ശക്തമായ മഴ; പത്തനംതിട്ട ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്




പത്തനംതിട്ട: ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്‌ടര്‍ പി ബി നൂഹ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


ഓറഞ്ച് അല്ലെങ്കില്‍ റെഡ് അലര്‍ട്ടിലേക്ക് യെല്ലോ അലര്‍ട്ട് മാറുന്ന പക്ഷം പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും വേണം. 


ജില്ലയിലെ മഴക്കാല ദുരന്ത സാധ്യതകള്‍ ഒഴിവാക്കാനായി ജില്ലാ കലക്ടര്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങൾ ജാഗ്രത പുലർത്തണം.


ജില്ലയില്‍ കാലവര്‍ഷ ദുരന്തലഘൂകരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കലക്‌ട്രേറ്റിലും എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടാം. കലക്‌ടറേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 0468 2222221, മല്ലപ്പളളി 0469 2682293, അടൂര്‍ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment