അഴിമതിക്കെതിരെ പത്തനംതിട്ട ജിയോളജി ഓഫീസിലേക്ക് പരിസ്ഥിതി മാർച്ച്




പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ജിയോളജി വകുപ്പിലെ അഴിമതികൾക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ജിയോളജി ഓഫീസിലേക്ക് മാർച്ച് ചെയ്യാനൊരുങ്ങുന്നു. ജിയോളജി ഉദ്യോഗസ്ഥർ ക്വാറി - ക്രഷർ,മണ്ണ് മാഫിയയ്ക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലയിലെ സമരസമതി പ്രവർത്തകരും സാസ്കാരിക മനുഷ്യാവകാശ  പരിസ്ഥിതി  പ്രവർത്തകരും ആഗസ്റ്റ് 4 ശനിയാഴ്ച്ച മാർച്ച് സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് രാവിലെ 11 മണിക്ക് ആറന്മുള ഐക്കര ജംഗ്ഷനിൽ നിന്നും ജിയോളജി ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നത്. 

 

ആറന്മുള ജിയോളജി വകുപ്പ് ഓഫീസ് പത്തനംതിട്ട ജില്ലയിലെ ഖനന മാഫിയയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്ന ക്വാറി അസോസിയേഷൻ സംഘടനയുടെ ഓഫീസായി മാറി കഴിഞ്ഞതായി സമിതി ആരോപിക്കുന്നു.  കഴിഞ്ഞ വ്യാഴാഴ്ച്ച 2.14 ലക്ഷം രൂപയുമായി പത്തനംതിട്ടയിലെ ആഡംബര ഹോട്ടലിൽ നിന്നും ജിയോളജിസ്റ്റിനെ വിജിലൻസ് പിടികൂടുകയും വ്യവസായ വകുപ്പ് ആ ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്ത് അന്വഷണം നടത്തിവരുകയുമാണ്. 

 

ജില്ലയിലെ കോട്ടാങ്ങൽ അമിറ്റി റോക്സ്, ചെമ്പൻമുടിമല ,വി കോട്ടയം ആമ്പാടി ഗ്രാനൈറ്റ്സ്, ഏനാദിമംഗലത്ത് പ്രവർത്തിക്കുന്ന 3 ക്വാറികൾ, പ്രവർത്തന അനുമതിക്കായി കാത്തുകിടക്കുന്ന 9 ഓളം ക്വാറികൾ,  ഏറത്ത് പഞ്ചായത്തിലെ പുലിമലയിൽ കാവിനകത്ത്, പള്ളിക്കൽ പഞ്ചായത്തിൽ പള്ളി സെമിത്തേരിക്ക് സമീപം, ഏനാദിമംഗലത്ത് സെന്റ് ജൂഡ് തീർത്ഥാടന കേന്ദ്രത്തിന് സമീപം ,ലൂക്കോസ്മുക്ക് പട്ടികജാതി കോളനി ,കിൻഫ്രാ വ്യവസായ പാർക്കിൽ ഇവിടെയെല്ലാം നിയമങ്ങൾ പാലിക്കാതെ ജിയോളജിസ്റ്റ് മൈനിംഗ് പ്ലാൻ അംഗീകരിച്ച് നൽകിയതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. 

 


ഇതിലൂടെ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് പാലിക്കാതെ കോന്നി ഗാലക്സിയ്ക്ക് അനുമതി നൽകി.കലഞ്ഞൂരിലും റാന്നിയിലും ,വടശ്ശേരിക്കരയിലും പാറമടയ്ക്കും ക്രഷറിനും വഴിവിട്ട് സഹായിച്ചു. മണ്ണ് മാഫിയയ്ക്കായി ആറന്മുള ജിയോളജി ഓഫീസിൽ ഹെൽപ്പ് ഡസ്ക് തുറന്നിരിക്കുകയാണെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment