പരിസ്ഥിതിക്ക് ഏറെ ദോഷകരമായ ആറ്  പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുന്നു




ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് ഏറെ ദോഷമായതും പുനരുപയോഗിക്കാന്‍ പറ്റാത്തതുമായ ആറ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പ്ലേറ്റ്, ചെറിയ കുപ്പികള്‍, സ്ട്രോ, ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധിച്ചേക്കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 


ആറ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ ആകെ പ്ലാസ്റ്റിക് ഉപയോഗത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറവാണുണ്ടാവുക. ഈ വസ്‌തുക്കൾക്ക് സമ്പൂർണ നിരോധനമാണ് ഏര്‍പ്പെടുത്തുക. ഇവയുടെ ഉല്‍പാദനം, ഉപയോഗം, ഇറക്കുമതി എന്നിവ നിരോധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


നിരോധനത്തിന് ശേഷം ആറ് മാസം ഇളവുകള്‍ അനുവദിക്കുമെങ്കിലും അതിന് ശേഷം പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്ബനികളോടും പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും.


പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ പറഞ്ഞിരുന്നു. പിന്നീട് നടത്തിയ മന്‍ കിബാത്തിലും ഇക്കാര്യം ആവര്‍ത്തിച്ചു. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികമായ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് മോദി ആഹ്വാനം ചെയ്തത്.


പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വലിയ പങ്കും പുന:രുപയോഗം സാധ്യമല്ലാത്ത ഉല്‍പന്നങ്ങളാണ്. ഇതിന്‍റെ 50 ശതമാനവും സമുദ്രങ്ങളിലാണ് എത്തിച്ചേരുന്നത്. ഇത് ജലജീവികളെ ഇല്ലാതാക്കുന്നതിനൊപ്പം ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യനിലേക്കും എത്തിച്ചേരുന്നുണ്ട്. അതോടൊപ്പം, നിലവിൽ നിരോധിക്കുന്ന മിക്ക ഉത്‌പന്നവും ഉപയോഗ ശേഷം മണ്ണിൽ ഇടുന്നവയാണ്. ഇവ മണ്ണിൽ ലയിക്കാതെ കിടക്കുന്നത് മണ്ണിനും പ്രകൃതിക്കും ഏറെ ദോഷകരമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment