളിലേക്ക് മാറണമെന്നും, വ്യക്തികൾ പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ സ്വയം നിയന്ത്രണം കൊണ്ട് വരാൻ ശ്രമിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment