ലോകം ജലത്തിനായി ദാഹിക്കുമ്പോൾ ഒരു ജലദിനം കൂടി കടന്നു പോയിരിക്കുന്നു!




'ലോകത്തെ ശതകോടികൾ  വരുന്ന ജനം  രാവിലെ ഉണരുമ്പോൾ  ആദ്യം അന്യേഷിക്കുക വെള്ളമായിരിക്കും പിന്നീടും വെള്ളത്തെ പറ്റി അവർ ഓർക്കും.  കിടപ്പറയിലേക്കു പോകുമ്പോഴും അന്യേഷിക്കുക വെള്ളമായിരിക്കും.അവർക്ക്  നമ്മുടെ വെള്ളം മാത്രം  ഉപയോഗിക്കുവാൻ അവസരമുണ്ടാക്കുക.' കുറച്ചു വർഷങ്ങൾക്കു മുൻപ് കൊക്കാ കോളയുടെ CEO ,അവരുടെ  ഉന്നതതല യോഗത്തിൽ മറ്റുള്ള ഉദ്യോഗസ്ഥർക്കു നൽകിയ നിർദ്ദേശമാണ് മുകളിൽ കൊടുത്തത്. 


കുപ്പിവെള്ള,പാനീയ കോർപ്പറേറ്റുകളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ലോക രാഷ്ട്രീയം 1991 മുതൽ  തന്നെ ജലത്തെ ചരക്കായി തിരിച്ചറിഞ്ഞ്  ജലം പാഴാക്കുവാനുള്ള സാധനമല്ല എന്ന് സാധാരണക്കാരെ പഠിപ്പിച്ചു. ആയതിനാൽ വെള്ളം അളന്ന് തിട്ടപ്പെടുത്തി, വില നൽകി  ഉപയോഗിക്കുവാൻ ജനങ്ങളെ ശീലിപ്പിക്കുക എന്നാണ് തീരുമാനിച്ചത്.( ലോക ജല സമ്മേളനങ്ങൾ ) ഡൽഹി നഗരത്തിലേക്ക് ഉള്ള ജലവിതരണം ബെക്ടൽ എന്ന ബഹുരാഷ്ട്രക്കു കൈമാറിയ സംഭവം കൊച്ചം ബാബയിലും ജോഹന്നാസ് ബർഗിലും മറ്റും ഉണ്ടായി   നദികളും ഡാമുകളും വിൽപ്പനയ്ക്ക് എന്ന ആശയം മലമ്പുഴയിൽ വരെ എത്തിയ സംഭവം ഇവിടെ ഓർക്കുമല്ലോ..


ഇന്നലെ (March 22) ലോക ജലദിനമായിരുന്നു. വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തെ സംബന്ധിച്ച് ജല ദിനം മുന്നോട്ടുവെച്ചു വരുന്ന നിലപാടുകൾ കൂടുതൽ പ്രസക്തമായി കഴിഞ്ഞു. 3 മീറ്റർ ഉയരത്തിൽ കേരള ഭൂമണ്ഡലത്തെ (പ്രതിവർഷം) ആകെ മുക്കാൻ ശേഷിയുള്ളത്രയും മഴവെള്ളം കിട്ടുന്ന നാട്ടിൽ കുടിക്കാൻ പോലും വെളളം കിട്ടാത്ത ഗ്രാമങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ് .പെരുമാട്ടി ബ്ലോക്കും ചീറ്റൂരും മറ്റ് 25 ബ്ലോക്കുകളും  ജല ക്ഷാമത്താൽ ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു. മറ്റൊരു 30 ബ്ലോക്കുകൾ ഭാഗികമായി പ്രതിസന്ധിയിലായിയിട്ടുണ്ട്. പാലക്കാട് ചുട്ടു പൊള്ളുമ്പോൾ മലമ്പുഴയിൽ ജലനിരപ്പു കുറഞ്ഞു.(അപ്പാേഴും കഞ്ചിക്കോട്ടെ പെപ്സി അടച്ചു പൂട്ടിയിട്ടില്ല) . തിരുവനന്തപുരം നശരത്തിലെ 10 ലക്ഷം ആളുകൾക്ക് വെള്ളം നൽകുന്ന പേപ്പാറ റിസർവോയറിന്റെ വിതാനം താഴെ നിൽക്കുന്നു. മഴ സുലഭമായി കിട്ടുന്ന നാടിന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ മഴ താരതമ്യേന കുറവുള്ള നാടിന്റെ സ്ഥിതി വിവരാണീതമായിരിക്കും.


അധികം മഴ ലഭിച്ച  സംസ്ഥാനത്തെ നദികൾ കൂടുതൽ വറ്റി വരണ്ടു. നദികൾ ഉണ്ടാകുവാൻ സഹായിക്കുന്ന Catchment Area കൾ തന്നെ (കബനിയ്ക്ക് 5000 ച.കി.മീ. പെരിയാറിന് അതിനിരട്ടിയും) വരണ്ടുണങ്ങി, ഭൂഗർഭ ജല ശ്രാേതസ്സായ നെൽപ്പാടങ്ങൾ (7ലക്ഷം ഹെക്ടർ ) കരഭൂമിയായി. ഒരു ഹെക്ടർ നെൽപ്പാടത്തിന് 30 ലക്ഷം ലിറ്റർ സംഭരണ ശേഷി ഉണ്ടെന്നിരിക്കെ 7. 7 ലക്ഷം ഹെക്ടറിന്റെ നാശം ഉണ്ടാക്കിയത് എത്ര കോടി ലിറ്റർ ഭൂ ഗർഭ ജലത്തിന്റെ നഷ്ടമായിരിക്കും നഷ്ടപ്പെട്ട 9 ലക്ഷം ഹെക്ടർകാടുകൾ മുതൽ ചെറുതോടുകൾ ,ചതിപ്പുകൾ , കാവുകൾ (10000 ത്തിൽ നിന്നും 100 ലേക്ക്) കണ്ടൽകാടുകൾ ( 700 ച.കി.മീറ്ററിൽ നിന്നും 7 ച.കി.മീറ്ററിലേക്ക്.


ഇന്ത്യയുടെ ഭൂഗർഭ ജലവിതാനം 5000 ച.മീറ്ററിലധികത്തിൽ നിന്നും  നിന്നും 2000 ത്തിനു താഴെയായിട്ടുണ്ട്  എന്ന അവസ്ഥ കേരളത്തിനും ബാധകമാണ്. വർദ്ധിച്ച ചൂടും വർദ്ധിച്ച തണുപ്പും ജലവിതാനത്തെയും പ്രതികൂലമാക്കിക്കഴിഞ്ഞു. 


ലോകത്ത് 120 കോടിയാളുകൾ ജലക്ഷാമത്താൽ ബുദ്ധിമുട്ടുന്നു. ജലജന്യരോഗങ്ങൾ ( വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്‌ ) നിരവധി ലക്ഷം ജനങ്ങളെ മരണത്തിലേക്കു തള്ളി വിടുകയാണ്. അമേരിക്കക്കാർ ശരാശരി 500 ലിറ്ററിലധികം വെള്ളം പ്രതിദിനം ഉപയോഗിക്കുമ്പോൾ റുവാണ്ടയും സുഡാനും മറ്റും 15 ലിറ്റർ വെളളം പോലും അവരുടെ ജനതയ്ക്ക് ഉറപ്പു നൽകുവാൻ കഴിയുന്നില്ല.


ഈ വർഷത്തെ ജല ദിനം മുന്നോട്ടു വെക്കുന്ന ആശയം  '' water services must meet the needs of marginalized groups and their voices must be heard in decision-making processes". പാർശ്വവൽക്കരിക്കപ്പെട്ടവർ മിക്കപ്പോഴും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്നു. പ്രകൃതി വിഭവങ്ങളിൽ ആറാട്ടു നടത്തുന്നവർ വെള്ളവും ധൂർത്തടിക്കുകയാണ് .എല്ലാ ജീവി വർഗ്ഗവും ഏറ്റവുമധികം വിലമതിക്കുന്ന ജലം എന്ന വിഭവത്തെ , ചുരുക്കം ചിലർക്കായി ദുരുപയോഗിക്കുവാൻ അവസരം ഉണ്ടാക്കുന്ന രാഷ്ട്രീയം  അപകടകരമാണ്. അത്തരം രാഷ്ട്രീയം തന്നെയാണ് കേരളത്തിലും പ്രബലമായിട്ടുള്ളത്.  ആ രാഷ്ട്രീയത്തെ തിരിച്ചറിയുവാൻ March 22 ന് കഴിഞ്ഞിട്ടുണ്ടാകുമോ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment