പെട്ടന്ന് മുങ്ങുന്ന കേരളം ; ഇനിയും തിരുത്താത്ത പരിസ്ഥിതിനയങ്ങൾ





ചേന്നനും കുടുംബാങ്ങളും വെള്ളപോക്കത്തില്‍  പെടുന്നതും അവരെ വള്ളക്കാരന്‍ രക്ഷപെടുത്തുമ്പോള്‍ തങ്ങളുടെ പട്ടിയെ ഉപേക്ഷിച്ചു പോകേണ്ടിവന്ന തകഴിയുടെ കഥ നമ്മുടെ ഓര്‍മ്മയിലുണ്ട്.

 

കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി തോമസ്‌ ഐസക്ക് പരാമർശിച്ച 99ലെ വെള്ളപ്പൊക്കവും ഓഖി ദുരന്തവും  പ്രകൃതി നശീകരണത്തിന്‍റെ ചൂണ്ടുപലകയായിരുന്നു. കേരളത്തിലെ മുന്‍കാല ഭരണ കര്‍ത്താക്കള്‍ തുടര്‍ന്നുവന്ന പ്രകൃതി വിരുദ്ധ സമീപനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍  കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കുകയാണ്. ഗാഡ്ഗിൽ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുവാന്‍ വേണ്ടതെല്ലാം ചെയ്തവർ, തണ്ണീര്‍ തട നിയമത്തെ നിരായുധമാക്കി. കേരളത്തിന്‍റെ കാലാവസ്ഥയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന 14000 ഹെക്റ്റര്‍ Fragile land, പ്ലാന്‍റെഷന്‍ മുതലാളിമാരുടെ സ്വകാര്യ സ്വത്താക്കുവാന്‍ അനുവദിച്ചു. തീരദേശ നിയമത്തിൽ ടൂറിസം മുതലാളിമാര്‍ക്കായി വെള്ളം ചേര്‍ക്കുന്നു. ക്വാറികളുടെ എണ്ണം കൂട്ടുവാന്‍ പുതിയ അവസരങ്ങൾ  ഒരുക്കി. അനധികൃത ക്വാറികള്‍ക്ക് കൂടി പ്രവര്‍ത്തിക്കുവാന്‍ പിൻതുണയുമായി സർക്കാർ നിലയുറപ്പിച്ചു.  കടല്‍ തീരങ്ങള്‍ നാളിതുവരെ ഇല്ലാത്ത കടലാക്രമണത്തില്‍ പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ കോവളം മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങള്‍  വന്‍ കടലാക്രമണത്തിനു വിധേയമായി . മത്സ്യ ബന്ധനം അസാധ്യമാകും വിധം കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

 

പശ്ചിമഘട്ടത്തില്‍  ആവര്‍ത്തിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും  നിരവധി ജീവിതങ്ങള്‍ നഷ്ടപെടുത്തി കഴിഞ്ഞു. ഈ വര്‍ഷത്തെ മഴയിലൂടെ 90 നടുത്ത് ആളുകൾ മരണപ്പെട്ടു. 30000 ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. 950 ഗ്രാമങ്ങള്‍ വെള്ളപൊക്ക ഭീക്ഷണിയില്‍ പെട്ടിരിക്കുന്നു. ഇവക്കുണ്ടായ സാമ്പത്തിക നഷ്ട്ടം എത്ര വലുതായിരിക്കും ?


 
ഈ വര്‍ഷത്തെ ഇടവപ്പാതി ശരാശരിയേക്കാൾ  20% കൂടുതലാണ്. കഴിഞ്ഞ നാളുകളില്‍  മഴയുടെ അളവില്‍ കുറവുണ്ടായിരുന്നു. 145 വര്‍ഷത്തെ കേരള പഠനം വ്യക്തമാക്കുന്നത് ഇടവപ്പാതി മഴയുടെ അളവില്‍ പ്രതിവര്‍ഷം മൈനസ് 1.7 mm അനുഭവപ്പെട്ടു എന്നാണ്. (ഒന്നര നൂറ്റാണ്ടിനിടയില്‍ ആകെ 236 mm കുറവ്)  1871 മുതല്‍ 1900 വരെ 27.7% (12മാസത്തിന്റെ ) മഴ ജൂണിൽ കിട്ടി എങ്കില്‍ 1991-2005 കാലത്ത് 24% ലഭിച്ചു.സെപ്റ്റംബർ മുതല്‍ ഡിസംബർ വരെയുള്ള  മഴയുടെ അളവില്‍ വര്‍ദ്ധനവ്‌ ഉണ്ടായി. (0.7mm  കൂടുതൽ). ശൈത്യ കാലത്തെ  മഴയുടെ  വര്‍ദ്ധന തോട്ടം വിളയില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കി.


 

മഴയുടെ അളവില്‍ ഉണ്ടായ വ്യതിയാനവും അധിക മഴയും വലിയ ദുരന്തമായി മാറുവാനുള്ള കാരണങ്ങൾ  മറക്കുവാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങൾ മൊത്തത്തില്‍ താല്‍പര്യം കാണിക്കുന്നു. കേരളത്തില്‍ ഏറ്റവും വലിയ മഴ കെടുതികള്‍ ഉണ്ടായ ഇടുക്കി ജില്ലയും  വെള്ളപൊക്കം അനുഭവപ്പെട്ട കോട്ടയം ജില്ലയും എന്തുകൊണ്ടാണ്  അധിക ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ?

 

പെയ്തിറിങ്ങുന്ന മഴ വെള്ളം മണ്ണില്‍ ഊര്‍ന്നിറങ്ങുവാന്‍ കൂടുതലായി സഹായിക്കുന്നത് കാടുകളും നെല്‍പാടങ്ങളും ചതുപ്പുകളും നദികളും അതിന്‍റെ തീരങ്ങളുമാണ് . ഒരു ഹെക്റ്റര്‍ നെല്‍പാടത്തിന് 8 ലക്ഷം ലിറ്റര്‍ വെള്ളത്തെ സംഭരിക്കുവാന്‍ കഴിവുണ്ട്. കാടുകള്‍ക്ക് 50000 ലിറ്ററും സാധരണ തറകള്‍ക്ക് 30000 ലിറ്ററും സ്വീകരിക്കുവാന്‍ കഴിവുണ്ട്. പൊതുവെ മഴ കൂടുതലുള്ള മല നാട്ടില്‍ നിന്നും പെയ്തിറിങ്ങുന്ന മഴ വെള്ളം നദികളില്‍ എത്തി അതിന്‍റെ തീരങ്ങളിലെ പാടങ്ങളെയും കൃഷി ഇടങ്ങളെയും നിറച്ചിരുന്നു. വെള്ളത്തിനൊപ്പം എത്തുന്ന എക്കല്‍ അടിഞ്ഞ് മണ്ണിന്‍റെ ഫലഫൂയിഷ്ടി വര്‍ദ്ധിപ്പിച്ചു. ഭൂഗര്‍ഭ ജല വിതാനം കൂട്ടുവാന്‍ സഹായിച്ചു. കാടുകൾ  വെള്ളത്തിന്‍റെ ഒഴുക്കു കുറച്ച് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വിരളമാക്കി. 12 മാസവും അരുവികളിലൂടെ ജലം ഒഴുകി. കാടും പാടവും നദിക്കരയും നാടിനെ തണുപ്പിച്ചു. കടല്‍ താരതമ്യേന ശാന്തമായിരുന്നു. എല്ലാവര്‍ഷവും ഉണ്ടാകുന്ന ചാകര പ്രകൃതിയുടെ സമ്മാനമായി ആവര്‍ത്തിച്ചു.

 


കേരളത്തിന്‍റെ വന വിസ്തൃതിയില്‍ വന്‍ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് 9 ലക്ഷം ഹെക്റ്റര്‍ വനങ്ങള്‍ വെട്ടി വെളുപ്പിച്ചു. യഥാര്‍ത്ഥ വന വിസ്തൃതി 11%ആയി കുറഞ്ഞു. നെല്‍പാട വിസ്തൃതിയില്‍ 7 ലക്ഷത്തിന്‍റെ കുറവ് ഉണ്ടായി.കുളങ്ങള്‍ മൂടുകയും  കായല്‍ പരപ്പുകളുടെ 80% വും കയ്യേറുവാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. നദികളുടെ ഒഴുക്ക് നിലച്ചു.സര്‍ക്കാര്‍ ഈ സമീപനങ്ങളെ തിരുത്തുവാന്‍ തയ്യാറായിട്ടില്ല.

 

പശ്ചിമഘട്ടത്തില്‍ പരിസ്ഥിതി ലോല മേഖലയില്‍ തടസ്സങ്ങള്‍ കൂടാതെ ജല പാര്‍ക്കുകള്‍ നടത്തുവാന്‍ ഭരണ കക്ഷി MLA ക്ക് അവസരം നൽകി. വട്ടവട ഗ്രാമത്തിന്‍റെ തുടര്‍ച്ചയായ കുറുഞ്ഞി താഴ്വരയില്‍ ഭൂമി കൈയേറിയത് നമ്മുടെ എം.പിമാരാണ്. കുട്ടനാട്ടില്‍ നിയമം ലംഘിച്ച് പാടം നികത്തിയ ആള്‍ ക്യാബിനറ്റ് പദവിയില്‍ എത്തി. പൊതു ഫണ്ട് ഉപയോഗിച്ച് അനധികൃതമായി റോഡു നിര്‍മ്മിച്ച മന്ത്രിക്ക് വിവിധ പാര്‍ട്ടി നേതാക്കള്‍ സഹായം നല്‍കി.ഇതിനെ ഒന്നും തെറ്റായി കാണാത്ത പാർട്ടിക്കാർ നാടിനെ നയിക്കുന്നു.

 

9 ലക്ഷം ഹെക്റ്റര്‍ വനവും 7 ലക്ഷം ഹെക്ടർ  പാടങ്ങളും തോടുകളും  കുളങ്ങളും എല്ലാം തകര്‍ത്തു കൊണ്ടുള്ള വികസനത്തില്‍ അഭിരമിക്കുന്ന സര്‍ക്കാര്‍ സമീപനം ഇടുക്കിയേയും കോട്ടയത്തെയും കുട്ടനാടിനെയും സമ്പൂര്‍ണ്ണമായി വെള്ളത്തില്‍ മുക്കിക്കൊണ്ടിരിക്കുന്നു.

 

സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉയര്‍ത്തി ആളുകളെ സഹായിക്കുന്നതില്‍ നിര്‍വൃതി അടയുമ്പോള്‍ 90 പേരുടെ ജീവന്‍ നഷ്ടപെട്ടതും പതിനായിരക്കണക്കിന് ആളുകള്‍ വീട് ഉപേക്ഷിക്കേണ്ടിവന്നതും  സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ വികസനത്തിന്‍റെ ഫലമായിട്ടാണ്  എന്ന് ഓര്‍ക്കുന്നില്ല.

 

99 ലെ വെള്ളപ്പൊക്കം(1924) മൂന്നാറില്‍ ഉണ്ടാക്കിയ ദുരന്തം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും  മറക്കുവാന്‍ കഴിയാത്തതാണ്. ജൂലൈയിലെ മൂന്നാഴ്ച പെയ്ത മഴ 4350 mm ആയിരുന്നു. കേരളത്തിന് ഒന്നര വര്‍ഷം ലഭിക്കേണ്ട മഴ മൂന്നാഴ്ചയിൽ പെയ്തിറങ്ങിയപ്പോൾ  പെരിയാറില്‍ വന്‍ വെള്ളപൊക്കം ഉണ്ടായി. മൂന്നാറിലെ കരിന്തിരി മല തന്നെ ഒഴുകി പോയി.  പ്രവര്‍ത്തിച്ചു വന്ന റെയില്‍ പൂര്‍ണ്ണമായി തകര്‍ന്നു. എറണാകുളം-മൂന്നാര്‍ റോഡ്‌ എന്നത്തേക്കുമായി നഷ്ടപ്പെട്ടു. അന്നത്തെ മൂന്നാറിലെ ജനവാസം വളരെ കുറവായിരുന്നു . എന്നിട്ടും അവിടെ 100 ലധികം ആളുകൾ മരിച്ചു. 

 

വെള്ളം ഇറങ്ങുമ്പോൾ റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും വനം കൊള്ളക്കാർക്കും വേണ്ടി കേരളത്തെ വീണ്ടും പഴയതുപോലെ വികസിപ്പിക്കാനാണ് നീക്കമെങ്കിൽ ഇനിയും വലിയ വിലകൊടുക്കേണ്ടി വരും.99 ലെ വെള്ളപ്പൊക്കം ആവർത്തിച്ചാൽ  കേരളം  എത്ര ഭീകരമായ ദുരന്തത്തിലേക്കായിരിക്കും എത്തിച്ചേരുക  ! 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment