കേരളത്തോടൊപ്പം ഉത്തരേന്ത്യയും ചുട്ടുപൊളളുന്നു; ഉഷ്ണക്കാറ്റ് ശക്തം




ന്യൂഡല്‍ഹി: കേരളം ചുട്ട് പൊള്ളുമ്പോൾ സമാനമായ കാലാവസ്ഥയാണ് ഉത്തരേന്ത്യയിലും അനുഭവപ്പെടുന്നത്. ജയ്‌പൂരിൽ 38 ഡിഗ്രിയാണ് ഇന്നത്തെ താപനില. കാൻപൂരിൽ 37 ഡിഗ്രി, ലക്‌നൗ, മുസാഫർനഗർ തുടങ്ങിയിടങ്ങളിൽ 36 ഡിഗ്രിയുമാണ് ഇന്നത്തെ താപനില. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് സൂചന. ഉത്തരേന്ത്യയിൽ ഉഷ്ണക്കാറ്റ് ശക്തമാണെന്നാണ് വിവരം. 


ഉഷ്ണക്കാറ്റ് ഉത്തരേന്ത്യയിൽ കൂടുതല്‍ ചൂടിലേക്ക് എത്തിക്കും. ഡൽഹിയിലും പഞ്ചാബിലുമെല്ലാം വരും ദിവസങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് വിവരം. ഉഷ്ണകാറ്റുകള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇത് മൂലം മൂന്ന് മാസത്തെ ശരാശരി താപനിലയേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നും ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.


ശാന്തസമുദ്രത്തിന്റെ തെക്കു കിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമായ എല്‍നിനോ മൂലമാണ് ചൂട് വര്‍ദ്ധിക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിശദീകരണം. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും സമാനമായ കടുത്ത ചൂടിന് സാധ്യതയുളളതായി മുന്നറിയിപ്പുണ്ട്.


കഴിഞ്ഞ ദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലേക്ക് ചൂടിലേക്കുയർന്ന മുംബൈ വീണ്ടും സാധാരണ നിലയിലേക്ക് എത്തി. 33 ഡിഗ്രിയാണ് ഇന്നത്തെ മുംബൈയിലെ താപനില. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മാര്‍ച്ച്‌ മാസത്തില്‍ മുംബൈയില്‍ അനുഭവപ്പെടുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ താപനിലയാണ് കഴിഞ്ഞ ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. മുംബൈയില്‍ മാര്‍ച്ച്‌ മാസത്തിലെ ശരാശരി ഉയര്‍ന്ന ചൂട് 32.8 ഡിഗ്രിയാണ്. ഇതിലും 7.5 ഡിഗ്രി കൂടുതലാണ് കഴിഞ്ഞ  തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ നഗരം രേഖപ്പെടുത്തിയത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment