പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സേവ് കേരള കാമ്പയിൻ കമ്മറ്റി രൂപീകരിച്ചു




വർഷം തോറും ആവർത്തിക്കപ്പെടുന്ന പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യനും പ്രകൃതിക്കുമെതിരായ കോർപ്പറേറ്റ് വികസന നയങ്ങൾക്കെതിരെ പ്രചാരണ -സമര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി സേവ് കേരളാ കാമ്പയിൻ കമ്മറ്റി രൂപീകരിച്ചു. കേരളത്തിന്റെ ഭൂമി ശാസ്ത്രപരമായ നിലനിൽപ്പിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി രാഷ്ട്രീയ- പാരിസ്ഥിതിക ജാഗ്രത വളർത്തിയെടുക്കുകയാണ് കാമ്പയിൻ കമ്മറ്റിയുടെ ലക്ഷ്യം.


കണ്ണൂർ റെയിൻബോ കോൺഫറൻസ് ഹാളിൽ നടന്ന പരിസ്ഥിതി -മനുഷ്യാവകാശ - രാഷ്ട്രീയ പ്രവർത്തകരുടെയും ജനകീയ സമരസമിതികളുടെയും സംയുക്ത യോഗമാണ് കാമ്പയിൻ കമ്മറ്റിക്കു രൂപം നൽകിയത്.ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയ എല്ലാ സ്ഥലങ്ങളിലെയും ഖനന പ്രവർത്തനങ്ങൾ അടിയന്തിരമായി ഉപേക്ഷിക്കുക, കുന്നിടിച്ചും നെയൽവയലും തണ്ണീർത്തടവും നികത്തിയുമുള്ള എല്ലാ "വികസന' പദ്ധതികളും ഉപേക്ഷിക്കുക, മണൽ - കരിങ്കൽ -ചെങ്കൽ തുടങ്ങിയവയുടെ ഖനനം സമ്പൂർണമായി ഗവ: ഏറ്റെടുക്കുക. കാര്യക്ഷമവും ഫലപ്രദവുമായ വിതരണ സമ്പ്രദായം ആവിഷ്ക്കരിക്കുക, കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ തയ്യാറാക്കുക.


അതിനനുസരിച്ച് കാർഷിക- വ്യാവസായിക നയങ്ങളിലും കെട്ടിട നിർമാണച്ചട്ടങ്ങളിലും ഭേദഗതികൾ കൊണ്ടുവരിക, കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കുമിണങ്ങുന്ന കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗവേഷണം ഊർജ്ജിതമാക്കുക, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പിലാക്കുക എന്നീ ഡിമാന്റുകളുന്നയിച്ചു കൊണ്ടാണ് കാമ്പയിൻ നടക്കുക. 


കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും മനുഷ്യസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഒരു ജനകീയ വിദഗ്ദ്ധ സമിതിക്കു രൂപം നൽകാനുള്ള ആലോചനകളും നടന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ക്വാഡു പ്രവർത്തനങ്ങൾ, ചർച്ചാ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കാനും സെപ്ത: 18ന് മേൽപ്പറഞ്ഞ ഡിമാന്റുകളുന്നയിച്ചു കൊണ്ട് കലക്ട്രേറ്റ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.കലക്ട്രേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം പ്രചാരണ വാഹന ജാഥയും സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി കാമ്പയിൻ പ്രവർത്തകർക്കുള്ള ഒരു ശിൽപ്പശാല ആഗസ്റ്റ് 21 ന് ബുധനാഴ്ച തളിപ്പറമ്പിൽ നടക്കും.


ടി.പി.പത്മനാഭൻ മാസ്റ്റർ,കെ.രാമചന്ദ്രൻ, വി.പി.മഹേശ്വരൻ മാസ്റ്റർ, വി.കൃഷ്ണൻ കരിങ്കൽ ക്കുഴി (രക്ഷാധികാരികൾ) ഡോ: ഡി സുരേന്ദ്രനാഥ് (ചെയർമാൻ), നോബ്ൾ എം. പൈക്കട (വർക്കിംഗ് ചെയർമാൻ) അഡ്വ: വിനോദ് പയ്യട, പ്രേമൻ പാതിരിയാട്, അനൂപ് ഏരിമറ്റം, വിനോദ് കുമാർ രാമന്തളി, സിറാജുദ്ദീൻ.ഒ.കെ, ബെന്നി മുട്ടത്തിൽ (വൈസ് ചെയർമാൻമാർ), പി.മുരളീധരൻ (ജനറൽ കൺവീനർ), അഡ്വ: കസ്തൂരി ദേവൻ, നിഷാന്ത് പരിയാരം, ഹരി ചക്കരക്കല്ല്, അത്തായി ബാലൻ, ശരത്ചന്ദ്രൻ (കൺവീനർമാർ), എന്നിവർ ഭാരവാഹികളാണ്. ഇവർക്കു പുറമെ  സംഘടനാ പ്രതിനിധികളും വിവിധ സമരസമിതി പ്രവർത്തകരുമായ 21 പേർ കൂടി ഉൾപ്പെടുന്ന എക്സി: കമ്മറ്റിയും 75 അംഗ കാമ്പയിൻ ജനറൽ  കമ്മറ്റിയും യോഗം തെരഞ്ഞെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment