ഷിമോഗയിലെ പൊട്ടിത്തെറി കേരളത്തിന് പാഠമാകേണ്ടതുണ്ട്




കർണാടകയിലെ ഷിമോഗയിലെ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിലുണ്ടായ  പൊട്ടിത്തെറിയിൽ 10 പേരാണ് മരിച്ചത്. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ഭൂചലനത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു സംഭവം. പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് നാട്ടുകാർക്കു മനസിലായത്. ക്രഷർ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിയതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശിവമോഗയിൽ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കായിരുന്നു ട്രക്ക്. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളിൽ വിള്ളൽ വീണു. വീടുകൾക്ക് കേടുപാട് സംഭവിച്ചു.


ഷിമോഗയിലെ പൊട്ടിത്തെറി കേരളത്തിന് പാഠമാകേണ്ടതുണ്ട്. സംസ്ഥാനത്ത് നടക്കുന്ന പാറ, ചെങ്കല്ല് മുതലായ ഖനനങ്ങൾ എല്ലാ നിയമങ്ങളെയും വെല്ലു വിളിച്ചു മുന്നേറുന്നു. നിയമപരമായി 724 ഖനനങ്ങളാണ് അനുവദിക്കപ്പെട്ടതെങ്കിൽ അതിൻ്റെ എണ്ണം 6000ത്തിനടുത്തു വരുന്നു എന്ന് വന ഗവേഷണ കേന്ദ്രവും പതിനായിരത്തിനു മുകളിലെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. നിയമ ലംഘനങ്ങളുടെയും അഴിമതിയുടെയും വമ്പൻ അവസരമൊരുക്കുന്ന ഘനന രംഗത്ത് ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളുടെ അപകട സാധ്യതയെ പറ്റി കേരള നിയമ സഭയുടെ പരിസ്ഥിതി സമിതി 2014ൽ തന്നെ വ്യക്തമാക്കിയതാണ്.


ഖനന ആവശ്യത്തിനായി സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്യുവാൻ അനുവദിക്കുന്ന നിയമത്തെ (Explosive License) നോക്കു കുത്തിയാക്കി വരികയാണ് ഖനന രംഗം. ഒരു ഖനന യൂണിറ്റൽ പരമാവധി 2 കിലോ സ്ഫോടന വസ്തുക്കൾ ഉപയോഗിക്കാം. അവ സൂക്ഷിക്കുവാൻ കോൺക്രിറ്റു കെട്ടിടങ്ങൾ ഉണ്ടാകണം. സ്ഫോടനം  വിദക്തരുടെ സാമിപ്യത്തിലെ നടത്താവൂ. എന്നാൽ ഇവയൊക്കെ പേപ്പർ പുലികളായി തുടരുകയാണ്.


കേരളത്തിലെ നിയമപരമായ ഖനനത്തിൻ്റെ 20 ഇരട്ടിയിലധികം അളവിൽ ഖനനങ്ങൾ നടത്തുമ്പോൾ, ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളുടെ അളവ് ഏറെ അധികമാകുക സ്വാഭാവികം. സ്ഫോടന വസ്തുക്കളുടെ അമിതമായ ഉപയോഗത്താൽ  ഖനനങ്ങൾ നടക്കുന്ന ഗ്രാമങ്ങൾ ഭീതിയുടെ നിഴലിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ മലയാറ്റൂരിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു തൊഴിലാളികൾ മരണപ്പെട്ടിരുന്നു. അനധികൃതമായ സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്യുവാൻ അവസരമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടികൾ കൈകൊള്ളുവാൻ സർക്കാർ തയ്യാറായിട്ടില്ല. പരിശോധനകൾ പ്രഹസനങ്ങളായി നടക്കുന്നു.


കർണ്ണാടകയിലെ ഖനി മുതലാളിമാരുടെ സ്വാധീനം ശക്തമായി തുടരുമ്പോഴും ഖനന യൂണിറ്റുകൾ 200 മീറ്റർ അകലെ പ്രവർത്തിക്കണമെന്നു പറയുന്ന സംസ്ഥാനത്തെ സ്ഫോടനം വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതാണ്.50 മീറ്റർ അകലം പാലിച്ചു മാത്രം ഖനനം എന്ന രീതി തുടരുന്ന കേരളത്തിന് ഇനി എങ്കിലും മലയാറ്റൂർ ദുരന്ത വും ഇപ്പോൾ ഉണ്ടായ ഷിമോഗ സംഭവവും ഒരു പാഠമാകുമോ ?

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment