ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ; വിവിധ ഇടങ്ങളിൽ റെഡ് അലർട്ട്




ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. ഡൽഹിയിൽ 47 ഡിഗ്രി വരെ ചൂടാണ് കഴിഞ്ഞ രണ്ട് ദിവസമായി അനുഭപ്പെടുന്നത്. ഇതേതുടർന്ന് ഡൽഹിയിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, രാജസ്ഥാനിലെ ചുരുജില്ലയില്‍ താപനില 51 ഡിഗ്രിവരെ എത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യ അഭിമുഖീകരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ഈ സീസണിലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി, 48.2 ഡിഗ്രി.  ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും താപനില 46ന് മുകളിലെത്തിയതോടെ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.


കടുത്ത വേനല്‍ച്ചൂടില്‍ വലയുകയാണ് ഡല്‍ഹിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങള്‍. വൈകിയെത്തിയ വേനലിന്റെ തുടക്കത്തില്‍ തന്നെ കൊടുംചൂട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.


ചൂടിനൊപ്പം പൊടിക്കാറ്റും രൂക്ഷമായതോടെ ജനജീവിതം ദുസഹമായി. വരുംദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ സാഹചര്യത്തില്‍ പകല്‍ സമയത്തെ പൊതു ഇടങ്ങളിലെ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ചൂട് കൂടിയതോടെ ജലക്ഷാമവും വൈദ്യുതി തടസ്സവും പതിവായിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


നഗരം ചൂടിലുരുകാൻ തുടങ്ങിയതോടെ പുറംപണികളിലേർപ്പെടുന്ന തൊഴിലാളികളാണ് ഏറ്റവും വലഞ്ഞത്. പുറംപണികളിലേർപ്പെടുന്നവർ നിർജ്ജലീകരണം ഉണ്ടാവാതെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളും ഗർഭിണികളും പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവരും സൂക്ഷിക്കണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment