പ്രകൃതിയെ മറന്ന മോദിയുടെ അഞ്ച് വർഷങ്ങൾ




ഹിമാലയത്തിന്‍റെ സംരക്ഷണം ഉറപ്പു നല്‍കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച ജൂണ്‍ 30, 2008 മുതല്‍ രാജ്യത്തെ ആദ്യ കാലാവസ്ഥ സംരക്ഷണ ദേശിയ പദ്ധതിയായ ( National action plan on climate change) National Mission  Himalayan യുടെ പുരോഗതി കഴിഞ്ഞ 5 വര്‍ഷവും മുന്‍കാലത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നില്ല. 5 കോടിയില്‍ അധികം ആളുകള്‍ താമസിച്ചു വരുന്ന ഹിമാലയന്‍ മലനിരകളുടെ തകര്‍ച്ച ഒരു തടസ്സവും കൂടതെ തുടരുന്നു. ഹിമാലയത്തില്‍ പണിയുന്ന ഡാമുകളില്‍ ഇന്ത്യയുടെ പങ്ക് ചൈന കഴിഞ്ഞാല്‍ മുന്നില്‍ തന്നെ. നിര്‍മ്മിക്കുന്ന റോഡുകള്‍, ടൂറിസത്തിന്‍റെ പേരിലെ കൈയേറ്റങ്ങള്‍ , ഗംഗയും യമുനയും അനുഭവിക്കുന്ന നീരൊഴുക്കിലെ കുറവ് ഒക്കെ  നിരാശാജനകമാണ്. മഞ്ഞുരുകൽ തുടരുന്നു. പൈൻകാടുകൾ കുറഞ്ഞു വരുന്നു. കച്ചവടകേന്ദ്ര ങ്ങളായി ർത്ഥാടനങ്ങൾ മാറുന്നതിനാൽ മാനസസരോവർ, അമർനാഥ്, ഗംഗോത്രി എന്നിവിടങ്ങളിൽ  പ്ലാസ്റ്റിക് മാലിന്യങ്ങൾ  അടിഞ്ഞു കൂടി കഴിഞ്ഞു.  ശ്രീ മോദി സര്‍ക്കാര്‍ ഹിമാലയന്‍ മലകളുടെ സംരക്ഷണത്തില്‍ നടത്തുന്ന താൽപ്പര്യക്കുറവ്  ലോകത്തെ അത്ഭുത ഭൂമിയെ തകർത്തെറിയുകയാണ്.


രാജ്യത്തെ കാടുകളുടെ സംരക്ഷണത്തെ പറ്റി പരാമര്‍ശിച്ച BJP, അവരുടെ  5 വര്‍ഷ കാലത്തെ ശ്രമങ്ങള്‍ വിപരീത ദിശയില്‍ പ്രവർത്തിച്ചു. .2006 മുതല്‍ രാജ്യത്ത് നടപ്പില്‍ കൊണ്ടുവന്ന വന സംരക്ഷണ നിയമം അട്ടിമറിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. വന അവകാശ നിയമം വനത്തിന്‍റെ യഥാര്‍ഥ ഉടമകളായ അടിമവാസികളെ രക്ഷിക്കുവാനായിരുന്നു. സുപ്രീം കോടതി 11 ലക്ഷം ആദിമാവാസികളെ വനത്തില്‍ നിന്നും ഇറക്കി വിടണമെന്ന തീരുമാനത്തിലെത്തുവാൻ  അവസരം ഉണ്ടാക്കിയ  കേന്ദ്ര സര്‍ക്കാര്‍, പ്രസ്തുത നിയമത്തെ പൂര്‍ണ്ണമായും ഇല്ലാതെയാക്കി കോര്‍പ്പറേറ്റ്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുവാനുള്ള അന്വേഷണത്തില്‍ ആണ് .


FRA നടപ്പില്‍ കൊണ്ടുവന്നിട്ട് 10 വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും 14% ഭൂമി മാത്രമാണ് ആദിവാസികള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ നടപടികളുടെ ദുരൂഹതകള്‍ മനസ്സിലാക്കുവാന്‍ ഛത്തീസ്ഗട്ടിലെ 1.7 ലക്ഷം ഹെക്ടര്‍ വനത്തില്‍ അദാനിക്ക് ഖനന അനുമതി നല്‍കിയ തീരുമാനം ഓർത്താൽ മതി. നമ്മുടെ  സര്‍ക്കാര്‍  മറ്റൊരു   കാടിനെ കൂടി കോര്‍പ്പരേറ്റുകള്‍ക്ക് കൈമാറി കഴിഞ്ഞു.


ഗംഗ, യമുന ഇന്‍ഡസ്സ് തുടങ്ങിയ നദികള്‍ മുതല്‍ കാവേരിയും കൃഷ്ണയും കേരളത്തിലെ നദികള്‍ വരെ ചെറുതായി കൊണ്ടിരിക്കുന്നു.  പ്രതിസന്ധികള്‍ കുറവുള്ള നദി ബ്രഹ്മ പുത്ര മാത്രം. ഗംഗയുടെ ശുദ്ധീകരണത്തെ വിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിക്കുവാൻ BJP സർക്കാർ പ്രത്യേകം ശ്രദ്ധ കാട്ടിയിരുന്നത് മറക്കുവാൻ കഴിയില്ല. ലോകത്തെ  വൃത്തികെട്ട നദികളുടെ പട്ടികയിൽ  മുന്നിൽ നിൽക്കുന്ന ഗംഗ ഹരിദ്വാറിൽ എത്തി, മലിന നദിയായി ബാംഗാളിലൂടെ ബംഗാൾ കടലിൽ പതിക്കുമ്പോഴേക്കും അത് വ്യവസായ സ്ഥാപനങ്ങളുടെ കുപ്പതൊട്ടിലായി മാറുകയാണ്. ഗംഗാ ശുചീകരണത്തിനായി കാൽ ലക്ഷം കോടിയുടെ പദ്ധതി ഉണ്ടായിട്ടും  നദിയെ  രക്ഷിക്കുവാന്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും പരാജയപെട്ടു.


എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം എല്ലാ കൃഷി ഇടങ്ങളിലും ജലസേചനം തുടങ്ങിയ വാഗ്ദാനങ്ങള്‍ എങ്ങും എത്താതെ നില്‍ക്കുന്നു. മഴയെ കാത്ത് വിത്തിറക്കുന്നവരാണ് ഇന്ത്യൻ കർഷകരിൽ അധികവും. ജലസേചന സൗകര്യം എത്തിയിട്ടുള്ളത് 47% പുരയിടങ്ങളിൽ മാത്രം. എല്ലാ വീടുകൾക്കും കുടി വെള്ളം എന്ന പദ്ധതി ദശകങ്ങളായി കേൾക്കുന്നതാണ്. അതിന്റെ അവസ്ഥ പഴയ പ്രകാരം തന്നെ. രാജ്യത്തെ ഭൂഗര്‍ഭ  ജലവിതാനം 5400 ക്യൂബിൽ നിന്നും  കുറഞ്ഞു കുറഞ്ഞ്  1800  ക്യുബിക്ക് മീറ്ററില്‍ താഴെ എത്തിക്കഴിഞ്ഞു.2050 ഓടെ അളവ് 1350 ആയി തീരും.


സാഗർ മാല പദ്ധതി രാജ്യത്തെ 8129  കി.മീറ്റർ  നീണ്ടു കിടക്കുന്ന കടൽ തീരങ്ങളുടെ സാമ്പത്തിക വളർച്ചയെ ലക്ഷ്യം വെച്ചുള്ളതാണ് എന്നു സർക്കാർ പറയുന്നു. 8.5 ലക്ഷം കോടിയുടെ 577 പദ്ധതികൾ. 14 Coastal Employment Zone കൾക്കായി തയ്യാറെടുപ്പുകൾ. കടൽ തീര പദ്ധതികൾ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട 1.5 കോടി ജനങ്ങളുടെ (3827 മത്സ്യ ബന്ധന ഗ്രാമങ്ങൾ ) നിത്യജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വിഴിഞ്ഞം പദ്ധതി ഓർമ്മിപ്പിക്കുന്നുണ്ട്.


സേതുസമുദ്രം പദ്ധതി കടലിന്റെ ആവാസ വ്യവസ്ഥയെ (മാന്നാർ കടൽ പാര് ഉൾപ്പെടുന്ന) തകർക്കുമെന്ന് മത്സ്യതൊഴിലാളികൾ ഓർമ്മിപ്പിച്ചു. സുനാമി തിരമാലകൾ വേഗത്തിൽ ആഞ്ഞു വീശുവാൻ അവ അവസരമൊരുക്കും. പദ്ധതി ഉപേക്ഷിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം മാത്രം പുതിയ ദിശയിൽ പദ്ധതിയെ പറ്റി ആലോചിക്കുക എന്ന അഭിപ്രായത്തെ മോദി സർക്കാർ അംഗീകരിച്ചിട്ടില്ല. പദ്ധതിയിൽപെട്ട റെയിൽ നിർമ്മാണത്തിനു പച്ചക്കൊടി കാട്ടിയ NDA സർക്കാർ വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തുകയാണ്.


നാൽക്കാലിയുടെ സുരക്ഷയെ കേവലം വർഗ്ഗീയ അജണ്ടയാക്കി Mob Linching നവസരമൊരുക്കലിനപ്പുറം നാൽക്കാലികളുടെ സംരക്ഷണത്തിൽ വേണ്ട പരിഗണന നൽകാതിരുന്ന സർക്കാർ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനവും മറന്നു പോയിട്ടുണ്ട്.


ഇന്ത്യൻ കർഷകരെ ബഹു രാഷ്ട്ര കമ്പനികളുടെ  കൈകളിൽ എത്തിക്കുന്ന ജനിതക വിത്തുപയോഗം(Genetically Modified ) ഒഴിവാക്കു മെന്നുറപ്പു നൽകിയ NDA സർക്കാർ നെല്ല്, ഗോതമ്പ്, ചോളം, പരുത്തി, കടുക് തുടങ്ങിയ  ജനിതക വിത്തുകൾ  കൃഷി ഇടങ്ങളിൽ എത്തിക്കുവാൻ ശ്രമം നടത്തിയ സർക്കാർ മുൻകാലത്ത് പരുത്തി ജനിതക വിത്തുകൾ വരുത്തിവെച്ച ദുരന്തത്തെ മറന്നു കൊണ്ടാണ് തീരുമാനങ്ങൾ എടുത്തത്. ഇന്ത്യൻ കർഷകരെ വീണ്ടും കുത്തകകളുടെ കൈയ്യിൽ എത്തിച്ച്, കർഷകർക്കും നാൽകാലികൾക്കും പ്രകൃതിക്കും തിരിച്ചടി ഉണ്ടാക്കുന്ന 21 തരം GM വിത്തുകളെ ( പരീക്ഷണങ്ങൾ )  സ്വാഗതം ചെയ്ത മോദി സർക്കാർ അവരുടെ വാഗ്ദാനങ്ങളെ 5 വർഷവും തള്ളിപ്പറയാൻ മടിച്ചില്ല.


ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഏറ്റു വാങ്ങുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് മുഖ്യ സ്ഥാനമാണുള്ളത്‌. പ്രതി വര്‍ഷം ഒരു ലക്ഷം കോടി സാമ്പത്തിക നഷ്ടവും 2000 ഓളം മരണവും ഇവിടെ പ്രതിവർഷം  ആവര്‍ത്തിക്കുന്നു. പാരീസ് ഉടമ്പടിയില്‍ പറയുന്ന 33.33 % എങ്കിലും വനം ഉണ്ടായിരിക്കണം എന്ന ലക്ഷ്യം നേടുവാന്‍, ഹിമാലയം മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിരവധി പദ്ധതികള്‍ സമയബന്ധിതമായി നടപ്പില്‍ കൊണ്ടുവരുവാന്‍ ബാധ്യതയുള്ള  സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രകൃതിയെ നിരന്തരമായി തകര്‍ക്കുകയായിരുന്നു.   


ലോകത്തെ ഏറ്റവും അധികം  പ്രകൃതിസമ്പത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ വൈവിധ്യ പൂർണ്ണമായ മഞ്ഞുമലകളും പൈൻ കാടുകളും വലുതും ചെറുതുമായ നദികളും നീർതടങ്ങളും 25 ലക്ഷം കുളങ്ങൾ, വിവിധ തരം കാടുകൾ, തണ്ണീർതടങ്ങൾ, പശ്ചിമഘട്ടം, കണ്ടൽകാടുകൾ, ഭൂഗർഭ അറകൾ, കടൽ തീരങ്ങൾ, 22.2 KM (12നോട്ടിക്കൽ മൈൽ) വരെയുള്ള കടൽ വരെ കഴിഞ്ഞ 5 വർഷവും തിരിച്ചടി നേരിട്ടു. 5 വർഷങ്ങൾക്കു മുൻപ് BJP നൽകിയ വാഗ്ദാനങ്ങൾ വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുന്നു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ അവതരിപ്പിക്കുന്ന വാഗ്ദാനങ്ങൾ  കേൾക്കുന്നതിനു മുൻപ് കഴിഞ്ഞ കാലത്തെ വാഗ്ദാന ലംഘനങ്ങളെ പരിശോധനക്കു വിധേയമാക്കുവാൻ നമുക്കൊരോരുത്തർക്കും ബാധ്യതയുണ്ട്.


2019 ലെ ദേശീയ തെരഞ്ഞെടുപ്പ്, രാജ്യത്തെ പ്രകൃതി വിഭവങ്ങൾ തകർക്കുവാൻ കൂട്ടുനിന്നവർക്കെതിരായ പ്രതിഷേധമായി തീരട്ടെ. 


ജനാധിപത്യത്തെ പ്രകൃതി സംരക്ഷണത്തിന്റെ ഉപാധിയാക്കുവാൻ പ്രകൃതി വിഭവങ്ങളുടെ സംരക്ഷികരെ മാത്രം തെരഞ്ഞെടുപ്പിൽ അംഗീകരിക്കുക.


രാജ്യത്തെ  Carbon Neutral India എന്ന ലക്ഷ്യത്തിലെത്തിക്കുവാൻ നമുക്കൊന്നിച്ചു പോരാടാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment