എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു




മനുഷ്യന്റെ ഇടപെടലുകൾ ആഴക്കടലിനെ മുതൽ പർവ്വത ശിഖരങ്ങളെ വരെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് എവറസ്റ്റ് കൊടുമുടി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യ നിക്ഷേപകേന്ദ്രമായി ദിനം തോറും മാറിക്കൊണ്ടിരിക്കുകയാണ് എവറസ്റ്റ്. ലക്ഷങ്ങൾ മുടക്കി എവറസ്റ്റ് കീഴടക്കുന്ന സമ്പന്ന പർവ്വതാരോഹകരുടെ എണ്ണം വർദ്ധിക്കുംതോറും എവറസ്റ്റ് മാലിന്യക്കൊടുമുടിയായി മാറുകയാണ്. ഉപേക്ഷിക്കപ്പെട്ട ടെന്റുകൾ, പർവ്വതാരോഹണ ഉപകരണങ്ങൾ, ഗ്യാസ് കണ്ടയിനറുകൾ  തുടങ്ങി മനുഷ്യ വിസർജ്ജ്യം  വരെയുള്ള  മാലിന്യങ്ങൾ എവറസ്റ്റിൽ കുന്നുകൂടുന്നതായി എ.എഫ്.പി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 

 

ഈ വർഷം ഇതുവരെ 600 പേരാണ് എവറസ്റ്റ് കീഴടക്കാൻ എത്തിയത്. പർവ്വതാരോഹകരുടെ എണ്ണം കൂടുംതോറും കുമിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ അളവും വർദ്ധിക്കുന്നു. ടൺ കണക്കിന് മാലിന്യമാണ് എവറസ്റ്റിൽ കുന്നുകൂടുന്നതെന്നും ഇത് അറപ്പുളവാക്കുന്ന കാഴ്ചയാണെന്നും 18 തവണ എവറസ്റ്റ് കീഴടക്കിയ പെമ്പ ദോർജെ ഷെർപ്പ പറയുന്നു. എവറസ്റ്റ് കീഴടക്കൽ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് വൻ വ്യവസായമായി മാറിയിരിക്കുകയാണ്. പണം മുടക്കി സാഹസികത തേടിയെത്തുന്ന പർവ്വതാരോഹകർ മാലിന്യനിക്ഷേപത്തിന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കാറില്ല. 

 

എവറസ്റ്റിനെ മാലിന്യമുക്തമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായി വിജയം കാണുന്നില്ല. അഞ്ച് വർഷം മുൻപ് നേപ്പാൾ ഒരാളിൽ നിന്ന്  4000 ഡോളർ വീതം ഈടാക്കാൻ തുടങ്ങിയിരുന്നു. പർവ്വതാരോഹകർ 8 കിലോയെങ്കിലും മാലിന്യം തിരികെ കൊണ്ട് വന്നാൽ ഈ തുക മടക്കിക്കൊടുക്കും. ടിബറ്റിലും സമാനമായ പദ്ധതിയുണ്ട്. എട്ടു കിലോ മാലിന്യം മടക്കി നൽകുമ്പോൾ 100 ഡോളർ തിരികെ നൽകും. 2017 ൽ മാത്രം 40 ടണ്ണോളം മാലിന്യമാണ് നേപ്പാളിൽ മാത്രം യാത്രികർ ഇങ്ങനെ തിരികെയെത്തിച്ചത്. എന്നാൽ പകുതിയിൽ താഴെ യാത്രികർ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. 20000 മുതൽ ഒരു ലക്ഷം വരെ ഡോളർ മുടക്കി പർവ്വതാരോഹണത്തിന് എത്തുന്നവർ ഈ തുക വേണ്ടെന്ന് വെച്ച് മാലിന്യം എവറസ്റ്റിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. 

 

തദ്ദേശീയരായ ഷെർപ്പകളുടെ സഹായത്തോടെയാണ് പർവ്വതാരോഹകർ എവറസ്റ്റ് കീഴടക്കുന്നത്. ഇവരുടെ ടെന്റ്, ഓക്സിജൻ സിലിണ്ടർ, മറ്റു സാധനങ്ങൾ എന്നിവ ഷെർപ്പകളാണ് ചുമക്കുന്നത്. മുൻകാലങ്ങളിൽ പർവ്വതാരോഹകർ വസ്ത്രങ്ങൾ, പുതപ്പുകൾ പോലുള്ള സ്വന്തം സാധനങ്ങൾ സ്വയം കൊണ്ട് പോകുമായിരുന്നെങ്കിൽ ഇപ്പോൾ ടൂറിസ്റ്റുകളെ പോലെ വരുന്ന പരിചയമില്ലാത്ത യാത്രികർ അതിന് തയ്യാറാവാറില്ല. ഇക്കാരണം കൊണ്ട് വലിയ ഭാരം ചുമക്കേണ്ടി വരുന്ന ഷെർപ്പകൾ മാലിന്യങ്ങൾ എവറസ്റ്റിൽ തന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരാവുന്നു. പെമ്പ ദോർജെ ഷെർപ്പ പറയുന്നു. എവറസ്റ്റിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ മൺസൂണിൽ ഈ മാലിന്യങ്ങൾ താഴെയുള്ള നദികളിലേക്ക് ഒലിച്ചിറങ്ങുന്നത്  ജലസ്രോതസ്സുകളെ മലിനമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment