കൊറോണാ കാലത്തെ സൈക്കിൾ: പ്രകാശ് പി ഗോപിനാഥ് സംസാരിക്കുന്നു




വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിലോടുന്ന സൈക്കിൾ വണ്ടിയെ തിരുവനന്തപുരം നഗരത്തിന്റെയെന്നല്ല കേരളത്തിന്റെ തന്നെ ബദൽ യാത്രാവാഹനമാക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രകാശ് പി ഗോപിനാഥ്. 2009 മുതൽ അദ്ദേഹം നടത്തിവരുന്ന സൈക്കിൾ ശ്രമങ്ങളുടെ ഫലമായി അദ്ദേഹത്തിനു തിരുവനന്തപുരം നഗരത്തിന്റെ സൈക്കിൾ മേയർ എന്ന പദവി ചാർത്തിക്കിട്ടി. സൈക്കിൾ പ്രകാശ് എന്നും സൈക്കിൾ മേയർ എന്നും ഒക്കെ അറിയപ്പെടുന്ന പ്രകാശ് പി ഗോപിനാഥ് തിരുവനന്തപുരത്തെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്. മാനവീയം തെരുവോരക്കൂട്ടത്തിന്റെ നേതൃനിരയിലുള്ള അദ്ദേഹം കൊറോണ നിർമൂലനത്തിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്നതിനിടെ കൊറോണാ കാലത്ത് സൈക്കിൾ ഒരു സുരക്ഷാ ബദൽ യാത്രാ സംവിധാനമാണെന്ന പ്രചാരണവും ശക്തമായി നടത്തുന്നു. ഈ സാഹചര്യത്തിലാണ് ജോൺ എം.എൽ അഭിമുഖം തയാറാക്കിയത്:


ജോണി എം എൽ: കൊറോണാ കാലത്തെ സുരക്ഷിതമായ ബദൽ യാത്രാ സംവിധാനമാണ് സൈക്കിളെന്ന് താങ്കൾ പറയുന്നു. ഒന്ന് വിശദീകരിക്കാമോ?


പ്രകാശ് പി ഗോപിനാഥ്: കൊറോണാ കാലത്തെ എന്നല്ല എക്കാലത്തെയും ഏറ്റവും ആരോഗ്യകരമായ ഒരു യാത്രാസംവിധാനമാണ് സൈക്കിൾ. പക്ഷെ കൊറോണോ കാലത്ത് അതിന് സവിശേഷമായ സാംഗത്യം ഉണ്ടായി വന്നിരിക്കുന്നു. നമ്മൾ ശാരീരികമായ അകലവും സാമൂഹികമായ ഒരുമയും ആണല്ലോ കൊറോണാ കാലത്തിന്റെ ടാഗ് ലൈൻ ആയി എടുത്തിരിക്കുന്നത്. കുറഞ്ഞത് ഒന്നര മീറ്റർ അകലമെങ്കിലും രണ്ടു വ്യക്തികൾക്കിടയിൽ വേണമെന്ന് നമ്മൾ നിഷ്കർഷിക്കുന്നു. ഞാൻ പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ ഒരു പ്രചാരകൻ കൂടിയാണ്. എന്നാൽ ഇപ്പോൾ പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ നമുക്ക് ഈ സുരക്ഷിത അകലം പാലിക്കാൻ കഴിയുന്ന സാഹചര്യമല്ല ഉള്ളത്. കാറുകളിൽ സഞ്ചരിക്കുന്നവർ എല്ലാവരും എയർ കണ്ടീഷനിംഗ് ഉപയോഗിക്കുന്നു. കാർ പൂളിങ് ചെയ്യുന്നവരും ഓട്ടോയിൽ യാത്ര ചെയ്യുന്നവരും ഒക്കെ മറ്റുള്ളവർ സ്പർശിച്ച ഇടങ്ങളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യതകൾ നൂറുശതമാനമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ നാം സൈക്കിളിനെക്കുറിച്ചു ഓർക്കുന്നു.സൈക്കിൾ ഒരു സ്വകാര്യ വാഹനമാണ്. അണുവിമുക്തമാക്കാൻ ഏറ്റവും കുറഞ്ഞ സർഫേസ് സ്പേസ് മാത്രമാണ് അതിനുള്ളത്. സൈക്കിൾ ചവിട്ടുന്നത് ആരോഗ്യകരമാണ്. പാരിസ്ഥിതികമായും ഇത് ധനാത്മകമാണ്. ജിമ്മുകളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് സർക്കാർ തന്നെ പറഞ്ഞിരിക്കുന്നു. ജിമ്മുകളും പബ്ലിക് പാർക്കുകളും പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നത് വഴികൾ മാത്രമാണ്. ആ വഴികളിലേക്കാണ് സൈക്കിളിനെ തിരികെ കൊണ്ടുവരണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്.


ജെ എം എൽ: തിരുവനന്തപുരത്തെ റോഡുകൾ സുരക്ഷിതം അല്ല എന്നാണ് പലരും പറയുന്നത്. സൈക്കിൾ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട ഒന്ന് രണ്ടു പേർ സൈക്കിൾ അപ്പാടെ ഉപേക്ഷിച്ചതായി എനിയ്ക്കറിയാം. നമ്മുടെ റോഡുകളിൽ സൈക്കിളിസ്റ്റുകൾ സുരക്ഷിതരാണോ?


പ്രകാശ്: ഇവിടെ നമ്മൾ കാര്യങ്ങളെ സൈക്കിളിനെതിരെ തിരിച്ച ശേഷം ആ മാനസികാവസ്ഥയിൽ നിന്ന് കൊണ്ടാണ് സംസാരിക്കുന്നത്. കൂടാതെ അങ്ങിനെ പറയുമ്പോൾ നമ്മൾ നഗരത്തിലെ റോഡുകളിൽ കാറുകളും ബസ്സുകളും ഓടിക്കുന്ന എല്ലാ മനുഷ്യരും കാണിക്കുന്ന കരുതലുകളെയും കണ്ടില്ലെന്നു നടിക്കുന്നു. സൈക്കിൾ ഓടിക്കുക എന്ന് പറയുന്നത് മോട്ടോർ ബൈക്ക് ഓടിക്കുക എന്നത് പോലെ തന്നെ റിസ്കി ആയിട്ടുള്ള കാര്യമാണ്. അതിനാൽ ഹെൽമെറ്റ് ധരിക്കണം, ഫ്ലൂറസെന്റ് ലൈനുകൾ ഉള്ള റൈഡിങ് ജാക്കറ്റ് ധരിക്കണം. ഈ മുൻകരുതലുകൾ നമ്മൾ ബൈക്ക് ഓടിക്കുമ്പോൾ എടുക്കുന്നുണ്ടല്ലോ. എന്റെ വ്യക്തിപരമായ അനുഭവത്തിൽ, തിരുവനന്തപുരത്തെ ബസുകൾ ഓടിക്കുന്നവർ ഹെൽമെറ്റും ജാക്കറ്റും ഇട്ടു സൈക്കിൾ ഓടിക്കുന്നവരെ കരുതലോടെയാണ് വീക്ഷിക്കുന്നത്. അപകടകരമായി ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുകയും ട്രാഫിക് നിയമങ്ങൾ പാലിക്കാതെ സൈക്കിൾ ചവിട്ടുകയും ചെയ്യുന്നവർക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അത് എല്ലാ വാഹനം ഉപയോഗിക്കുന്നവർക്കും ബാധകമാണല്ലോ.


ജെ എം എൽ: നഗരങ്ങളിലെ പുതിയൊരു ട്രെൻഡ് ആണ് മക്കളെ രക്ഷകർത്താക്കൾ വലിയ കാറുകളിൽ കൊണ്ട് വിടുക എന്നുള്ളത്. ഈ രക്ഷകർത്താക്കൾ സൈക്കിൾ ചവിട്ടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്താണ് പറയാനുള്ളത്?


പ്രകാശ്: തിരുവനന്തപുരത്ത് ഈ ട്രെൻഡ് കൂടി വരികയാണ്. സ്കൂളുകളിൽ ഞങ്ങൾ സൈക്കിൾ ക്ലബ്ബ്കൾ തുടങ്ങാൻ പ്രചാരണം നടത്തുന്നുണ്ട്. പല സ്കൂളുകളിലെയും വിദ്യാർഥികൾ വളരെയധികം താത്പര്യം കാണിക്കുന്നുണ്ട്. അവരെല്ലാം സൈക്കിൾ വാങ്ങിയിട്ടുമുണ്ട്. പക്ഷെ രക്ഷകർത്താക്കൾ അവരെ സൈക്കിൾ ചവിട്ടാൻ സമ്മതിക്കുന്നില്ല എന്നാണ് പറയുന്നത്.വീടിന്റെ പരിസരത്തോ പാർക്കിലോ മാത്രം ചവിട്ടാനുള്ളതാണ് സൈക്കിൾ എന്നാണ് ഇപ്പോൾ രക്ഷകർത്താക്കൾ കരുതുന്നത്. ഇത് രോഗാതുരമായ ഒരു സമീപനമായി മാറിക്കൊണ്ടിരിക്കുന്നു.


ജെ എം എൽ: റോഡുകൾ സുരക്ഷിതമല്ല എന്ന് തന്നെയാണ് രക്ഷാകർത്താക്ക ൾക്കും പറയാനുള്ളത്.അതിനാൽ അവർ കൊറോണയെപ്പോലും വകവെയ്ക്കാതെ സ്കൂളുകളുടെ മുന്നിൽ കാറുകളുമായി എത്തുന്നു. പത്തൊമ്പതാം തീയതി, സർക്കാർ ഔദ്യോഗികമായി സ്കൂളുകൾ അടയ്ക്കും മുൻപ് എസ്എസ് എൽ സി പരീക്ഷ നടന്നപ്പോൾ  നേരിട്ട് കണ്ടതാണ് രക്ഷ കർത്താക്കൾ കാറുകൾ റോഡിൽ പാർക്ക് ചെയ്തശേഷം സ്കൂൾ ഗേറ്റിൽ ഗുസ്തിപിടിക്കുന്നത്.


പ്രകാശ്: ആദ്യം രക്ഷകർത്താക്കൾ ഒരു ആത്മപരിശോധന നടത്തണം. നമ്മളെല്ലാം സ്കൂളിൽ സൈക്കിളിൽ പോയിട്ടുള്ളവരാണ്. പക്ഷെ അന്ന് വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. പക്ഷെ, സൈക്കിളിനെ എതിർക്കുന്ന രക്ഷകർത്താക്കൾ തന്നെ കുട്ടികൾ പന്ത്രണ്ടാം ക്ലാസ്സ് പാസായ ഉടൻ ഹൈ പവർ മോട്ടോർബൈക്കുകൾ വാങ്ങിക്കൊടുക്കുന്നു. നഗരത്തിലെ അപകടങ്ങളിൽ ഏറ്റവും അധികം ഇത്തരം ബൈക്കുകൾ കൂടി കാരണമായവയാണ്. സൈക്കിളിനെ എതിർക്കുന്നവർ റോഡുകളുടെ അപകടസാധ്യതയാണ് പറയുന്നതെങ്കിൽ ഒരു കാര്യം കേൾക്കുക, സൈക്കിൾ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളിൽ സൈക്കിൾ വരുത്തി വെച്ച അപകടങ്ങളും മരണനിരക്കും പൂജ്യത്തിനടുത്താണെന്ന് കാണാം.


ജെ എം എൽ: അവിടെയെല്ലാം സൈക്കിൾ ട്രാക്കുകൾ ഉണ്ട്. ഇവിടെ അതില്ല.


പ്രകാശ്: ഇതും ഒരു തെറ്റായ വാദമാണ്. സൈക്കിൾ ട്രാക്ക് ഉണ്ടാക്കിയിട്ടാൽ സൈക്കിൾ ഉപയോഗിക്കുന്നത് വർദ്ധിക്കും എന്ന മിഥ്യാ ധാരണ. സൈക്കിൾ ഉപയോഗം വർധിച്ചാൽ സൈക്കിൾ ട്രാക്കുകൾ ഉണ്ടാക്കാൻ സർക്കാർ ബാധ്യസ്ഥരാകും. പത്തുലക്ഷം സൈക്കിളുകൾ ഉപയോഗിക്കുന്ന രാജ്യമാണ് ആംസ്റ്റർഡാം. അവിടെ എങ്ങിനെയാണ് സ്കൂൾ തലം മുതൽ സൈക്കിൾ ഉപയോഗിക്കുന്ന സാഹചര്യം വന്നതെന്നറിയുന്നത് നല്ലതായിരിക്കും. അവിടെയും സൈക്കിൾ ശീലമില്ലായിരുന്നു. ഒരു അപകട പരമ്പരയിൽ കുറെ സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു. തുടർന്ന് സൈക്കിൾ ഉപയോഗിക്കുന്നതിനായി വമ്പിച്ച ആക്റ്റിവിസം തന്നെ അവിടെയുണ്ടായി. അതിനുശേഷമാണ് സൈക്കിൾ ആണ് ബദൽ സംവിധാനം എന്ന് അവർ തീരുമാനിച്ചത്. പൊതുജനം സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സൈക്കിൾ ട്രാക്കുകൾ വന്നു. തിരുവനന്തപുരത്ത് ജനങ്ങൾ സൈക്കിൾ എടുത്ത് നിരത്തിലിറങ്ങിയാൽ തീർച്ചയായും ഭരണസംവിധാനങ്ങൾ അതിനനുസരിച്ച് മാറും. ഇപ്പോൾത്തന്നെ തിരുവനന്തപുരം നഗരസഭാ സ്മാർട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിനുള്ളിൽത്തന്നെ ഒരു സൈക്കിൾ റിങ് റോഡ് ഉണ്ടാക്കുന്നുണ്ട്. അതിന്റെ ആദ്യപടിയായി മാനവീയം തൈക്കാട് റൂട്ടിൽ അതുണ്ടാക്കും. നഗരത്തിലെ എല്ലാ റോഡുകളിലും സൈക്കിൾ പ്രയോറിറ്റി ലൈൻ മാർക്ക് ചെയ്യാൻ ചെയ്യാനുള്ള നീക്കവും ഉണ്ട്. ലോകത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണത്.


(തുടരും) 
കടപ്പാട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment