ആനക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട ആനയെ വീണ്ടും പിടികൂടി; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകൻ




ഒരു വര്‍ഷം മുന്‍പ് ചങ്ങലപൊട്ടിച്ച് കാട്ടിലേക്കു മറഞ്ഞ ആനയെ വീണ്ടും കര്‍ണാടക വനം വകുപ്പ് പിടികൂടി. ദുബാരെ ആനക്യാംപില്‍ നിന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാട്ടിലേക്കു കടന്ന കുശ കൊമ്പനെയാണ് നാലു കുങ്കിയാനകളുടെ സഹായത്തോടെ ക്യാംപ് അധികൃതര്‍ പിടികൂടിയത്. മീനുകൊള്ളി സംരക്ഷിത വനത്തില്‍ തളച്ച ഇരുപത്തൊമ്പതു വയസുള്ള കൊമ്പനെ വൈകാതെ ദുബാരെ ക്യാംപിലേക്കു തിരികെയെത്തിക്കും.


കുശയെ പിടികൂടിയതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും ജന്തുസ്നേഹികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയരുന്നുണ്ട്. മനുഷ്യര്‍ക്ക് അപകടമുണ്ടാകുന്നതും കൃഷി നശിപ്പിക്കുന്നതും ഒഴിവാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണു വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍, ഇത് ന്യായവാദങ്ങള്‍ മാത്രമാണെന്നു പരിസ്ഥിതിസ്നേഹികള്‍ പറയുന്നു.


സാധാരണ ഗതിയില്‍ മദപ്പാടു കാലത്തുള്‍പ്പെടെ കാട്ടിലേക്കു പോകുന്ന ക്യാംപിലെ ആനകള്‍ ഇണചേരലിനു തിരികെയെത്തുകയാണ് പതിവ്. എന്നാല്‍, കുശയുടെ കാര്യത്തില്‍ മടങ്ങിവരവുണ്ടായില്ല. തിരികെ വിളിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പാപ്പാന്മാര്‍ക്കെതിരേ ചീറിയടുക്കുകയായിരുന്നു ആന. ഇതിനുശേഷമാണ് മറ്റൊരു ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നത്. സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ അതിനെ ജീവിക്കാന്‍ അനുവദിക്കുകയാണു വേണ്ടതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.


കുടകിലെ ചീതള്ളി മേഖലയില്‍ കൃഷി നശിപ്പിക്കുന്നതു പതിവാക്കിയപ്പോഴാണ് മൂന്നു വര്‍ഷം മുന്‍പ് കുശയെന്നും ലവ എന്നും പേരു നല്‍കിയ രണ്ടു കൊമ്ബന്മാരെ വനംവകുപ്പ് പിടികൂടി ദുബാരെ ക്യാംപിലാക്കിയത്. ക്യാംപിലെ അന്തേവാസികളായ 31 ആനകള്‍ക്കൊപ്പം ഇവയ്ക്കും പരിശീലനം നല്‍കി.


എന്നാല്‍, 2020 മാര്‍ച്ചില്‍ മദപ്പാടിലായ കുശ ചങ്ങല പൊട്ടിച്ച്‌ കാട്ടിലേക്കു കടന്നു. പിന്നീടു പലതവണ പാപ്പാന്മാര്‍ തിരിച്ചുവിളിക്കാന്‍ നോക്കിയെങ്കിലും 17 അംഗങ്ങളുള്ള ആനക്കൂട്ടത്തിനൊപ്പം ഉള്‍ക്കാട്ടിലേക്കു പോകുകയായിരുന്നു കുശ. അടുത്തിടെ താന്‍ ജനിച്ച ചീതള്ളി വനത്തിലെത്തിയ കുശ ഇവിടെ കണ്ടക്കരെ ഭാഗത്തു തങ്ങുകയായിരുന്നു. ഒരു വര്‍ഷമായി ആനയെ പിന്തുടര്‍ന്നിരുന്ന വനംവകുപ്പ് ധനഞ്ജയ, പ്രശാന്ത, സുഗ്രീവ, ലക്ഷ്മണ എന്നീ ആനകളുടെ സഹായത്തോടെ കുശയെ പിടികൂടി. വെറ്ററിനറി ഡോക്റ്റര്‍ മുജീബ്, ഡിആര്‍എഫ്‌ഒ കെ.പി. രഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. ദുബാരെ കൂട്ടിലേക്കു മാറ്റുന്ന ആനയ്ക്ക് രണ്ടു മാസത്തെ പരിശീലനം നല്‍കുമെന്നാണു വനംവകുപ്പ് അറിയിച്ചത്.


പിടികൂടുന്ന ആനകളെ കാട്ടിലേക്കു തിരികെ അയയ്ക്കുന്നതിനാണു വനംവകുപ്പ് മുന്‍ഗണന നല്‍കുന്നതെന്നു റിട്ട. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്സ് ബി.കെ. സിങ് വിശദീകരിക്കുന്നു. എന്നാല്‍, വനംവകുപ്പിനു മേല്‍ പൊതുജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സമ്മര്‍ദമുണ്ടാകും. 200 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ട ആന വീണ്ടും പഴയ കാട്ടിലേക്കു തിരികെയെത്തിയ സംഭവങ്ങളുമുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണു ക്യാംപിലേക്കു മാറ്റുന്നതെന്നും സിങ്.


കാട്ടാനയെ പിടികൂടുക എന്നത് വനംവകുപ്പിനെ സംബന്ധിച്ചു സങ്കടകരവും കടുത്തതുമായ തീരുമാനമാണെന്നു കര്‍ണാടക വന്യജീവി ബോര്‍ഡ് അംഗം ജോസഫ് ഹൂവര്‍ പറയുന്നു. വനവിസ്തൃതി ചുരുങ്ങി വരികയും ആനത്താരകള്‍ നശിക്കുകയും ചെയ്തതാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിനു പ്രധാന കാരണം. ആസൂത്രണമില്ലാത്ത വികസനത്തിന്റെ ദുരന്തഫലമാണിതെന്നും ഹൂവര്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment