കേരള നാടിന് ഇടതുപക്ഷ സർക്കാരിന്റെ മറ്റൊരു ഇടിത്തീ കൂടി




പ്രകൃതിക്ഷോഭത്താൽ വൻ തിരിച്ചടി നേരിടുന്ന കേരളത്തിന്റെ അവശേഷിക്കുന്ന കാടുകളിൽ അനിയന്ത്രിത ഖനനത്തിന് അവസരം ഒരുക്കുന്ന സംസ്ഥാന സർക്കാർ തീരുമാനം നാടിന്റെ സമ്പൂർണ്ണ തകർച്ചയ്ക്കു കാരണമാകും. അതിൽ ആനന്ദിക്കുന്നവരോ നമ്മുടെ സർക്കാർ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ  പ്രകടന പത്രികയിലെ  82 ആം വകുപ്പിൽ ഇങ്ങനെ പറയുന്നു.


'ഒരു തരത്തിലുള്ള വനം കൈയ്യേറ്റവും അനുവദിക്കുകയില്ല. 
വന മേഖലയിലെ കാമ്പ് പ്രദേശങ്ങളെ ഉൾ വനങ്ങളായി സംരക്ഷിക്കും.
വന സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സംവിധാനത്തെയും സമിതികളെയും ചുമതപ്പെടുത്തും.'


71 ആം അധ്യായത്തിൽ:  അധികാരത്തിൽ എത്തിയാൽ മുൻ സർക്കാരിന്റെ പരിസ്ഥിതി വിരുധവും ജന വിരുധവുമായ തീരുമാനങ്ങൾ പുനപരിശോധിക്കും എന്ന് ഉറപ്പു നൽകി.(6മാസത്തിനകം ധവളപത്രമിറക്കും എന്നു പറഞ്ഞവർ ഒന്നര വർഷത്തിനു ശേഷം പ്രസിദ്ധീകരിച്ച ഹരിത ധവളപത്രത്തിൽ സംസ്ഥാനം പാരിസ്ഥി തികമായി സുരക്ഷിതമാണെന്നും വനത്തിന്റെ വ്യാപ്തിയിൽ വർധനവ് ഉണ്ടായെന്നും വ്യക്തമാക്കിയിട്ടുണ്ട് (1430 ച.k m വർധന).


73 വകുപ്പിൽ നെൽവയൽ സംരക്ഷണം , 74ൽ പശ്ചിമഘട്ട സംരക്ഷണം, 75 മലിനീകരണ നിയന്ത്രണം എന്നീ ഉറപ്പുകൾ നൽകിയിരുന്നു.


76 ൽ പറയുന്നു ഖനനങ്ങളെല്ലാം ശാസ്ത്രീയ പഠനത്തിനു ശേഷം, 
ഖനനങ്ങൾ പൊതു മേഖലയിൽ മാത്രം.


77 വകുപ്പിൽ തടികൾക്കായി കാർഷിക ഭൂമിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ പദ്ധതി. (Forest Farming ) .


കാവുകൾ, കണ്ടൽ കാട്, കുളങ്ങളുടെ സംരക്ഷണം എന്നിവക്ക് ഉറപ്പ്. ശബ്ദ മലിനീകരണത്തിൽ സമ്പൂർണ്ണ നിയന്ത്രണം.


പ്ലാച്ചിമടയിലെ നഷ്ടപരിഹാരം (216.25 കോടി നൽകണമെന്ന 2011 ലെ വിധി)നേടി കൊടുക്കുവാൻ തീരുമാനമുണ്ടാകും എന്നായിരുന്നു അവസാന ഉറപ്പ്.


കേരളത്തിന്റെ ഭീഷണിയായി മാറിയ കാലാവസ്ഥ വ്യതിയാനത്തെ ആഗസ്റ്റ് വെള്ളപ്പൊക്കത്തിനു ശേഷം മാത്രമാണ് രാഷ്ട്രീയ നേതൃത്വങ്ങളിലുള്ള പലരും പരിഗണിക്കുവാൻ തയ്യാറായത്. പെരിയ മരം മുറി, മതികെട്ടാൻ , മൂന്നാർ തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട ശ്രീ. V. S ന്റെയും കൂട്ടരുടെയും നിലപാടുകളെ ശരിവെക്കുന്ന ഇടതുപക്ഷ മുന്നണി പ്രകടന പത്രിക, കേരളത്തിന്റെ പ്രകൃതി വിഭവങ്ങളെ മാനിക്കും എന്ന് പറഞ്ഞു. ഇടതുപക്ഷ പ്രകടന പത്രികയുടെ പാരിസ്ഥിതികമായ വാഗ്ദാനങ്ങ ളെയും മുൻ കാല(പരിസ്ഥിതി സംബന്ധിയായ) സമരങ്ങളെയും പാടെ മറക്കുവാൻ കാണിക്കുന്ന താൽപ്പര്യം കേരളക്കരക്കു തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.


2004 സുനാമിക്കു ശേഷം ആവർത്തിച്ചുണ്ടാകുന്ന വരൾച്ചയും പേമാരിയും അറബി കടലിൽ അവിചാരിതമായിരുന്ന ന്യൂന മർദ്ദ രൂപീകരണം ആവർത്തിക്കുന്നതുമെല്ലാം  എതു വരെ നമ്മെ ബാധിക്കുമെന്ന് അടുത്തറിഞ്ഞവരാണ് സർക്കാരും സാധാരണ ക്കാരും. 5 ദിവസത്തെ മഴ 500 ജീവനുകൾ എടുത്തതും 31000 കോടി രൂപയുടെ സമ്പത്തു നഷ്ടപ്പെടുത്തിയതും അപരിഹാര്യമായ പ്രതിസന്ധികളായിരുന്നു.2019ലെ പെരു മഴക്കാലവും മറ്റു രൂപത്തിലുള്ള ദുരന്തങ്ങൾ മനുഷ്യ ജീവനുകളെയും ഗ്രാമങ്ങളെയും നശിപ്പിച്ചു.ഇതിനുള്ള കാരണങ്ങൾ പണ്ടേ തന്നെ നിയമസഭാ പരിസ്ഥിതി സമിതികൾ തന്നെ കണ്ടെത്തിയിരുന്നു.


2018ലെ വെള്ളപ്പൊക്കത്തെ പറ്റിയുള്ള UN പഠന റിപ്പോർട്ട് അംഗീകരിച്ചു നടപ്പിലാക്കുവാൻ സർക്കാർ തയ്യാറായില്ല. പകരം സംസ്ഥാനത്തു സജ്ജീവമായി തുടരുന്ന ഊഹമൂല ധന/വിപണി താൽപ്പര്യങ്ങളെ പിൻതുണക്കുവാനായി റിയൽ എസ്റ്റേറ്റ്, ഖനന പ്രവർത്തനത്തെ പരമാവധി സഹായിക്കുന്ന സമീപനങ്ങൾ തുടർന്നു.സുനാമിക്കു ശേഷം ഓഖി, അതിനു ശേഷം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുടെ ആഘാതങ്ങൾ കുറക്കുവാൻ ആവശ്യമായ നടപടികൾക്കു പകരം, വന നശീകരണത്തിനും നീർത്തടങ്ങളെ കര ഭൂമി യാക്കുവാനും തീരങ്ങളിലെ കൈയ്യേറ്റത്തെ ന്യായീകരിക്കുവാനും സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു.  


സംസ്ഥാനത്തിന്റെ സമഗ്ര വികസനം, GDP വളർച്ച മുതലായ വിഷയങ്ങളെ പറ്റി വ്യാകുലപ്പെടുന്ന സർക്കാർ, രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തിനുണ്ടായ 600 ലധികം മരണങ്ങൾ, 45000 കോടി രുപയിൽ കുറയാത്ത സാമ്പത്തിക നഷ്ടം എന്നിവയെ പറ്റി വ്യാകുലപ്പെടുന്നില്ല എന്നതിനുള്ള ഏറ്റവും അവസാനത്തെ തെളിവു കൂടിയാണ് അവശേഷിക്കുന്ന കാടുകൾക്കും അതിലെ വന്യ ജീവികൾക്കും അരുവികൾക്കും ഭീഷണിയാകും വിധം ഖനനത്തിന്റെ നിയന്ത്രണം 10 Km ൽ നിന്നും 1 Km ലേക്കു ചുരുക്കുവാനുള്ള തീരുമാനം.  


ഇടതുപക്ഷ സർക്കാർ , പശ്ചിമ ഘട്ട സംരക്ഷണത്തെ പാടെ അട്ടിമറിക്കുവാൻ നടത്തിയ ശ്രമങ്ങൾ മൂന്നാർ ട്രൈബൂണൽ പിരിച്ചുവിടലിലൂടെ ശക്തമാക്കിയിരുന്നു.  


പശ്ചിമഘട്ട മലനിരകളുടെ നാശത്തിനു കാരണമാകുന്ന ഏലക്കാടുകളിലെ മരം മുറിക്കലിനായി (35000 ച.ഹെക്ടർ) അനുവാദം നൽകിയ തീരുമാനം എന്തിന്റെ സൂചനയാണ് ?  


തോട്ടം മുതലാളിമാർ കൈവശം വെച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കു ന്നതിനു പകരം, കോടതി വ്യവഹാരത്തിൽ തോറ്റു കൊടുത്തത്, അതിന്റെ തുടർച്ച എന്നോണം ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്തു വാങ്ങുവാൻ തീരുമാനിച്ചത് തോട്ടം മുതലാളിമാരുടെ അനധികൃത അവകാശത്തെ സാധൂകരിക്കുന്നതിന്റെ ഭാഗമാണ്.


അവശേഷിക്കുന്ന ചോലക്കാടുകളിൽ 14000 ഹെക്ടർ ഭൂമിയും സ്വകാര്യ തോട്ടങ്ങളി ലായിരിക്കെ ,അവയുടെ സുരക്ഷ ഉറപ്പു നൽകുന്ന നിയമത്തെ (Fragile Land protection Rule) ഇല്ലാതാക്കിയത് പരിസ്ഥിതി സംരക്ഷണത്തിനായിരുന്നില്ല.


നെൽ വയൽ നീർത്തട സംരക്ഷണ നിയമത്തെ 2018 ലെ ഭേദഗതിയിലൂടെ  അശക്തമാക്കിയത് , 2008 ലെ ഇടതു പക്ഷ ജനാധിപത്യ സർക്കാർ കൈ കൊണ്ട സമീപനത്തെ തന്നെ തള്ളിപ്പറയലിന്റെ ഭാഗമായിട്ടായിരുന്നു.അതിന്റെ പിന്നിലെ താൽപ്പര്യം പ്രകൃതിയെ മാനിക്കലായിരുന്നില്ല.


തീര സംരക്ഷണ നിയമത്തെ പരമാവധി അട്ടിമറിക്കുവാൻ സംസ്ഥാന സർക്കാർ പ്രവർത്തിച്ചത് മത്സ്യതൊഴിലാളി ഗ്രാമങ്ങളെ മുൻനിർത്തിയായിരുന്നില്ല.


അധികാര വികേന്ദ്രീകരണ സാധ്യതകളെ തള്ളിപ്പറഞ്ഞ് Is of Doing Business പദ്ധതിയുടെ ഭാഗമായി ഖനനങ്ങൾ ക്യാബിനറ്റിൽ തീരുമാനിക്കാം എന്ന പ്രഖ്യാപനം ആരെ സംരക്ഷിക്കുവാനായിരുന്നു ?


കർക്കശമായ നിയന്ത്രണങ്ങളോടെ മാത്രം ഖനനം, ഖനനം പൊതുമേഖലയിൽ മുതലായ നിലപാടുകളെ മറന്ന്, ഖനന നിയന്ത്രണം 100 മീറ്ററിൽ നിന്നും 50 മീറ്ററിലേക്ക് എന്ന നയം മാറ്റത്തിന്റെ ലക്ഷ്യം എന്താണ് ?


മണ്ണിടിച്ചിൽ സാധ്യതയുള്ള 13600 പ്രദേശങ്ങൾ ,ഉരുൾപൊട്ടൽ സാധ്യതയുള്ള 12000 ലധികം ഇടങ്ങൾ പശ്ചിമഘട്ടത്തിലുണ്ടെന്ന 2019ലെ നിയമസഭാ സമിതിയുടെ കണ്ടെത്തലിനെയും ബാണാസുര സാഗർ അണകെട്ടുപ്രദേശങ്ങളിൽ പോലും അനധികൃത ഖനനം സജ്ജീവമാണെന്ന അവരുടെ തന്നെ റിപ്പോർട്ടും സർക്കാർ അവഗണിക്കുന്നു.  


എക്കോളജിക്കൽ സെൻസിറ്റീവ് ഏരിയയിൽ പ്രവർത്തിക്കുന്ന 1500 ലധികം  അനധികൃത ക്വാറികൾ , കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഖനന നിരോധിത പ്രദേശത്തെ 600 ലേറെ ഖനനങ്ങൾ, കടുവാ സങ്കേതങ്ങളിൽ പോലും നടക്കുന്ന പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുന്ന സർക്കാർ, സംസ്ഥാനത്തിന്റെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നു.   


പരിസ്ഥിതി സംരക്ഷണത്തെ അട്ടിമറിക്കുന്ന പ്രവർത്തന പട്ടികയിൽ  അവസാനം കൈ കൊണ്ട, സംരക്ഷിത വന ഭൂമിയുടെ സുരക്ഷയെ പരിപൂർണ്ണമായും അട്ടിമറിക്കുവാൻ അവസരം ഒരുക്കുന്ന, ഖനനത്തിനു നൽകുവാൻ ഉദ്ദേശിക്കുന്ന നിർദ്ദേശം കേരളത്തോടുള്ള അതിരു കടന്ന വെല്ലു വിളിയാണ് എന്ന് പിണറായി സർക്കാർ മറക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment