കുടിവെള്ളം കച്ചവട ചരക്കല്ല




കുടിവെള്ളം നാടിൻ്റെ ജന്മാവകാശമാണ് എന്നതിനെ മാറ്റി എടുക്കുവാൻ കേരളത്തെ ഏഷ്യൻ വികസന ബാങ്ക് പ്രേരിപ്പിക്കുകയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കുടി വെള്ള വിതരണത്തിന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് അടക്കമുള്ള ഫണ്ടിംഗ് ഏജൻസികളുടെ സഹായത്തോടെ പദ്ധതികൾ ഏറ്റെടുത്ത് നടത്തുകയാണ് കേരള വാട്ടർ അതോറിറ്റി. കേന്ദ്ര ഫണ്ടിന്റെ പിൻബലത്തിൽ കേരള സർക്കാർ വിഹിതം ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള വിതരണത്തിന് ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് മറ്റൊരു പദ്ധതിയും വാട്ടർ അതോറിറ്റി നടപ്പിലാക്കുന്നു. പുതിയ പദ്ധതികളുടെ ഭാഗമായി, മുൻകൂർ പണത്തിന് മാത്രം പരിമിതമായ സേവനമെന്ന രീതിയിലേക്ക് മാറിക്കൊണ്ട്,സേവന രംഗത്തു നിന്ന് പിന്മാറുന്ന നിലപാട് ആശങ്കാജനകമാണ്. 


വാട്ടർ അതോറിറ്റിയും ഗ്രാമ പഞ്ചായത്തും തമ്മിൽ ഉടമ്പടിയിൽ ഏർപ്പെടണമെന്ന നിർദ്ദേശം നിർവ്വഹണ ഏജൻസിയായ വാട്ടർ അതോറിറ്റി  മുന്നോട്ടുവെച്ചിരിക്കുന്നു. പതിനൊന്ന് പേജുകളിൽ തയ്യാറാക്കിയ കരാർ സേവന രംഗത്തു നിന്നുള്ള ഒഴിഞ്ഞു മാറലിന്റെ വ്യക്തമായ സൂചന തരുന്നു. നിരവധി കാണാച്ചരടുകൾ ഒളിപ്പിച്ചു വെച്ചാണ് വാട്ടർ അതോറിറ്റി കരട് കരാർ പത്രം തയ്യാറാക്കിയിരിക്കുന്നത്.


വാട്ടർ അതോറിറ്റിക്ക് പമ്പിംഗ് ചുമതല മാത്രം.ബാക്കിയുള്ള ഉത്തരവാദിത്തം ഗ്രാമ പഞ്ചായത്തുകൾക്ക് വാട്ടർ അതോറിറ്റിയുടെ നിലപാട്. പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 234 എ (4) (1) പാലിക്കാതെ കരാർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കാൻ കഴിയില്ല.അക്കാര്യം വാട്ടർ അതോറിറ്റി തമസ്കരിക്കുകയാണ്.


പുതിയ നിബന്ധനകൾ.


1)വാട്ടർ അതോറിറ്റിയെ സംബന്ധിച്ച് പഞ്ചായത്ത് ഏക ഉപഭോക്താവാണ്. ഗ്രാമ പഞ്ചായത്തിന്റെ നിശ്ചയിക്കപ്പെട്ട അതിർത്തിയിൽ വാട്ടർ അതോറിറ്റി ഒരു പ്രധാന മീറ്റർ (ബൾക്ക് ഫ്ലോ മീറ്റർ) മാത്രം സ്ഥാപിക്കും.ഇതിലെ റീഡിംഗ് അനുസരിച്ചാണ് തുക കണക്കാക്കുന്നത്. ഈ റീഡിംഗിന്  പഞ്ചായത്ത് പ്രതിനിധിയും ഹാജരാകണം."ഗ്രാമ പഞ്ചായത്തിലേക്ക് ലഭ്യമാക്കുന്ന വെള്ളം അളക്കുന്നതിന് ബൾക്ക് ഫ്ലോ മീറ്റർ സ്ഥാപിക്കുന്ന സ്ഥലത്ത് വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നതാണ് " എന്ന് കരാറിൽ പ്രത്യേകം പറയുന്നു. 


2)കരാർ ആരംഭിക്കുമ്പോൾ ഗുണഭോക്താക്കളുടെ അവസാന മീറ്റർ റീഡിങ് പഞ്ചായത്തിന് കൈമാറും.തുടർന്ന് ഗുണ ഭോക്താക്കളുമായുള്ള റീഡിംഗും ഇടപാടുകളും പഞ്ചായത്തിന്റെ ചുമതലയാണ്. "ചെലവുകൾക്ക് വേണ്ടി വരുന്ന തുക ഗുണഭോക്താക്കളിൽ നിന്നും ശേഖരിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ്". 


3)തുടർ വർഷങ്ങളിൽ ജലവിതരണം വാർഷിക ഡെപ്പോസിറ്റ് രീതിയിൽ നടത്തുന്നതിന് തുക മുൻകൂർ നൽകണം.വാട്ടർ അതോറിറ്റി "അവകാശ പ്പെടുന്ന" തുക പഞ്ചായത്ത് നൽകണം.


4) കണക്ഷൻ പരിശോധനകളിൽ "പഞ്ചായത്ത് ഉദ്യോഗസ്ഥരും" പങ്കെടുക്കണം.


5) കണക്കുകൾ പഞ്ചായത്ത് സെക്രട്ടറി സൂക്ഷിക്കണം


6)രേഖാമൂലം അറിയിച്ചാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്തുകയുള്ളൂ.അറ്റകുറ്റപ്പണിയുടെ പൂർണ്ണ ചെലവ് പഞ്ചായത്തിന്.തുക പഞ്ചായത്ത്  നിന്ന് കണ്ടെത്തണമെന്ന് പറയുന്നില്ല


7) ജലവിതരണവും ലൈനുകളുടെ പരിപാലനവും പഞ്ചായത്തിന്റെ ഉത്തരവാദിത്തമായിരിക്കുന്നതാണ് എന്നാണ് കരാർ. 


8) ജല അതോറിറ്റിയുടെ പരിപാലനത്തിൽ ഗ്രാമപഞ്ചായത്ത്  "സംതൃപ്തൻ" അല്ലെങ്കിൽ കരാർ അവസാനിപ്പിക്കാൻ  കത്ത് എഴുതിയാൽ മതി. പിന്നെ എല്ലാ ചുമതലയും പഞ്ചായത്തിൽ!


9) ജലവിതരണത്തിന് കൂടുതൽ ചെലവ് വേണ്ടിവന്നാൽ പഞ്ചായത്ത് നൽകണം.


10)ഓപ്പറേറ്റർമാരെ അതോറിറ്റി തീരുമാനിക്കും. ചെലവ് പഞ്ചായത്ത് നൽകണം.


11) പഞ്ചായത്ത് നൽകേണ്ട തുക രണ്ടു മാസത്തെ കുടിശ്ശികയായാൽ സർക്കാറിനെ സമീപിക്കും.സർക്കാർ പഞ്ചായത്തു വിഹിതത്തിൽ നിന്നു കുറക്കണം.


12) വാട്ടർ അതോറിറ്റി സ്ഥാപിക്കുന്ന മീറ്റർ തകരാറായാൽ അത് മാറ്റുന്ന ചെലവ് അടുത്ത ബില്ലിൽ ഉൾപ്പെടുത്തും.


13) പഞ്ചായത്ത് കുടിശ്ശിക വരുത്തിയാൽ പഞ്ചായത്തിലേക്കുള്ള കണക്ഷൻ വിച്ഛേദിക്കും.റീ കണക്ഷൻ ഫീസ് കൊടുത്താൽ മാത്രം കണക്ഷൻ പുന സ്ഥാപിക്കും. 


14) ബിൽ ലഭിച്ചു 30 ദിവസം കഴിഞ്ഞാണ് തുക ഒടുക്കുന്നതെങ്കിൽ 2% പലിശ നൽകണം.


സേവന മേഖലയിൽ നിന്ന് ഭരണകൂടം പതിയെപ്പതിയെ പിൻവാങ്ങുന്നതിനുള്ള നിക്ഷിപ്ത താല്പര്യത്തിന്റെ ഉദാഹരണമാണ് ഈ കരാർ.കുടിവെള്ളം സുരക്ഷിതമായിരിക്കണം.എല്ലാവർക്കും ലഭ്യമാക്കണം.മാറിയ കാലാവസ്ഥയുടെ ഫലമായി കുടി വെള്ള ലഭ്യത കുറയുന്നു.65 ലക്ഷം കിണറുകൾ, പതിനായിരത്തിലധികം വരുന്ന കുളങ്ങൾ എന്നിവയുടെ ഗുണ നിലവാരം മോശമായ അവസ്ഥയിലാണ്.ഈ സാഹചര്യത്തിൽ അന്തർ ദേശീയ ബഹു രാഷ്ട്ര കുത്തകകളും ബാങ്കുകളും കുടിനീരിനെ കച്ചവടമാക്കുമ്പോൾ ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലെത്തും.ലാറ്റിൻ അമേരിക്കയിലും ആഫ്രിക്ക യിലും(ബൊളീവിയയിലെ പ്രക്ഷോഭം,ജോഗന്നാസ് ബർഗ് സമരം ഉദാഹരണമാണ്)വെള്ളത്തിൻ്റെ സ്വകാര്യവൽക്കരണത്തെ ചെറുത്തു തോൽപ്പിച്ചു. നമ്മുടെ നാട്ടിൽ സ്വകാര്യവൽക്കരണത്തിൻ്റെ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്തുകൾ വെള്ളത്തിനായി പണം ജനങ്ങ ളിൽ നിന്നു കണ്ടെത്തണമെന്നു പറയുന്നു.അതിൻ്റെ ഉത്തരവാദിത്തം ജനങ്ങൾക്കു മുകളിൽ അടിച്ചെൽപ്പിക്കുകയാണ് ദേശീയ ജല വകുപ്പ് ലക്ഷ്യം വെക്കുന്നത്.അതിനൊപ്പം കേരള ജല വകുപ്പും നീങ്ങുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment