മാലിന്യ സംസ്കരണത്തിൽ ഉദാസീനത കാണിക്കുന്നു ; കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ രൂക്ഷവിമര്‍ശനം




മാലിന്യ നിർമാർജ്ജന വിഷയത്തിൽ കേരളം  ഉദാസീനത കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യുണലിന്റെ രൂക്ഷ വിമർശനം. മാലിന്യസംസ്കരണത്തിനുള്ള വിശദമായ ആക്ഷൻ പ്ലാൻ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ആക്ഷൻ പ്ലാൻ  സമയബന്ധിതമായി സമര്‍പ്പിച്ചില്ലെങ്കില്‍ വകുപ്പ് മേധാവികൾ, മുൻസിപ്പൽ കോർപ്പറേഷനുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവർക്കെതിരെ  കടുത്ത നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. മാലിന്യനിർമ്മാർജ്ജനം സംബന്ധിച്ച് നൽകിയ വിവിധ നിർദ്ദേശങ്ങൾ അലസതയോടെയാണ് കേരള സർക്കാരും, തദ്ദേശ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതെന്നാണ് രേഖകളിൽ നിന്ന് മനസിലാവുന്നതെന്നും ജസ്റ്റിസ് എസ് പി വാങ്ദിയും വിദഗ്ദ്ധഅംഗം നാഗിന്‍ നന്ദയുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 

 

കോർപ്പറേഷനുകൾ തങ്ങളുടെ പരിധിയിലുള്ള മാലിന്യ ഉൽപ്പാദനത്തിന്റെ കണക്ക് ഇപ്പോഴും ശേഖരിച്ച് വരുന്നതേ ഉള്ളൂ എന്നാണ് മനസിലാക്കുന്നത്. ഓരോ കോര്‍പറേഷനിലും സ്ഥാപിക്കേണ്ട മാലിന്യ സംസ്‌കരണപ്ലാന്റിന്റെ കാര്യത്തില്‍ എന്ത് പുരോഗതി ഉണ്ടായി എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. കേരള സർക്കാരും തദ്ദേശ സ്ഥാപനങ്ങളും മാലിന്യ സംസ്കരണമെന്ന സുപ്രധാന വിഷയത്തോട് കാണിക്കുന്ന തികഞ്ഞ അലംഭാവമാണിതിൽ നിന്ന് വ്യക്തമാകുന്നത്. ഖരമാലിന്യമോ, ദ്രവമാലിന്യമോ ഏതു തരം മാലിന്യമായാലും അവ അടിഞ്ഞുകൂടി പരിസ്ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. 

 

എല്ലാ തദ്ദേശ സ്ഥാപനങ്ങളോടും കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളിൽ സമഗ്രമായ കർമ്മപദ്ധതി സമർപ്പിക്കാനും, ഇതിൽ കൂടുതൽ മാലിന്യം ഉണ്ടാക്കുന്ന മേഖലകൾക്ക് പ്രാധാന്യം നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖരമാലിന്യ സംസ്‌കരണചട്ടം (2016), പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണചട്ടം (2016), ബയോ മെഡിക്കല്‍ ചട്ടം (2016), പരിസ്ഥിതി സംരക്ഷണചട്ടത്തിലെ (1986) ഒന്നു മുതല്‍ നാലുവരെയുള്ള ഭാഗം എന്നിവയെ അടിസ്ഥാനമാക്കി കോര്‍പറേഷന്‍ പരിധിയിലെ എല്ലാ ഗാര്‍ഹിക, വ്യാവസായിക മാലിന്യങ്ങളും മാലിന്യസംസ്‌കരണപ്ലാന്റിലേക്ക് ബന്ധിപ്പിക്കും വിധമായിരിക്കണം കര്‍മപദ്ധതി തയ്യാറാക്കേണ്ടതെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിലുണ്ട്. മാലിന്യ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് 2013 ൽ കേരള ഹൈക്കോടതിയിൽ എത്തിയ ഒരു കേസാണ് ഹരിത ട്രൈബ്യൂണലിലേക്ക് മാറ്റിയത്. ഈ കേസിന്റെ വാദത്തിനിടെയാണ് കേരളത്തിന് കോടതിയുടെ വിമർശനം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment