പശ്ചിമഘട്ടത്തിൻ്റെ ശോചനീയ അവസ്ഥ നാടിനെയും രാജ്യത്തെയും വൻ നഷ്ടത്തിലേക്ക് എത്തിക്കും 




2020 ലെ മൺസൂൺ കാലം അവസാനിക്കാൻ സമയം ആയിട്ടുണ്ടെങ്കിൽ പോലും സപ്തംബർ മാസത്തിലും ശക്തമായി മഴ തുടരുകയാണ്. (ശരാശരി മഴ 260 mm ) സെപ്റ്റംബർ12 ഓടെ തന്നെ 280 mm മറി കടന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ആകെ പെയ്തത് 426 mm, 64% അധികമായിരുന്നു.


പശ്ചിമ ഘട്ടത്തിലെ ഇടുക്കി ജില്ലയിലുള്ള പെട്ടിമുടി മുതൽ കർണാടകത്തിലും ഗോവയിലും നിരവധി ശക്തമായ മണ്ണിടിച്ചിലും ഉണ്ടായത് പശ്ചിമ ഘട്ടം ഇന്നനുഭവിക്കുന്ന പാരിസ്ഥിതികമായ തിരിച്ചടിക്ക് തെളിവായി എടുക്കാം. പെട്ടിമുടി ദുരന്തത്തിന് കാരണമായ കഠിന മഴ (95.5 സെൻറീ മീറ്റർ ഒരാഴ്ച്ചയിൽ) ഒറ്റപ്പെട്ട സംഭമല്ല. ഈ സാഹചര്യത്തിൽ പ്രതിരോധിക്കാനുള്ള ശേഷി മല നിരകൾക്ക് പൂർണമായും നഷ്ടപ്പെട്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.


ആഗസ്റ്റ് 16ന് കർണാടക, കുഡകിൻ്റെ ഭാഗമായ തലക്കാവേരിയിലെ ബ്രഹ്മഗിരി മല നിരകളിൽ ഉണ്ടായ വലിയ തരത്തിലുള്ള മണ്ണിടിച്ചിൽ ക്ഷേത്രത്തിലെ 5 അന്തേ വാസികളാണ് മരണപ്പെട്ടത്. അവിടുത്തെ മുഖ്യ പൂജാരി ഉൾപ്പെടെയുള്ള ആളുകൾ മണ്ണിനടിയിൽ പെട്ടത് പ്രദേശത്തിൻ്റെ തകർച്ചയുടെ തെളിവാണ്. 


മുംബൈയിൽ വലിയ വെള്ളപ്പൊക്കം വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. 2005 മുതൽ പെരു മഴകൾ വർഷാ വർഷം പല കുറി ആവർത്തിക്കുന്നു. ഗോവയിലെ പശ്ചിമഘട്ട മലനിരകളിൽ ഉണ്ടായ കടന്നു കയറ്റം 2006/2011നിടയിൽ 35,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഷാ കമ്മീഷൻ റിപ്പോർട്ടുകൾ പറയുന്നു.


1920 നും 2013 നു മിടക്ക് പശ്ചിമ ഘട്ട മലനിരകളിൽ 35% നഷ്ടപ്പെട്ടു എന്ന് ISRO  പഠനങ്ങൾ വ്യക്തമാക്കി. മല നിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 58 നദികളുടെയും അവസ്ഥ പരിതാപകരമാണ്. ഏറ്റവും വലിയ നദികളിലൊന്നായ കാവേരി വിവിധ തരത്തിലുള്ള തിരിച്ചടികൾ നേരിടുമ്പോൾ, നദിയിലെ മലിനീകരണത്തോത് ഗംഗ യുടെ അഞ്ചിരട്ടി ആണെന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത യാഥാർഥ്യമായി കഴിഞ്ഞു. രാജ്യത്തെ 40% വരുന്ന ആളുകൾക്ക് കുടി വെള്ളം എത്തിക്കുന്ന പശ്ചിമ ഘട്ട മല നിരകൾ ഏറ്റവുമധികം പാരിസ്ഥിതികമായ തിരിച്ചടി നേരിടുമ്പോൾ, അതിനെ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ കൈ ക്കൊള്ളുവാൻ സർക്കാർ മടിക്കുകയാണ്. പരിഹാരമായി ഗാഡ്ഗിൽ കമ്മീഷൻ തുടങ്ങിയനിർദ്ദേശങ്ങളെ ആറ് സംസ്ഥാനങ്ങളും നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുണ്ട്.


എല്ലാ വർഷവും വൻ തോതിലുള്ള തിരിച്ചടികൾ പശ്ചിമഘട്ട മലനിരകൾ മൊത്തത്തിൽ നേരിടുന്നു. അനുബന്ധ ജില്ലകളും ആളുകളും നേരിട്ട് ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ,ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്തു മാത്രം ശ്രദ്ധ ചെലുത്തുവാൻ മാത്രമാണ് സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നത്.


പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും കണ്ണായ കേരളത്തിലെ മലനിരകളിൽ നടക്കുന്ന ഖനനവും വന നശീകരണവും അനധികൃത നിർമ്മാണവും അശാസ്ത്രീയമായ റോഡു നിർമ്മാണവും ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നു.


കുടിയേറ്റക്കാരുടെ മറവിൽ കയ്യേറ്റക്കാരുടെ വലിയ നിർമ്മാണങ്ങൾ യഥേഷ്ടം നടക്കുമ്പോൾ, നോക്കു കുത്തി ആകുകയാണ് കേരള സംസ്ഥാന സർക്കാരും മറ്റ്  സർക്കാർ സംവിധാനങ്ങളും. പ്രകൃതി ദുരന്തങ്ങളുടെ രക്ത സാക്ഷികളായി 6 സംസ്ഥാനങ്ങൾ മാറുമ്പോഴും കോർപ്പറേറ്റ് തോട്ട മുതലാളിമാരുടെ താൽപ്പര്യങ്ങൾക്കായി സർക്കാർ പശ്ചിമഘട്ടത്തെ തള്ളിപ്പറയുന്നു.


മഴയുടെ സ്വഭാവത്തിലുള്ള മാറ്റം വലിയ തരത്തിലുള്ള തിരിച്ചടി ഉണ്ടാക്കുന്നത് മല നിരകളിലാണ്. അതേ മല നിരകൾ തകർന്നു വീണ് കേരളത്തിലും കുഡകിലും ആളുകൾ മരിച്ച സംഭവങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് 2019 ലും തെളിയിക്കപ്പെട്ടതാണ്. പശ്ചിമ ഘട്ടത്തിൻ്റെ ശോചനീയ അവസ്ഥ നാടിനെയും രാജ്യത്തെയും വൻ നഷ്ടത്തിലേക്ക് എത്തിക്കുമ്പോഴും അവയെ പരിരക്ഷിക്കുവാൻ സർക്കാർ മടി കാണിക്കുന്നത് പ്രതിഷേധകരമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment