ആഗോള താപനം ഇന്ത്യക്കും മറ്റും തിരിച്ചടി; സമ്പന്ന രാജ്യങ്ങൾക്ക് ഗുണകരം




പരിസ്ഥിതി രംഗത്തെ തിരിച്ചടികൾ ഏറെ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ (അമേരിക്കയെ  ഒഴിച്ചു നിർത്തിയാൽ ) വരുന്ന പേരുകൾ ഇന്ത്യ, ബംഗ്ലാദേശ്, ഇൻഡോനേഷ്യ, തായ്‌ലന്റ്, പാകിസ്ഥാൻ, ശ്രീലങ്ക, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ, ഹെയ്ത്തി, ചിലി മുതലായവയാണ്.  മരണം, മറ്റു ദുരന്തങ്ങൾ എന്നിവയിൽ അമേരിക്ക  ഒന്നാം സ്ഥാനത്തില്ല. ഭൗമ  താപനം ആഗോള പ്രതിഭാസമായി  പ്രവർത്തിക്കുമ്പോഴും അവ വരുത്തി വെക്കുന്ന ക്ഷോഭങ്ങൾ ഏവരെയും  ഒരു പോലെയല്ല ബാധിക്കുന്നത്. 


ഉഷ്ണ മേഖലാ കാടുകളാൽ പ്രസിദ്ധി നേടിയിട്ടുള്ള ബ്രസീൽ, ഗാബൻ ദ്വീപുകൾ, സുമാത്ര, ഇന്ത്യൻ വൻകരയിലെ സുന്ദർബന്ധ്, ഹിമാലയം, പശ്ചിമഘട്ടം, പവിഴ ദ്വീപുകൾ, മറ്റു ദ്വീപ സമൂഹങ്ങൾ മുതലായവ ഏറ്റവും അധികം ജീവി വർഗ്ഗങ്ങളെ വഹിക്കുന്നവരാണ്. അവിടെ ഉണ്ടാകുന്ന ഏതൊരു പാരിസ്ഥിതിക വ്യതിയാനവും വലിയ പ്രതിസന്ധികൾ ക്ഷണിച്ചു വരുത്തും. പൈൻ മര കാടുകൾ നിത്യ ഹരിത വനങ്ങളെ പോലെ ഇട  തൂർന്ന കാടുകളല്ല. അവയിൽ വള്ളിപ്പടർപ്പുകളോ അടി ക്കാടുകളോ കുറവായിരിക്കും. അത്തരം കാടുകൾക്കുണ്ടാകുന്ന നാശം നിത്യ ഹരിത കാടുകൾ നഷ്ടപ്പെടുമ്പോൾ  ഉണ്ടാകുന്ന പ്രതിസന്ധികളോളം വരികയില്ല. ഉഷ്ണ മേഖലയിലെ മണ്ണിനും അരുവികൾക്കുമൊക്കെ ഇതു ബാധകമാണ്. 


ഇന്ത്യയുടെ കാർഷിക, ജൈവ വൈവിധ്യം കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു മാറ്റത്തോടും പ്രതികരിക്കും. നെല്ല് , ഗോതമ്പ്, ചോളം, തെങ്ങ്, വാഴ, കുരുമുളക്, ഏലം, തേയില, കാപ്പി, കിഴങ്ങു വർഗ്ഗങ്ങൾ ഒക്കെ കാലാവസ്ഥാ വ്യതിയാനത്താൽ പ്രശ്ങ്ങൾ നേരിടുന്നു. നെൽ ഉൽപ്പാദനത്തെ ചൂട് പ്രതികൂലമാക്കുമ്പോൾ സാേയാബീന് വരൾച്ച കുറേ അനുകൂല ഘടകമാണ്. കാരറ്റ്, വെളുത്തുള്ളി എന്നിവക്ക് തണുപ്പിലുണ്ടാകുന്ന വ്യതിയാനം ബുദ്ധി മുട്ടുണ്ടാക്കും. മഞ്ഞു വീഴ്ചയും വലിയ തണുപ്പും തേയില, കാപ്പി, ഏലം കൃഷിക്കു തിരിച്ചടിയാണ്. വേനൽമഴ, മഴതുള്ളികളുടെ വലിപ്പം എന്നിവയിലുണ്ടാകുന്ന മാറ്റം ഹൈറേംജു കൃഷിക്ക് തടസ്സമാണ്. നാൽ കാലികളുടെ പാൽ ഉൽപ്പാദനം  ചൂടു കൂടുമ്പോൾ കുറയുകയും മുട്ടക്കോഴികളുടെ ഉൽപ്പാദന ക്ഷമതയിൽ  തിരിച്ചടി നേരിടുയും ചെയ്യും.


യൂറോപ്പിലെ കൊടും തണുപ്പിൽ താപനം ഒരാശ്വാസമാണ്. സൈബീരിയൻ പ്രദേശത്ത് അനുഭവപ്പെട്ടു വന്ന മൈനസ്സ് 30 പോലെയുള്ള കൊടും തണുപ്പിന്റെ തീവ്രത കുറയുമ്പോൾ അത് കുറേ ഗുണപരമായ ഫലം അവിടങ്ങളിൽ ഉണ്ടാക്കുന്നു. മറിച്ച് ഇന്ത്യയെ പോലെയുള്ള രാജ്യത്ത് കൂടിയ ചൂട്  കാർഷിക രംഗത്തുണ്ടാക്കുന്ന തിരിച്ചടി വളരെ വലുതാണ്.മഴയിലുണ്ടാകുന്ന കുറവ്,വർദ്ധിച്ച മഴ എന്നിവയും വൻ നഷ്ടങ്ങൾ വരുത്തിവെക്കും.


കാലാവസ്ഥ ഉണ്ടാക്കുന്ന കാർഷിക രംഗത്തെ തിരിച്ചടി ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ  പ്രതികൂലമായ പ്രതിഫലനമാണ് ഉണ്ടാക്കുന്നത് (GDP). രാജ്യത്തിന്റെ ഉൽപ്പാദന ക്ഷമതയിൽ 31 % കുറവു വരുത്തുന്നു. ഇന്ത്യക്കു പിന്നിൽ നൈജീരിയ 29 %  കുറവും ഇൻഡോനേഷ്യ - 27% ബ്രസീൽ -25 ഉൽപ്പാദന ക്ഷമതാ നഷ്ടവും നേരിടുന്നുണ്ട്. പരിസ്ഥിതി മാറ്റത്തിലൂടെ സുഡാൻ ഇന്ത്യയെ പിന്നിലാക്കി 36% കാര്യക്ഷമതാ കുറവ് അനുഭവിക്കുകയാണ്.  പൊതുവേ സാമ്പത്തിക  തിരിച്ചടികൾ നേരിടുന്ന ഇത്തരം രാജ്യങ്ങൾക്ക് കൂനിൻമേൽ കുരു എന്ന തരത്തിലാണ് ഹരിത താപനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.  


165 രാജ്യങ്ങളിൽ  50 വർഷത്തിനിടയിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം വരുത്തിവെച്ച സംഭവങ്ങളെ പരിശോധിച്ചപ്പോൾ ലഭ്യമായ വിവരങ്ങൾ ദരിദ്ര രാജ്യങ്ങളുടെ മറ്റൊരവസ്ഥയെയാണ്  പ്രതിഫലിപ്പിച്ചത്. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം വർദ്ധിപ്പിക്കുന്നതിൽ 25% സംഭാവന നൽകിയത് കാലാവസ്ഥയിലുണ്ടായ തിരിച്ചടികളാണ് എന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ കാലത്ത് ഉഷ്ണമേഖലാ രാജ്യങ്ങളുടെ കാലാവസ്ഥ കൃഷിക്കും മറ്റും വളരെ അനുകൂലമായിരുന്നു. (Empirical optimum ആയിരുന്നു) അതിലുണ്ടായ മാറ്റം പ്രശ്നങ്ങളെ രൂക്ഷമാക്കി. നോർവ്വേ പോലെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥ വ്യതിയാനം അവരെ Empirical optim ത്തിലെത്തിച്ചു. ചുരുക്കത്തിൽ യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിൽ പലർക്കും ഹരിത താപനം സാമ്പത്തിക ലാഭം ഉണ്ടാക്കി കൊടുക്കുന്നുണ്ട്  എന്നു മനസ്സിലാക്കണം. 


ലോകത്തെ പ്രതികൂലമായി ബാധിക്കുന്ന കാർബൺ ബഹിർഗമനത്തിൽ 720 കോടിയാളുകളും ഒരുപോലെ പങ്കാളികളല്ല. ഭൂമിയുടെ കാർബൺ ആഗിരണ ശേഷി 2000 കി.ഗ്രാമാണ്. കാർബൺ ഹരിത പാതുകം 2000 (2K)  ആണെന്നു പറയും. ശരാശരി ഒരാൾ പ്രതിവർഷം 2Kg കാർബൺ വരെ പുറത്തു വിട്ടാൽ ഭൂമിക്ക് അവയെ കൈകാര്യം ചെയ്യുവാൻ കഴിവുണ്ട് എന്നർത്ഥം. എന്നാൽ ഇന്നത്തെ ലോക കർബൺ ബഹിർഗമനം ശരാശരി 4300 കി.ഗ്രാമിലെത്തി. ഭൂമിയുടെ കഴിവിന്റെ ഇരട്ടിയിലധികം ഉപയോഗപ്പെടുത്തുന്നു എന്നർത്ഥം. ഈ പശ്ചാത്തലത്തിലാണ് കാർബൺ ബഹിർഗമനം കുറക്കണമെന്ന അഭിപ്രായത്തിൽ പാരീസ് പരിസ്ഥിതി സമ്മേളനം എത്തിച്ചേർന്നത്.


ലോക ശരാശരിക്കു താഴെ (ഹരിത പാതുകം)  കാർബൺ ബഹിർഗമനം ലോക ശരാശരിയിൽ കുറഞ്ഞ രാജ്യങ്ങളാണ് ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, സുഡാൻ തുടങ്ങിയവ. മറുവശത്ത് അമേരിക്ക, ആസ്ട്രേലിയ, ഖത്തർ, UAE, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളുടെ കാർബൺ ബഹിർഗമനം 1000 മുതൽ  25000 കിലോയിലും  കൂടുതൽ വരുന്നു. പ്രകൃതി വിഭവങ്ങൾ അധികമായി ഉപയോഗിക്കുന്ന വികസിത രാജ്യങ്ങൾ ആധുനിക ജീവിത സൗകര്യങ്ങളിൽ ആസ്വദിച്ചു ജീവിക്കുമ്പോൾ, അവരുടെ നിത്യജീവിതത്തിൽ വൻ അളവിലുള്ള ഹരിത വാതകം പുറത്തു വിടുന്നു എന്ന് അവർ സമ്മതിക്കുന്നുവോ?.


ഭക്ഷണത്തിനായി, യാത്രക്കായി, വസ്ത്രത്തിനായി, വിനോദത്തിനായി, വീടുകൾക്കായി അത്തരക്കാർ വൻതോതിൽ ഊർജ്ജം ചെലവഴിക്കുമ്പോൾ വികസ്വര രാജ്യക്കാർ മിനിമം ഭക്ഷണവും മറ്റും ലഭിക്കുവാൻ ബുദ്ധിമുട്ടുകയാണ്. വൻകിട രാജ്യങ്ങളുടെ വ്യവസായ യൂണിറ്റുകൾ നടത്തുന്ന ഉൽപ്പാദനവും അതുണ്ടാക്കുന്ന കാർബൺ ബഹിർഗമനവും അത്തരം രാജ്യങ്ങളുടെ പേരിൽ ചേർക്കേണ്ടതുണ്ട്.  മറുവശത്ത് ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങൾ  മഞ്ഞുരുക്കത്താൽ കടലാക്രമണത്തിനു വിധേയമായി കൊണ്ടിരിക്കുന്നു. അവരുടെ ഡൽറ്റാ പ്രദേശങ്ങൾ കടൽ എടുക്കുന്നു. കൃഷി അസാധ്യമാക്കി.നെൽ ഉൽപ്പാദനം കുറഞ്ഞു. ഈ സാഹചര്യത്താൽ ആഗോള താപനം മൂന്നാം ലോക രാജ്യങ്ങളെ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ട് , എന്നാൽ സമ്പന്ന രാജ്യങ്ങൾക്ക് സാമാന്യേന അനുകൂല അവസര മൊരുക്കി കൊണ്ടിരിക്കുകയാണ് എന്നു കാണാം. രാജ്യങ്ങൾ തമ്മിലുള്ള വരുമാന അന്തരത്തിനും ഭക്ഷ്യ ലഭ്യതയിലെ വ്യത്യാസത്തിനും സർവ്വോപരി പ്രകൃതി ദുരന്തത്തിനും കാരണമാകുന്ന കാർബൺ ബഹിർഗമനത്തിന്റെ വില്ലന്മാർ തന്നെ ഗുണഫലങ്ങളും അനുഭവിക്കുന്ന സാഹചര്യങ്ങൾക്കെതിരെ ശരിയായ പരിസ്ഥിതി സുരക്ഷക്കായി  അണിനിരക്കേണ്ടത് ഭൂമിയുടെ നിലനിൽപിനടിസ്ഥാനമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment