അതിശക്തമായ ഇടിമിന്നൽ; 24 മണിക്കൂറിനിടെ മരിച്ചത് 73 പേർ




പറ്റ്ന: ഉത്തരേന്ത്യയിൽ ശക്തമായ ഇടിമിന്നൽ. ബീഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിന്‍റെ ചില ഭാഗങ്ങളിലുമാണ് കനത്ത ഇടിമിന്നല്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 73 കവിഞ്ഞു. ചൊവ്വാഴ്ച രാത്രിക്കുശേഷമാണ് ബീഹാറിലും ജാര്‍ഖണ്ഡിലും ശക്തമായ ഇടിമിന്നലുണ്ടായത്.


ബീഹാറില്‍ മാത്രമായി ഇടിമിന്നലില്‍ മരണമടഞ്ഞത് 39 പേരാണ്. ജാര്‍ഖണ്ഡില്‍ 28 പേരും ഉത്തര്‍ പ്രദേശില്‍ 6 പേരും മരണമടഞ്ഞു. ഔറംഗാബാദ്, ഈസ്റ്റ് ചമ്ബാരന്‍, ഭഗല്‍പുര്‍ ജില്ലകളിലാണ് ബീഹാറില്‍ മിന്നലേറ്റു മരണമുണ്ടായത്. ജാര്‍ഖണ്ഡില്‍ ജാംതാര, രാംഗഡ്, പകുര്‍ ജില്ലകളിലാണ് മരണം സംഭവിച്ചത്. 


അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ, ഗുരുതരമായി പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍ പ്രദേശ്‌, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.


ഏതാനും നാൾ മുൻപ് വരെ കടുത്ത വേനൽ ആയിരുന്ന ഇവിടം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മഴ പെയ്യാൻ തുടങ്ങിയത്. രാജ്യത്തെ മൊത്തം കാലാവസ്ഥയിലും ഈ അടുത്ത കാലത്തായി വലിയ തോതിലുള്ള മാറ്റമാണ് പ്രകടമായി കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ കൂടുതൽ പ്രകടമായ മാറ്റങ്ങൾ ഇനിയും തുടർന്നേക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment