മഹ ചുഴലിക്കാറ്റ് ദിശമാറി ഗുജറാത്ത് തീരത്തേക്ക്




തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് ദിശമാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, ഇന്ന് ഇടുക്കിയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം. ഗുജറാത്ത് തീരത്ത് എത്തുമ്ബോള്‍ തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റായി മാറുമെങ്കിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് പ്രവചനം. 


അതേസമയം, അറബിക്കടലില്‍ ഇരട്ടച്ചുഴലിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യനമര്‍ദ്ദം രൂപപ്പെടുന്നു. ആന്‍ഡമാന്‍ തീരത്തിനടുത്ത് രണ്ടോ മൂന്നോ ദിവസത്തിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 


അതേസമയം മഹ ചുഴലിക്കാറ്റിന്റെ ഭാഗമായി ഗുജറാത്ത് സൗരാഷ്ട്ര തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് വഴി നൽകിയ മുന്നറിയിപ്പിന്റെ പൂർണരൂപം


'മഹ' ചുഴലിക്കാറ്റ് (MAHA Extremely Severe Cyclonic Storm)- അപ്‌ഡേറ്റ്

ഗുജറാത്ത് തീരത്തിന് സൈക്ലോൺ അലേർട്ട്

പുറപ്പെടുവിച്ച സമയം: 6 PM 4/11/2019


അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 12 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി മധ്യ-പടിഞ്ഞാറൻ അറബിക്കടലിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.


2019 നവംബർ 4 ന് വൈകീട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 18.7°N അക്ഷാംശത്തിലും 64.4°E രേഖാംശത്തിലും ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 690 കിമീ ദൂരത്തിലും ദിയുവിൽ നിന്ന് തെക്ക്-പടിഞ്ഞാറായി 740 കിമീ ദൂരത്തിലും ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് തെക്ക്-പടിഞ്ഞാറ് ദിശയിൽ 660 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. നവംബർ 5 രാവിലെ വരെ ചുഴലിക്കാറ്റ് ശക്തി കൂടിക്കൊണ്ടിരിക്കുകയും അതിന് ശേഷം ക്രമേണയായി ശക്തി കുറയാനും തുടങ്ങും. അടുത്ത 18 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിസ്റ്റം ശേഷം ദിശ തിരിഞ്ഞു (Re-curve) വടക്കുകിഴക്ക് ദിശയിൽ അതിവേഗം സഞ്ചരിച്ച് നവംബർ 7 ന് പുലർച്ചെയോട് കൂടി ദിയുവിനും പോർബന്ദറിനും ഇടയിലൂടെ ഗുജറാത്ത് തീരത്ത് പ്രവേശിക്കുമെന്ന് (Landfall) പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ അതിതീവ്ര (Extremely Severe Cyclonic Storm) ചുഴലിക്കാറ്റ് വിഭാഗത്തിൽ പെടുന്ന 'മഹ' അടുത്ത ദിവസങ്ങളിൽ ശക്തി കുറഞ്ഞു ഒരു ചുഴലിക്കാറ്റ് (Cyclonic Storm) മാത്രമായിട്ടായിരിക്കും ഗുജറാത്ത് തീരത്ത് പ്രവേശിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.


അതിതീവ്ര ചുഴലിക്കാറ്റ് (Extremely Severe Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത 167 കിമീ മുതൽ 221 കിമീ വരെയുള്ള ഘട്ടമാണ്. ചുഴലിക്കാറ്റ് (Cyclonic Storm) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 മുതൽ 88 കിമീ വരെ വേഗതയുള്ള സിസ്റ്റങ്ങളെയാണ്. നിലവിലെ അനുമാനപ്രകാരം മഹ ഗുജറാത്ത് തീരം തൊടുമ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയുണ്ടാകാനിടയുണ്ട്.


മഹാചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നിന്ന് കേരളം ഒഴിവായിരിക്കുന്നു. പ്രക്ഷുബ്ധമായ കടൽ മേഖലകൾ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.


*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment