വിഴിഞ്ഞം: അദാനിയും കേരള സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ നഷ്ടത്തിന് കാരണമാകുമോ




വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണത്തിൽ അദാനിയും കേരള സർക്കാരും തമ്മിലുള്ള തർക്കം ആർബിട്രേഷനിൽ എത്തിയ വാർത്ത നേരത്തെ വന്നതാണ്. ഇന്ന് വീണ്ടും മാതൃഭൂമിയിൽ അതേ കുറിച്ച് വലിയ വാർത്ത വന്നിരിക്കുന്നു. (വാർത്ത താഴെ)

 


ഈ പദ്ധതി കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കാതെ അവസാനിപ്പിക്കാൻ ഈ ഘട്ടത്തിൽ കേരള സർക്കാർ ഈ ട്രൈബ്യൂണൽ വഴി ഒരു തീർപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. കൂടുതൽ നിർമ്മാണം നടന്നു കഴിയുമ്പോൾ കൂടുതൽ നാശങ്ങളും സംഭവിക്കും. വലിയതുറ-ശംഖുമുഖം മേഖലയിലെ തീര നഷ്ടം മാത്രമല്ല, വിഴിഞ്ഞം മീൻപിടുത്ത തുറമുഖത്ത് ഉണ്ടാകാൻ പോകുന്ന അപകടാവസ്ഥ, തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മിക്കാനായി നശിപ്പിക്കാൻ പോകുന്ന മലനിരകളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും എല്ലാം കണക്കിലെടുത്താൽ പദ്ധതിക്ക് വേണ്ടി ചെലവിടുന്നതിനേക്കാൾ കൂടുതൽ തുക കടൽഭിത്തികൾക്കും മാറ്റിപ്പാർപ്പിക്കലുകൾക്കും പ്രകൃതിദുരന്ത നിവാരണത്തിനും ഒക്കെ ചെലവാക്കേണ്ടി വരുമെന്ന് ഗവണ്മെന്റ് ഇപ്പോൾ തിരിച്ചറിയുന്നില്ലെങ്കിൽ വൈകാതെ ആരു ഭരണത്തിലെത്തിയാലും തിരിച്ചറിയും.


തുറമുഖം എന്ന നിലയിൽ ഈ ട്രാൻസ്ഷിപ്മെന്റ് തുറമുഖ പദ്ധതി ലാഭകരമല്ലെന്ന് മുൻ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാക്കിയ വിഴിഞ്ഞം ഫീസിബിലിറ്റി റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. (അതിന്റെ പ്രസക്ത ഭാഗം വീണ്ടും ഇവിടെ താഴെ ചേർക്കുകയാണ്). ലാഭകരമല്ലെന്ന് തിരിച്ചറിഞ്ഞിട്ടും എന്തിനാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് ഉമ്മൻ ചാണ്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എല്ലാം കുറച്ച് സീറ്റിനും വോട്ടിനും വേണ്ടി ആയിരുന്നില്ലേ? എന്നിട്ട് നേടിയുമില്ല..


ഇതിനിടെ കേന്ദ്ര സർക്കാർ കന്യാകുമാരിയിൽ ഒരു ട്രാൻസ്ഷിപ്മെന്റ് തുറമുഖം നിർമ്മിക്കാൻ ടെണ്ടർ ക്ഷണിച്ചുകഴിഞ്ഞു. (ടെണ്ടർ പരസ്യം താഴെ). ഈ വരുന്ന മാർച്ച് 20 ആണ് ടെണ്ടർ നൽകാനുള്ള അവസാന തീയതി. വിഴിഞ്ഞത്ത് തുറമുഖത്തിന് അനുവദിച്ചില്ലെങ്കിൽ അത് കുളച്ചലിൽ കൊണ്ടു പോകുമെന്ന് പ്രചരിപ്പിച്ചവർ ഇവിടെത്തന്നെ ഉണ്ടല്ലോ, അല്ലേ?


ഇതു സംബന്ധിച്ച ഹിന്ദു ബിസിനസ് ലൈൻ പത്രവാർത്തയുടെ ലിങ്ക് താഴെ comments കോളത്തിൽ നൽകിയിരിക്കുന്നു. നേരത്തെ ഇനയത്ത് നിർമ്മിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം നടത്തി ഓടിച്ച പദ്ധതിയാണ് ഇപ്പോൾ കന്യാകുമാരി മുനമ്പിനടുത്ത് കോവളം എന്നു പേരുള്ള തീരത്ത് നിർമ്മിക്കാൻ പോകുന്നതത്രെ. ഇതിനെതിരെയും അവിടെ തീരദേശ ജനത കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. കടലോരമാകെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മെ ഭരിക്കുന്നവർ.


കടപ്പാട്: ജോസഫ് വിജയൻ (ഫേസ്ബുക്ക്)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment