മുംബൈ നഗരം നമ്മെ ഓർമ്മിപ്പിക്കുന്നത്




രാജ്യത്തെ വരള്‍ച്ചക്ക് ശമനമില്ലാതെ തുടരുമ്പോള്‍ തന്നെയാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ രണ്ടു ദിവസം കൊണ്ട് മുംബൈ  വെള്ളപൊക്കത്താല്‍ ബുദ്ധി മുട്ടിവരുന്നത്. മരണ സംഖ്യ 70 കടന്നിരിക്കുന്നു. അണകെട്ട് മുതല്‍ വീടുകളും റോഡുകളും ഒഴുകി പോയി.ഒന്നര കോടിയോളം ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കനത്ത പേമാരയില്‍ മുങ്ങിയപ്പോള്‍ അതിന്‍റെ വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു. ഇതിനു മുന്‍പും (2005 ലും മറ്റും) നഗരം വെള്ളത്താല്‍ വീര്‍പ്പുമുട്ടിയപ്പോള്‍ ആശങ്കകള്‍ പടരുകയും വെള്ളം ഇറങ്ങി കഴിഞ്ഞ് ആളുകള്‍ എല്ലാം മറക്കുകയും ചെയ്യുന്ന രീതി ആവര്‍ത്തിച്ചു. ഇത്തരം സമീപനങ്ങള്‍ മറ്റു നഗരങ്ങള്‍ക്കും (ചെന്നൈ,കൊല്‍ക്കത്ത മുതലായ) ബാധകമാകാറുണ്ട്.

 


വെള്ളപൊക്കത്തിനൊപ്പം വരള്‍ച്ചയും ഗൌരതരമായി തീരുന്ന നഗരത്തെ പറ്റി പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മാത്രം ജനവും മാധ്യമവും സര്‍ക്കാരും വേവലാതിപെടും. ലോകത്തെ ഏറ്റവും അധികം വെള്ളം കിട്ടാത്ത നഗരമായി ബാംഗ്ലൂര്‍ മാറി കഴിഞ്ഞു. ചെന്നൈ തൊട്ടു പിന്നിലുണ്ട്. വികസനത്തെ പറ്റി വാചാലമാകുന്ന ദേശിയ-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയെ ദുരന്തമായി മാറുമ്പോള്‍ (ദുരന്തമുഖത്ത്) മാത്രം പരിഗണിക്കുവാന്‍ ഇഷ്ടപെടുന്നു.

 


കേരളത്തിന്‍റെ കാലാവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍  അവിശ്വസനീയമായ തരത്തിലും വേഗതയിലുമാണ് സംഭവിക്കുന്നത്. ഭൂമുഖത്തെ അന്തരീക്ഷ താപം ഒന്നര നൂറ്റാണ്ടിനുള്ളില്‍ ഒരു ഡിഗ്രി വര്‍ദ്ധിച്ചു എന്ന് പറയുമ്പോള്‍,നമ്മുടെ നാട്ടിലെ ചൂടില്‍ 4ഡിഗ്രി എങ്കിലും കൂടിയിട്ടുണ്ട് എന്നു നാട്ടുകാര്‍ക്കറിയാം. മഴയുടെ ആളവില്‍ ഉണ്ടാകുന്ന മാറ്റം നാമമാത്രമാണ് കഴിഞ്ഞ 140 വര്‍ഷത്തിനുള്ളില്‍ ഇടവ പാതി കാലത്ത് ഉണ്ടായിട്ടുള്ള കുറവ് പ്രതിവര്‍ഷം 1.7 mm വെച്ചാണ്‌. എന്നാല്‍ നവംബര്‍ ഡിസംബര്‍ മാസത്തിലെ മഴയില്‍ 0.7 mm കണ്ട്വര്‍ദ്ധനവ്‌ ഉണ്ടായി. എന്നാല്‍ മഴയുടെ ഓരോ മാസത്തെ അളവില്‍ വ്യതിയാനം പ്രകടമാണ്. അതിന്‍റെ സ്വഭാവത്തില്‍ മാറ്റം കാണാം. മഴ തീവ്രമായി പെയ്യുന്ന ദിനങ്ങള്‍ കൂടി. വേനല്‍ മഴയിലും തുലാ മാസ മഴയിലും മാറ്റങ്ങള്‍ കണ്ടു.മേഘ വിസ്ഫോടനം പോലും നാട്ടില്‍ സംഭവിച്ചു. ഈ വര്‍ഷം ജൂണ്‍ മഴയുടെ അളവില്‍ 48% കുറവ് രേഖപെടുത്തി. ഇത്തരത്തില്‍ മഴക്കുറവു കൂടുതല്‍ അനുഭവപെട്ട വയനാട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം ആ പ്രശ്നം എങ്ങനെയാണ് പ്രകൃതി സ്വയം പരിഹരിച്ചത് എന്ന് മലയാളികള്‍ അനുഭവിച്ചറിഞ്ഞതാണ്. ഈ വര്‍ഷത്തെ ഇതു വരെയുള്ള കാലവര്‍ഷക്കുറവ് എല്ലാ ജില്ലകളിലും ഉണ്ടായതായി കണക്കുകള്‍ പറയുന്നു. അത് പരിഹരിക്കുവാന്‍ പ്രകൃതി പെരുത്ത മഴക്കാലമായി ഇനിയുള്ള ദിനങ്ങളെ മാറ്റിയാല്‍ മൂംബൈയിലെ ഇപ്പോള്‍ ശക്തമായികൊണ്ടിരിക്കുന്ന പേമാരിയും. വെള്ളപൊക്കവും. ഇവിടേയും ആവര്‍ത്തിക്കാം.

 


മുംബൈ നഗരത്തിലൂടെ ഒഴുകുന്ന മിത്തി നദി ക്ഷയിച്ചത്തിലൂടെ നഗരത്തില്‍ ഉണ്ടായ 2005ലെ വന്‍ വെള്ളപൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍, നദിയെ  പഴയ വീതിയിലേക്കും ആഴത്തിലേക്കും മടക്കി കൊണ്ടുവരുവാനുള്ള  ആവശ്യം ഉയര്‍ന്നിരുന്നു. അതിന്‍റെ ഭാഗമായി 2000 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്കരിച്ചു.15 വര്‍ഷത്തിനുള്ളില്‍ പണം ചെലവഴിച്ചു. എന്നാല്‍ നദിയിലെ തടസ്സങ്ങള്‍ നീക്കുവാന്‍ ശ്രമിച്ചില്ല. 30 കോടി ലിറ്റര്‍ മലിനജലം ദിനം പ്രതി ഒഴുകി എത്തുന്ന മിത്തി നദിയുടെ അവസ്ഥ ഊഹിക്കുന്നതിലും ദാരുണമാണ്. വീണ്ടും കുര്‍ള അന്ധേരി കിഴക്ക്, എയര്‍ ഇന്ത്യ കോളനി എന്നിവ വെള്ളതിനടില്‍ പെട്ടു.വെള്ളം നഗരത്തില്‍ നിന്നും ഒഴുകി മാറുവാന്‍ സഹായിക്കേണ്ട മിത്തി പഴയപോലെ ഒഴുക്ക് നിലച്ച്, മഴവെള്ളത്തെ പുറത്തേക്ക് കളയുവാന്‍ കഴിവ് നഷ്ടപെട്ട് നിലനിന്നു.

 
മൂന്നു ദിവസത്തിനുള്ളില്‍ 900mm+ മഴ പെയ്ത മുംബൈ നഗരത്തില്‍ അത്രയും വെള്ളത്തെ ഒഴുക്കി വിടുവാനുള്ള ശേഷി ഇല്ലാത്തതിനാല്‍ മുംബൈ വെള്ള കെട്ടില്‍ മുങ്ങി നില്‍ക്കുന്നു. ശരിയായ അളവില്‍, വേണ്ട ഇടവേളകളില്‍, മഴ ലഭിക്കുമെങ്കില്‍ ജീവിതത്തെ ഇത്രകണ്ടു പ്രതികൂലമായി ബാധിക്കുമായിരുന്നില്ല.  മുംബൈ നഗരത്തിന്‍റെ വികസനത്തെ പറ്റി വാചാലമായി കൊണ്ടിരിക്കുന്ന ഭരണ കര്‍ത്താക്കള്‍, നഗരത്തെ ആധുനിക വല്‍ക്കരിക്കുവാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍, പ്രകൃതിദത്ത ജല ശ്രോതസുകളെ മറക്കുവാനും അവക്ക് മുകളിലൂടെ വികസന പദ്ധതികള്‍ പടുത്തുയര്‍ത്തുവാനും മടികാണിക്കാറില്ല.

 


തിരുവനന്തപുരം നഗരത്തിന്‍റെ 7കുന്നുകളും അവയുടെ ഇടകളില്‍ ഉണ്ടായിരുന്ന പാട ശേഖരങ്ങളും നീരൊഴുക്കുകളും കനാലുകളും ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ ആരോഗ്യകരമല്ല. നഗരത്തിന്‍റെ തെക്കേ ഭാഗത്ത്‌ നിന്നും വേളി-പൂന്തുറ ഭാഗത്തേക്ക് വെള്ളം ഒഴുകുവാന്‍ സഹായിച്ച പാര്‍വതി പുത്തനാര്‍ (അതില്‍ ചെന്ന് ചേരുന്ന ആമയഴയന്ച്ചന്‍, TC, കുര്യാത്തി, പട്ടം, ഉള്ളൂര്‍ തോടുകള്‍) ഒഴുക്ക് നിലച്ചപ്പോള്‍, തെക്കെക്കര കനാലും സമാന അവസ്ഥയില്‍ എത്തി. അതോടെ കിള്ളിയാറും അതിന്‍റെ പ്രധാന നദിയായ കരമന ആറും അഴുക്കു ചാലുകളായി. നഗരത്തിന്‍റെ താറുമാറായ വെള്ളം ഒഴുകുവാനുള്ള സംവിധാനങ്ങള്‍ മഴക്കാലത്തെ ദുരിതപൂര്‍ണ്ണമാക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ ഉണ്ടായ മഴയിലെ വന്‍ കുറവ് പേമാരിയായി അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തിയാല്‍ അത് തിരുവനന്തപുരം നഗരത്തെയും മറ്റു നഗരങ്ങളേയും വെള്ളകെട്ടിനാല്‍ മുക്കിതാഴ്ത്തും. ഈ വസ്തുതകള്‍ ഇനിയും നമ്മുടെ ആസൂത്രണ വിധക്തര്‍ അംഗീകരിക്കുവാന്‍ മുന്നോട്ടു വന്നിട്ടില്ല എന്നതാണ് മണ്‍സൂണ്‍ കാലത്തെ പ്രധാനപെട്ട നാടിന്‍റെ ആകുലത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment