മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവിന്റെ തെറ്റിദ്ധരിപ്പിക്കലുകൾ




നിയമ ലംഘനങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ നാടാണ് ഇന്ത്യ.അതിന്റെ വ്യാപ്തിയും ഭീകരതയും കൂടി വരുന്നതിൽ പൊതു ജനം ആകുലപ്പെടുമ്പോഴും പ്രതിപക്ഷങ്ങൾ സമരങ്ങൾ സംഘടിപ്പിക്കുമ്പോഴും രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥ ലോബികൾ മുതൽ ന്യായാധിപന്മാർ വരെ ഇവക്ക് കൂട്ടുനിൽക്കുന്ന അനുഭവങ്ങൾ വർദ്ധിക്കുകയാണ്. 


മരടിലെ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളും (മാധ്യമങ്ങൾ പൊതുവായി) എടുത്ത സമീപനം കരുണ മെഡിക്കൽ കോളജ്ജിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാർ കൈകൊണ്ട രാഷ്ട്രീയ തീരുമാനത്തെ ഓർമ്മിപ്പിക്കുന്നു പരമോന്നത കോടതി സ്വീകരിച്ച കർക്കശമായ നിലപാടുകൾ സംസ്ഥാന സർക്കാരിന്റെ സമ്പന്നരോടുള്ള പക്ഷപാതിത്വത്തെ തുറന്നു കാട്ടി.500 ൽ താഴെ വരുന്ന കുടുംബങ്ങളുടെ വേദനയിൽ പങ്കാളികളാകുവാൻ മുന്നിൽ നിന്നവർ (സുപ്രീം കോടതി ഒഴിച്ചുള്ള )യഥാർത്ഥത്തിൽ നിയമ ലംഘകരായ കെട്ടിട നിർമ്മിതാ ക്കളുടെ സഹായികളാേ ഏജന്റൻമാരോ ആയിട്ടാണ് പ്രവർത്തിക്കുവാൻ  ഇഷ്ടപ്പെട്ടത്.


മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ചു വരുന്ന കൈരളി ചാനൽ Executive ,സ്വന്തം ഫ്ലാറ്റ് വിഷയത്തിൽ നടത്തിയ വിശദീകരണവും അതിന്റെ യുക്തി രാഹിത്യവും സംസ്ഥാന ഭരണകർത്താവിന്റെ നിഷ്പക്ഷതയേയും സത്യസന്ധത യേയും വരെ സംശയത്തോടെ കാണുവാൻ പ്രേരിപ്പിക്കുന്നു.


ഡൽഹിയിൽ ദേശാഭിമാനിയുടെ പത്രപ്രവർത്തകനും കണ്ണൂർകാരനും മുൻ SFI നേതാവുമായ വ്യക്തിക്ക് കേരളത്തെ പറ്റി ബാഹ്യമായ ധാരണയേ ഉണ്ടായിരുന്നുള്ളൂ എന്നു തുടങ്ങുന്ന വിശദീകരണം മലയാളികളെ വിഡ്ഢികളാക്കുവാനുള്ള ശ്രമമായി കരുതണം. മലയാള വാർത്തകളിൽ കേരളത്തെ ബാധിക്കുന്ന ദൈനം ദിന വിഷയങ്ങൾക്ക് പ്രധാന ഇടമുണ്ടെന്ന് അറിയാത്തവർ ചുരുക്കമാണ്.അങ്ങനെ യിരിക്കെയാണ്  പത്ര പ്രവർത്തകനായ വ്യക്തിക്ക് എറണാകുളത്തെ അനധികൃത നിർമ്മാണങ്ങളെ പറ്റി  ധാരണയില്ലായിരുന്നു എന്നു പറയുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ''ഉത്തരേന്ത്യയില്‍ നല്ലൊരു കാലം ചിലവഴിച്ച എനിക്കും കുടുംബത്തിനും കേരളത്തിലെ സംവിധാങ്ങളെ കുറിച്ച് ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ'' എന്ന് ഓർമ്മിപ്പിക്കുമ്പോൾ ഇയാളുടെ investigative journalism  പൊള്ളയായിരുന്നു എന്നുറപ്പിക്കാം.


(ഫ്ലാറ്റുകൾക്കു വിലക്കുറവുള്ള നഗരമായിരുന്നു കൊച്ചി എന്നും) താൻ സ്വന്തമാക്കിയ ഫ്ലാറ്റിന്റെ വില 22 ലക്ഷമാണെന്ന വെളിപ്പെടുത്തൽ കേവലം വ്യക്തിപരമായിട്ടുള്ളതാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ടീമിൽ പെട്ട ഒരാൾ ഇങ്ങനെ പ്രതികരിച്ചത് ?
 സാധാരണക്കാരുടെ ബജറ്റിലൊതുങ്ങിയ ഒരു ഫ്ലാറ്റ് വാങ്ങുവാൻ റെയിൽവേ ഉദ്യോഗസ്ഥയായ തന്റെ ജീവിത പങ്കാളിക്കും പത്ര പ്രവർത്തകനായ തനിക്കും അവകാശമില്ലേ എന്നതാണ് വിമർശകരോടായി പാലോറ മാതമാരുടെ ഉടമസ്ഥത യിലുള്ള പത്രത്തിന്റെ മുൻ ഉദ്യോഗസ്ഥന്റെ സംശയം 


ഫ്ലാറ്റിന്റെ വലിപ്പത്തേ പറ്റി പറയുന്നിടത്ത് പത്ര പ്രവർത്തരുടെ ഇടയിലെ സഖാവായ ഈ മനുഷ്യന്റെ തെറ്റിധരിപ്പിക്കൽ വീണ്ടും ആവർത്തിക്കുന്നു. ഒരു ഫ്ലാറ്റിന്റെ യഥാർത്ഥ വലിപ്പം Super Built up Area ആയിരിക്കെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്  തന്റെ വീടിന്റെ വലിപ്പം Carpet Area യിൽ സൂചിപ്പിച്ചു. 1400 ച.മീറ്റർ Carpet Area എന്നവകാശപ്പെടുന്ന വീടിന് നൽകേണ്ട വില തീരുമാനിക്കുന്നത് Super Built up Area യുടെ അടിസ്ഥാനത്തിലാണ്. ഇവിടെ യഥാർത്ഥ വില നൽകേണ്ടത് Super Built up Areaയായ 1400 +  1100 നാണ്. ( Wet area + Wall area + Common Area )  = 2500 ച.അടി) Water friend , Premium, Luxury Apartment കൾക്ക് 10 വർഷങ്ങൾക്കു മുൻപ് തന്നെ 5000 രൂപ വിലയുണ്ടായിരുന്നു. ചുരുക്കത്തിൽ 1.25 കോടി വില വരുന്ന ഫ്ലാറ്റ് 20 ലക്ഷം രൂപയ്ക്ക് വാങ്ങി എന്നു സമ്മതിക്കുമ്പോൾ ഒരേ സമയം വലിപ്പവും വിലയും  കുറച്ചു പറയുവാൻ കൈരളി ചാനൽ Executive കാട്ടുന്ന താൽപ്പര്യം പ്രകടമാക്കപ്പെടുകയാണ്. സർക്കാരിനെ സ്വന്തം ലാഭത്തിനായി  കബളിപ്പിച്ച കണക്കുകൾ പുറത്തുവിടുമ്പോൾ അതിന്റെ പേരു ദോഷം മുഖ്യമന്ത്രിക്കും അവരുടെ പാർട്ടിക്കുമാണെന്ന് മുൻ SFI നേതാവ്  മനസ്സിലാക്കുന്നില്ല. പാർട്ടികാരെ സംബന്ധിച്ച് ഇതൊന്നും ഞങ്ങളുടെ വിഷയമല്ല എന്ന മട്ടിൽ ഫ്ലാറ്റ് കമ്പനികൾക്കായുള്ള ദല്ലാൾ പണി അവർ തുടരുന്നുണ്ട്.


''സുപ്രീംകോടതി വിധി പ്രകാരം ഫ്‌ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറു വിരല്‍ പോലും ഞാന്‍ അനക്കിയിട്ടില്ല.അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല. ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ. അങ്ങിനെ ആയിരുന്നെങ്കില്‍ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ: സംസ്ഥാന ഗവണ്‍ന്മെന്റിന്റെ അധികാര പരിധിയിലുള്ള തീര ദേശ മാനേജ്മന്റ് അതോറിറ്റി ഫ്‌ലാറ്റ് പൊളിക്കണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോഴും.
സുപ്രീം കോടതി നിയോഗിച്ച, കേരള ഗവണ്‍മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫ്ളാറ്റിനെതിരെ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും.''


ഈ വരികളിൽ ഉയർന്നു നിൽക്കുന്നത് സ്വജനപക്ഷപാത ശീലത്തിന്റെയും നിയമങ്ങളെ വെല്ലു വിളിക്കുവാനുള്ള ശേഷിയുടെയും സ്വരമാണ്. സൂചിപ്പിച്ച രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയെയും നീതി ബോധത്തെയും പുശ്ചിക്കും വിധത്തിൽ തനിക്ക് വേണമായിരുന്നു എങ്കിൽ ഇവരെ വിലക്കെടുക്കാമായിരുന്നു എന്ന ധ്വനിയിൽ നിന്നും ആരെയും നിയന്ത്രിക്കുവാൻ  തനിക്കു കഴിയുമെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ മാധ്യമ നേതാവ്.


നിരപരാധികളാണ് ഫ്ലാറ്റുടമകൾ എന്ന വാദം മാറ്റുചിലരെ പോലെ ഇവിടെയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആവർത്തിക്കുന്നത് താൻ ചെയ്തതു പോലെ സർക്കാരിൽ നിന്നും വസ്തുതകൾ മറച്ചുവെക്കുവാൻ വെമ്പിയ കൂട്ടരെ ന്യായീകരിക്കുവാനുള്ള ശ്രമമാണ് ഇവിടെ ആവർത്തിച്ചത് എന്നു വ്യക്തം.


നിയമങ്ങളെ വെല്ലുവിളിച്ച് എടയ്ക്കൽ ഗുഹാ പരിസരം മുതൽ കടൽ തീരങ്ങളിൽ വരെ നടക്കുന്ന അനധികൃത നിർമ്മാണങ്ങളെ വികസന വാദമുയർത്തി ന്യായീകരിക്കുന്ന ഏതൊരാളും നിർമ്മാണ  മാഫിയകളെ സഹായിക്കലാണ് ലക്ഷ്യം വെക്കുന്നത്.


തൊഴിലാളി വർഗ്ഗത്തിന്റെ നാവായി അറിയപ്പെട്ട ദേശാഭിമാനിയുടെയും ജനകീയ സംരംഭമായ കൈരളിയുടെയും നേതൃത്വത്തിലുള്ള ഒരാളും സർവ്വോപരി  മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്മായ വ്യക്തി കളവുകൾ നിരത്തി, നിഷ്കളങ്കത്വം അഭിനയിച്ച് ,അനധികൃത നിർമ്മാണങ്ങളെ ന്യായീകരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ആഫീസ് ഇത്തരക്കാരുടെ സാനിധ്യത്തിലാണ് പ്രവർത്തിക്കുന്നത് എന്ന വസ്തുത മലയാളികളെ ലജ്ജിപ്പിക്കുവാൻ പര്യാപ്തമാണ്.


സുപ്രീം കോടതി തീരദേശത്തുള്ള  അനധികൃത നിർമ്മാണങ്ങളെ പറ്റി അന്വേഷിക്ക ണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിനെ 100 % വും ജനങ്ങൾ സ്വാഗതം ചെയ്യും. മരടിലെ കെട്ടിടങ്ങളെ സംരക്ഷിക്കുവാൻ അഹോരാത്രം പണി ചെയ്ത സർക്കാർ, ത്രിതല പഞ്ചായത്ത്, രാഷട്രീയ , ഉദ്യോഗസ്ഥരെ അസ്വസ്ഥമാക്കുന്ന കോടതി തീരുമാനങ്ങളെ എങ്ങനെ അട്ടിമറിക്കാം എന്ന അന്വേഷണത്തെ ചെറുത്തു തോൽപ്പിക്കുവാൻ കേരളം സന്നധമാകണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment