നാഗാലാൻറിലെ അനധികൃത ഖനിയിൽ അപകടം; നാലു തൊഴിലാളികൾ മരിച്ചു




നാഗാലാൻറിലെ അനധികൃത ഖനിയിൽ നാലു തൊഴിലാളികൾ മരിച്ചു. നാഗാലാൻറിലെ ലോങ്​ലെങ്​ ജില്ലയിലെ അനധികൃത റാറ്റ്​ഹോൾ ഖനിയിലാണ് കഴിഞ്ഞ ദിവസം​ നാല്​ തൊഴിലാളികൾ മരിച്ചത്​.  ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ജനുവരിയിൽ അനധികൃത ഖനികൾക്ക്​ പ്രവർത്തനം അവസാനിപ്പിക്കാൻ നോട്ടീസ്​ നൽകിയതാണെന്നും എന്നാൽ ഖനികൾ തുടർന്നും പ്രവർത്തിക്കുന്നുണ്ടെന്നാണ്​ സംഭവം കൊണ്ട്​ വ്യക്​തമാകുന്നതെന്നും പൊലീസ്​ പറഞ്ഞു. 


ഖനിയിൽ ചെളിയടിഞ്ഞ്​ ശ്വാസതടസം നേരിട്ടതോ വിഷവാതകം ശ്വസിച്ചതോ ആകാം മരണത്തിനിടയാക്കിയതെന്ന്​ പൊലീസ്​ പറഞ്ഞു. ശനിയാഴ്​ച അർധരാത്രിയിലാണ്​ സംഭവത്തെ കുറിച്ച്​ പൊലീസിന്​ വിവരം ലഭിക്കുന്നത്​. ചെളി അടിഞ്ഞതു കൊണ്ട്​ രണ്ട്​ ദിവസം ഖനി പ്രവർത്തിച്ചിരുന്നി​ല്ലെന്നും വീണ്ടും വന്നപ്പോൾ വിഷവാതകം ശ്വസിക്കാൻ ഇടയായതാകാം മരണത്തിലേക്ക്​ നയിച്ചതെന്നും മരിച്ച തൊഴിലാളികളിൽ ഒരാളുടെ അയൽവാസി പറഞ്ഞു. 


പ്രദേശവാസികളായ ജിതൻ തൻടി(40), കൃഷ്​ണൻ ​െഗാഗോയി(32), ടുട്ടു ദേക(28), സുശൻ ഫുടൻ(37) എന്നിവരാണ്​ മരിച്ചത്​. നാല്​ പേരുടെയും മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടം കൂടാതെ തന്നെ കുടുംബാംഗങ്ങൾക്ക്​ വിട്ടുകൊടുത്തു. പോസ്​റ്റ്​മോർട്ടം വേണ്ടെന്ന്​ കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ്​ മൃതദേഹം വിട്ടുകൊടുത്തതെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. 


കഴിഞ്ഞ വർഷം മേഘാലയയിൽ ഉണ്ടായ ഖനി ദുരന്തത്തിൽ 14 തൊഴിലാളികൾ മരിച്ചിരുന്നു. ഇന്ത്യയിൽ പ്രവർത്തിച്ച് വരുന്ന ഖനികളിൽ ഭൂരിഭാഗത്തിലും തൊഴിലാളികൾക്കെതിരെ കടുത്ത മനുഷ്യാവകാശം നടക്കുന്നതായും കടുത്ത പ്രകൃതി ചൂഷണം നടക്കുന്നതായും നേരത്തെ ഗ്രീൻ റിപ്പോർട്ടർ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment