ലോക പൈതൃക പട്ടികയിൽ ഇടം നേടിയ അഗസ്ത്യാർമല സർക്കാരിന് കുപ്പ തൊട്ടിയോ ?




പശ്ചിമഘട്ടത്തിന്‍റെ നില നില്‍പ്പിന് സഹായകരമാകാവുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്ന  ഗാട്ഗില്‍ കമ്മീഷനെ അധികാര കേന്ദ്രത്തിനുവേണ്ടി, വനം കൊള്ളക്കാര്‍ക്കുവേണ്ടി അട്ടിമറിക്കുവാന്‍ ഉണ്ടാക്കിയ സംവിധാനമായിരുന്നു കസ്തൂരിരംഗന്‍ റിപ്പോർട്ട്. 

 

മല നിരകള്‍ സംരക്ഷിക്കുവാന്‍ ഏറ്റവും കുറഞ്ഞത്‌ 40% വനഭൂമിയെങ്കിലും ഉണ്ടായിരിക്കണം എന്നിരിക്കെ നമ്മുടെ മലനിരകളില്‍ അവശേഷിക്കുന്ന കാടുകള്‍ അതിലും എത്രയോ കുറവാണ്. 50 വര്‍ഷത്തിനുള്ളില്‍ 9 ലക്ഷം ഹെക്റ്റര്‍ പശ്ചിമഘട്ടത്തെ പച്ച തുരുത്തുകൾ നഷ്ടപെട്ടു കഴിഞ്ഞു. കൈയേറ്റക്കാർക്കായി  കുടിയേറ്റ ജനത, ടൂറിസം, തോട്ടം തൊഴിലാളി മുതലായ നിരവധി വിഷയങ്ങളെ സര്‍ക്കാര്‍ കൂട്ടുപിടിക്കുകയാണ്. 
ഇത്തരം അട്ടിമറികള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സഹായിക്കുന്നതരത്തിൽ  കസ്തൂരി രംഗന്‍ സമിതി  പ്രവർത്തിച്ചു.എന്നാൽ കസ്തൂരി രംഗൻ റിപ്പോർട്ടു പോലും നടപ്പിലാക്കാതിരിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ കിണഞ്ഞു പ്രവർത്തിക്കുകയാണ്.

 

കസ്തൂരിരംഗന്‍ കമ്മീഷന്‍ അത്യന്താപേക്ഷിതമായി സംരക്ഷിക്കണമെന്ന് സൂചിപ്പിച്ച 123 പഞ്ചായത്തുകള്‍ കേരളത്തില്‍ ഉണ്ട്. അതില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും 7 പഞ്ചായത്തുകള്‍. നെടുമങ്ങാട് താലൂക്കില്‍ 4 ,നെയ്യാറ്റിന്‍കര താലൂക്കില്‍ 3 പഞ്ചായത്തുകള്‍. അതില്‍ പെടുന്ന പെരിങ്ങമല പഞ്ചായത്തിനെ ലോകത്തെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞ് പരിസ്ഥിതി പൈതൃക പട്ടികയില്‍ ഇടം നല്‍കി ആദരിച്ചു.

 

അഗസ്ത്യാർകൂടം മലയെ ലോകത്തെ  ഏറ്റവും കണ്ണായ 669 ഇടങ്ങളില്‍ ഒന്നായി UNESCO പരിഗണിച്ചതിനു പിന്നില്‍ പെരിങ്ങമല പഞ്ചായത്തിന്‍റെ പ്രത്യേകതയും  വിലയിരുത്തിയിരുന്നു. 1868 മീറ്റര്‍ ഉയരമുള്ള മലയും 3500 ച.കി. മീ വ്യാപിച്ചു കിടക്കുന്ന കാടുകളും അതിലെ 2250 ലധികം തരം സസ്യങ്ങള്‍, മൂന്ന് വന്യ ജീവി സങ്കേതങ്ങള്‍ ഒക്കെ അതിന്റെ ഭാഗമാണ്. അപൂർവ്വ ഇനം ആനകൾ (കല്ലാന) ഉരഗങ്ങൾ, പക്ഷികൾ, ശുദ്ധജല മത്സ്യങ്ങൾ വനത്തെ ലോകത്തിന്റെ അത്യപൂർവ്വ ജൈവ കലവറയാക്കി.  3000 ലധികം കാണിക്കാര്‍ ( സംസ്ഥാനത്തെ ഏറ്റവും നീണ്ട ചരിത്രമുള്ള ജനവിഭാഗം)  താമസിക്കുന്ന അഗസ്ത്യര്‍ മലയിലെ ആരോഗ്യ പച്ച എന്ന സസ്യത്തിന്റെ  പ്രത്യേകതകൾ ലോക ശ്രദ്ധ നേടി എടുത്തു .

 

പെരിങ്ങമല പഞ്ചായത്തില്‍ വളര്‍ന്നു നില്‍ക്കുന്ന myristica swamp എന്ന ശുദ്ധ ജല കണ്ടൽ ചതുപ്പുകൾ 50000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടായിരുന്നു. ഇന്നവശേഷിക്കുന്നത് കേവലം 200 ഹെക്റ്റര്‍ സ്ഥലത്ത് മാത്രം. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധ ജല കണ്ടല്‍കാടുകള്‍ പെരിങ്ങമലയിലാണ് . വരയാടുകള്‍ താമസിക്കുന്ന (ഗുഹകള്‍ ) വരയാട് മല, പ്രകൃതിയുടെ അത്ഭുതമായി ഇവിടെയുണ്ട്. ചിന്നപ്പുല്‍മേട് , ചിറ്റാര്‍ നദി, ശംഖലി മുതലായവയുടെ സാനിധ്യം കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്തിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നു .


ആശുപത്രി മാലിന്യം സംസ്കരിക്കുന്ന വിഷയം വന്നപ്പോള്‍ ലോകം തള്ളിക്കളഞ്ഞതും പരിസ്ഥിതി വിരുദ്ധവുമായ IMAGE പദ്ധതി (IMA sponsered) കഞ്ചിക്കോടിനു ശേഷം പാലോട് കൊണ്ടുവരുവാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചു. ആ തെറ്റ് തിരുത്തുവാന്‍ അല്ല ആവര്‍ത്തിക്കുവാനാണ് അവർ ആഗ്രഹിക്കുന്നതെന്ന്  സര്‍ക്കാരിന്റെ 2017 ലെ  ആരോഗ്യ നയ പ്രഖ്യാപന രേഖ വ്യക്തമാക്കി കഴിഞ്ഞു.സംസ്ഥാനത്തെ മാലിന്യ സംസ്ക്കരണ വിഷയത്തിലും സർക്കാർ ലോകത്താകെ  നടക്കുന്ന മാതൃകാപരമായ പരീക്ഷണങ്ങളെ അംഗീകരിക്കുവാൻ തയ്യാറല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് .

 

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ട്.  മാലിന്യങ്ങള്‍ തലവേദനയാണ്.  എന്താണ് ഇവക്കുള്ള പരിഹാരം ?

 

കേരളത്തിൽ  പ്രതിദിനം ഉണ്ടാകുന്ന 15000 ടൺ മാലിന്യങ്ങളെ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാം . ഒരു ടണ്ണില്‍ നിന്നും അര മുതൽ ഒരു മെഗാവാട്ട് വാട്ട് വൈദ്യതി ഉണ്ടാക്കാം. അതിനായി വികേന്ദ്രീകരിച്ച സംസ്ക്കരണ യൂണിറ്റുകളാണ് വേണ്ടത്. മാലിന്യങ്ങള്‍ ഉണ്ടാകുന്ന ഇടങ്ങളില്‍ തന്നെ സംസ്കരിക്കുക എന്ന സാമാന്യ യുക്തിയെ അംഗീകരിക്കാത്ത രാഷ്ടീയക്കാര്‍ വിളപ്പില്‍ ശാല അനുഭങ്ങളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ല എന്ന് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.

 

35 km ദൂരത്തു നിന്നും മാലിന്യങ്ങൾ പരിസ്ഥിതി ലോല പ്രദേശത്തേക്ക് എന്ന നിര്‍ദ്ദേശം കോർപ്പറേഷൻ  ഒരിക്കല്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ 350 കോടി ചെലവില്‍ 200 ടൺ മാലിന്യം പ്രതിദിനം സംസ്കരിക്കുന്ന പദ്ധതി പെരിങ്ങമലയിലേക്ക് എന്ന ആശയത്തെ  എങ്ങനെയാണ് അംഗീകരിക്കുവാൻ കഴിയുക ?ഒരു വശത്ത് സർക്കാർ കരമനയാറും മറ്റു നദികളും സംരക്ഷിക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അതേ സർക്കാർ അവയുടെ വൃഷ്ടി പ്രദേശങ്ങളിൽ വൻകിട ഖനനവും  മാലിന്യ പ്ലാന്റും  സ്ഥാപിക്കുന്നതിൽ  മടി കാണിക്കുന്നില്ല.

 

കേരളത്തിലെ രാഷ്ട്രീയക്കാര്‍ പ്രകൃതി നിരക്ഷരതയിൽ അഭിമാനം  കൊള്ളുന്നുവോ  എന്ന് സംശയിക്കുന്നതിലും നന്ന് അവർ തെറ്റായ വികസന നിലപാടുകളെ തലയില്‍ ഏറ്റിനടക്കുന്നവര്‍ എന്ന പേർ ചാർത്തി കൊടുക്കുന്നതായിരിക്കും ഉചിതം.

 

നെൽപ്പാടങ്ങൾ നികത്തുവാൻ നിലവിലെ നിയമത്തെ അശക്തമാക്കുന്നു.പരിസ്ഥിതി ലോല പ്രദേശങ്ങൾ തോട്ടം മുതലാളിമാർക്കായി കൈമാറുന്നു. നിബിഢവന പ്രദേശങ്ങളിൽ പോലുമുള്ള  ജൈവസമ്പത്തുകളെ സംരക്ഷിക്കുവാൻ സർക്കാർ തയ്യാറല്ല. വൈദ്യുതി നിർമ്മാണം കൂടി  ലക്ഷ്യം വെക്കുന്നതും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായ , മാലിന്യം കത്തിച്ചു കൊണ്ടുള്ള  പദ്ധതി ലോക പരിസ്ഥിതി പ്രധാന ഗ്രാമത്തിനു മുകളില്‍ വെച്ചു കെട്ടുന്നതിനു പിന്നിലെ യുക്തി സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. 

 

നഗരത്തിന്‍റെ മാലിന്യങ്ങള്‍ പശ്ചിമഘട്ടത്തെ ഏറ്റവും പരിസ്ഥിതി പ്രധാന ഗ്രാമത്തിലേക്ക്  എന്ന സർക്കാർ ആശയത്തെ ഓർത്തു  സഹതപിക്കാം .കേവലം സഹതാപത്തിനപ്പുറം പെരിങ്ങമല ഗ്രാമത്തിന്റെ പ്രകൃതിയെയും അവിടുത്തെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെയും സംരക്ഷിക്കുവാൻ കേരളം ഒന്നിച്ചണി നിരക്കേണ്ട സമയം കൂടിയാണിത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment