കനത്ത പ്രളയത്തിൽ മുങ്ങി ആസാം




ഗുവാഹട്ടി: കനത്ത മഴയിലും പ്രളയത്തിലും മുങ്ങി ആസാം. സംസ്ഥാനത്ത് ആകെയുളള 33 ജില്ലകളില്‍ 25ഉം പ്രളയത്തിന്റെ ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഈ ജില്ലകളിലെ 15 ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 

 


വരുന്ന മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായിട്ടുണ്ട്. പ്രളയം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ബാര്‍പേട്ട ജില്ലയെ ആണ്. ഇവിടെ നിന്നും 5 ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

 


ബ്രഹ്മപുത്ര അടക്കം സംസ്ഥാനത്തെ പത്ത് നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കസിരംഗ ദേശീയ ഉദ്യാനത്തിന്റെ 70 ശതമാനവും പ്രളയമെടുത്തു. മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രളയം വ്യാപകമായി കൃഷിയും തകർത്തിട്ടുണ്ട്. 27,000 ഹെക്ടറിലധികം കൃഷിസ്ഥലം ഇതിനകം നശിച്ച് കഴിഞ്ഞു. 

 


ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത ക്യാംപുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment