മുനിയറഖനനം: പഞ്ചായത്ത് അധികൃതരുടെ ഭീഷിണിക്കിടയിലും പഠനം പൂർത്തിയാക്കി കേരളാ സർവ്വകലാശാല സംഘം




അടൂര്‍: ഏനാദിമംഗലം പാറേക്കടവില്‍ കേരള സര്‍വകലാശാല പ്രൊജക്ടിന്റെ ഭാഗമായി ഉത്ഘനനത്തിലേര്‍പ്പെട്ടിരുന്ന സംഘത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള അഞ്ചംഗ സംഘം അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. പി.എച്ച്.ഡി. വിദ്യാര്‍ഥികളോടും അധ്യാപകരോടുമാണ് സംഘം മോശമായി പെരുമാറിയത്. ഇവർ ഭീഷണി മുഴക്കിയതായും സംഘം പറയുന്നു. അതേസമയം, മുനിയറകളുടെ ഉത്ഖനനം കഴിഞ്ഞ് 13 അംഗ സംഘം വെള്ളിയാഴ്ച വൈകീട്ട്‌ മടങ്ങി.


വ്യാഴാഴ്ച വൈകിട്ട് ഇവിടെയെത്തിയ സംഘത്തിലെ ഒരാൾ  ഖനനം നടക്കുന്നതിന് ചുറ്റും കെട്ടിയിരുന്ന വേലി ഭേദിച്ച് അകത്തുകടന്നത് ചോദ്യം ചെയ്തതാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ചൊടിപ്പിച്ചത്. അകത്തു കയറിയ പഞ്ചായത്ത് ക്ലാർക്ക് സര്‍വകലാശാല അധ്യാപകനോട് തട്ടിക്കയറുകയും മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയുമായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിങ്ങള്‍ ഇവിടെ കുഴിക്കുന്നതെന്നും ഒന്നരയടി താഴ്ച്ചയില്‍ കുഴിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നും എല്ലാവരെയും നിയമത്തിന്റെ കുരുക്കില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും സംഘാംഗങ്ങള്‍ ഗ്രീൻറിപ്പോർട്ടറോടു പറഞ്ഞു.


കേന്ദ്രസര്‍ക്കാരിന്റെയും ജില്ല കലക്ടറുടെയും അനുമതി വാങ്ങിയാണ് തങ്ങള്‍ ഖനനം നടത്തിയതെന്നും പഠന ഭാഗമായി കണ്ടെത്തിയ ചരിത്ര ശേഷിപ്പ് ഗ്രാമത്തിനു മുതല്‍ക്കൂട്ടാണെന്നും അവര്‍ പറഞ്ഞപ്പോഴും സംഘത്തെ വെല്ലുവിളിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയും കൂടെയുള്ളവരും മടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഇതേസമയം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശും വൈസ് പ്രസിഡന്റ് സി. രാജ്പ്രകാശും മറ്റും തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.


പഞ്ചായത്തിലെ മലനിരകളും നെൽപ്പാടങ്ങളും ലക്ഷങ്ങൾ കോഴവാങ്ങി ഇടിച്ചുനിരത്തി കടത്തികൊണ്ടു പോകാൻ കൂട്ടുനിൽക്കുന്ന ജീവനക്കാർ ഗവേഷണ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭീഷിണിപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ബന്ധപ്പെട്ട വകുപ്പധികാരികൾ സ്വീകരിക്കണമെന്ന് ചായലോട് ജനകീയസമിതി ആവശ്യപ്പെട്ടു.


അതേസമയം,  2000 ലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്ന മുനിയറയുടെ ചരിത്രം തേടിയ കേരള സര്‍വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാര്‍ഥികള്‍ മൃതദേഹം അടക്കം ചെയ്തതായി കരുതുന്ന കറുപ്പും ചുവപ്പും കലര്‍ന്ന മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. .ഏനാദിമംഗലത്തിന്റെ പൈതൃകം' എന്ന വിഷയത്തില്‍ കാര്യവട്ടം ക്യാമ്പസിലെ എം.എ ഹിസ്റ്ററി വിഭാഗം വിദ്യാര്‍ഥി ഹരിനാരായണന്‍ സമര്‍പ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം മെയ് നാലിന് ഖനനം ആരംഭിച്ചത്.  'കേരള മെഗാലിത്തിക് ഗസറ്റിയര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ജപ്പാന്‍ സ്വദേശി അടക്കം 11 പി.എച്ച്.ഡി വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിനെത്തിയത്.


ഓരോ നിശ്ചിത ദൂരം ഖനനം ചെയ്യുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധനകളും നടത്തി.  കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. ജി.എസ്. അഭയന്‍, ഡോ. എസ്.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പി.എച്ച്.ഡി വിദ്യാര്‍ഥികളായ ജപ്പാന്‍ സ്വദേശി അകാനോരി, മുഹമ്മദ് ഫസലു, ആര്‍. ഹസീന്‍ രാജ, പി. സൂര്യ, എം.എസ്. സുജന്‍പാല്‍, അനന്ദു വി. ദേവ്, എം.എസ്. സാന്ദ്ര, മുഹമ്മദ് മുഹ്സിന്‍, കുംഭോദരന്‍, കെ.എസ്. അരുണ്‍കുമാര്‍ എന്നിവരും മാര്‍ഗദര്‍ശിയായ ഹരിനാരായണനും പങ്കെടുത്തു. 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment