മോദി സർക്കാർ വികസനത്തിനായി മുറിച്ചത് ഒരുകോടി മരങ്ങള്‍




അഞ്ചുവര്‍ഷത്തിനിടെ 1,09,75,844 മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കണക്കുകള്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വികസന പദ്ധതികള്‍ക്കായി 2014-19നും ഇടയില്‍ മാത്രം വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്. വെള്ളിയാഴ്ച പാര്‍ലമെന്റിലാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. '


നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റ 2014 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച്‌ 31 വരെ രാജ്യത്ത് 1.1 കോടി മരങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വെട്ടിമാറ്റാന്‍ വിവിധ ഏജന്‍സികള്‍ അനുമതി നല്‍കിയതായി പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് ലോക്‌സഭയിൽ അറിയിച്ചു. അതേസമയം, ഇത് സർക്കാർ അനുമതി നൽകി മുറിച്ച മരങ്ങളുടെ മാത്രം കണക്കാണ്. അനുമതിയില്ലാതെയും നൽകിയ അനുമതിയുടെ മറവിൽ അനധികൃതമായി മുറിച്ച മരങ്ങളുടെയും കണക്കെടുത്താൽ അത് പല മടങ്ങ് വരും.


ഇതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് ശനിയാഴ്ച രംഗത്തെത്തി. ഇന്ത്യയുടെ ഭാവി ബി.ജെ.പി. നശിപ്പിക്കുകയാണോയെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ബി.ജെ.പി. അംഗങ്ങളായ രവി കിഷന്റെയും രാജീവ് പ്രതാപ് റൂഡിയുടെയും ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയിലായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം


'മരങ്ങളാണു ജീവന്‍. മരങ്ങളാണ് ഓക്സിജന്‍. മരങ്ങള്‍ കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നു. മരങ്ങള്‍ പരിസ്ഥിതി സംരക്ഷിക്കുന്നു' എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രതിഷേധം.


12 സംസ്ഥാനങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനു 237.07 കോടി രൂപ നല്‍കി. വിറകിനായി കാട്ടുമരങ്ങള്‍ മുറിക്കാതിരിക്കുന്നതിന് 56,319 കുടുംബങ്ങള്‍ക്കു മറ്റ് ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിച്ചു പാചകം ചെയ്യാനാവുന്ന അടുപ്പുകളും നല്‍കിയതായി മന്ത്രി വ്യക്തമാക്കി. ദേശീയ വനവത്കരണ പദ്ധതിക്കായി കഴിഞ്ഞ നാലുവര്‍ഷത്തില്‍ 328.90 കോടി രൂപയും അനുവദിച്ചു.


അതേസമയം, വനവിസ്തൃതി കൂടിയതായി മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ദെഹ്‌റാദൂണിലെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം 2017-ല്‍ രാജ്യവിസ്തൃതിയുടെ 24.39 ശതമാനം വനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2015-ല്‍ ഉള്ളതിനെക്കാള്‍ 8021 ചതുരശ്ര കിലോമീറ്റര്‍ അധികമാണിത്. കാട്ടുതീ കാരണം ഇല്ലാതാവുന്ന മരങ്ങളുടെ എണ്ണം സര്‍ക്കാരിന്റെ പക്കലില്ലെന്നു സഹമന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയില്‍ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment