പവർഗ്രിഡ് പദ്ധതി ഉപേക്ഷിച്ചു ; ഭാംഗോർ സമരത്തിന് ഉജ്ജ്വല വിജയം




കൊൽക്കത്ത : കഴിഞ്ഞ 22 മാസമായി തുടരുന്ന ഭാംഗോർ സമരം വിജയത്തിൽ. ഭാംഗോർ പവർഗ്രിഡ് പദ്ധതി ഉപേക്ഷിക്കുമെന്ന് പശ്ചിമബംഗാൾ സർക്കാർ വ്യക്തമാക്കി. ഭംഗോര്‍ മൂവ്‌മെന്റ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.  പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ സമരനേതാക്കള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായി. സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) നേതൃത്വത്തിലായിരുന്നു സമരം. 

 

സമരത്തിന്റെ ഭാഗമായി സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) നേതാക്കളായ ഷര്‍മ്മിഷ്ഠ ചൗധരി, അലിഖ് ചക്രബര്‍ത്തി, ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ കടുത്ത പോലീസ് പീഡനം നേരിട്ടിരുന്നു. കെ.എന്‍ രാമചന്ദ്രനെ പോലീസുകാർ തട്ടിക്കൊണ്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായി. ജനുവരി 17 നുണ്ടായ വെടിവെപ്പിൽ രണ്ടു സമരപ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിനൊപ്പം തൃണമൂൽ കോൺഗ്രസ് ഗുണ്ടകളും സമരക്കാരെ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് അതിശക്തമായ ജനകീയ പ്രക്ഷോഭം ഒടുവിൽ വിജയം വരിച്ചിരിക്കുന്നത്. 

 

പവർ ഗ്രിഡ് പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു സമരം. ഇടതു സർക്കാരിന്റെ വീഴ്ചയിലേക്ക് നയിച്ച സിംഗൂർ, നന്ദിഗ്രാം സമരങ്ങൾക്ക് നേതൃത്വം നൽകിയ മമത ബാനർജി സർക്കാർ തന്നെ ഭാംഗറിൽ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയും സമരം ചെയ്ത ജനങ്ങളെ മുൻപത്തെ സർക്കാർ കൈകാര്യം ചെയ്ത അതേ രീതിയിൽ തന്നെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment