റവന്യു ഭൂമിയിലെ മരങ്ങൾ സ്വകാര്യ വ്യക്തി മുറിച്ച് കടത്തി; പരിസ്ഥിതി പ്രവർത്തകർ സന്ദർശിച്ചു




സ്വകാര്യ വ്യക്തി മരങ്ങൾ മുറിച്ചു കടത്തിയ റവന്യു ഭൂമി പരിസ്ഥിതി പ്രവർത്തകർ സന്ദർശിച്ചു. റാന്നി നീരാട്ടുകാവ് വട്ടകപ്പാറ മലയിലെ പതിനാറേക്കർ റവന്യു ഭൂമിയിൽ നിന്നും സ്വകാര്യ വ്യക്തി തേക്കും ആഞ്ഞിലിയും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ റവന്യു അധികാരികളുടെ മൗനാനുവാദത്തോടെ മുറിച്ചുകടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പ്രദേശവാസികൾ വനം, റവന്യു വകുപ്പുകൾക്ക് പരാതി നൽകുകയും ചെയ്‌തെങ്കിലും ഉന്നത ഇടപെടലുകളെ തുടർന്ന് അന്വേഷണം മരവിപ്പിച്ചതോടെയാണ് പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചത്.


പരിസ്ഥിതി പ്രവർത്തകരായ സി.ആർ നീലകണ്ഠൻ, കെ എം  ഷാജഹാൻ, പ്രസാദ് സോമരാജൻ, ബിജു മോടിയിൽ തുടങ്ങുന്നവരടങ്ങുന്ന സംഘം വട്ടകപ്പാറ മല സന്ദർശിച്ചത്. പാറ നിറഞ്ഞ വട്ടകപ്പാറ മലയിൽ ഖനനം തുടങ്ങാൻ അപേക്ഷ വെച്ചതിന്റെ മറവിൽ പാറമട ലോബിയുടെ നേതൃത്വത്തിലാണ് റവന്യു ഭൂമിയിലെ ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ മുറിച്ചുകടത്തിയത്. 


മരം മുറിച്ചതിനുശേഷം പാറമടയ്ക്ക് അനുമതി നൽകുന്നതുമായി  ബന്ധപ്പെട്ടു സ്ഥലം സന്ദർശിച്ച തിരുവല്ല ആർ.ഡി.ഒയും റാന്നി തഹസില്ദാരുമുൾപ്പെട്ട സംഘവും റവന്യു ഭൂമിയിലെ കയ്യേറ്റം നേരിട്ട് ബോധ്യപ്പെട്ടുവെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ല. എന്നാൽ അരക്കിലോമീറ്ററിനുള്ളിൽ വനഭൂമിയും വട്ടകപ്പാറ മലയിൽ നിന്നുത്ഭവിക്കുന്ന റാന്നി വലിയതോടിന്റെ വിവരങ്ങളുമെല്ലാം മറച്ചുവെച്ചു ചേത്തക്കൽ വില്ലേജ് ഓഫിസർ പാറമട ലോബിയ്ക്കനുകൂലമായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.


പാറമടയ്ക്ക് സർക്കാർതല അനുമതി ലഭിക്കും മുമ്പുതന്നെ വട്ടകപ്പാറ മലയിലേക്കുള്ള പൊതുവഴി അടച്ചു ഗേറ്റ് സ്ഥാപിക്കാനുള്ള പാറമട ലോബിയുടെ നീക്കവും സ്ഥലം സന്ദർശിച്ച പരിസ്ഥിതി പ്രവർത്തകർ നേരിട്ടുകണ്ട് വിലയിരുത്തി.

Green Reporter

Sunil Maloor

Visit our Facebook page...

Responses

0 Comments

Leave your comment