തിരുവനന്തപുരം നഗരത്തിൽ നിന്ന് വെള്ളപ്പൊക്കം ഒഴിഞ്ഞപ്പോൾ കടലിന് കിട്ടിയത്




തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ നിന്ന് തിരുവനന്തപുരം നഗരത്തെ രക്ഷിക്കാൻ ദുരന്ത നിവാരണ അതോറിറ്റി വേളി പൊഴി മുറിച്ചത് കടലിന് മറ്റൊരു ദുരന്തം സമ്മാനിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ മാലിന്യവാഹിനികളായ പാർവ്വതി പുത്തനാറിലെയും, ആമയിഴഞ്ചാൻ തോടിലെയും മാലിന്യങ്ങളും, വേളി കായൽ, ആക്കുളം കായൽ എന്നിവിടങ്ങളിൽ കെട്ടിക്കിടന്ന മാലിന്യങ്ങളും കടലിലേക്ക് ഒഴുകി എത്തി. ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് എന്ന സംഘടനയുടെ പ്രവർത്തകർ നടത്തിയ പരിശോധനയിൽ, വിഴിഞ്ഞം മുതൽ പെരുമാതുറ വരെയുള്ള കടലിൽ, തീരത്ത് നിന്ന് ഏഴു കിലോമീറ്ററോളം ദൂരത്തിൽ 36 മീറ്റർ ആഴത്തിൽ വരെ പൊഴി വെള്ളം നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ഇത്രയും പ്രദേശത്ത് തിരുവനന്തപുരം നഗരത്തിലെ മാലിന്യം മുഴുവൻ നിറഞ്ഞു കിടക്കുകയാണ്. 

 

അതിൽ ജലോപരിതലത്തിൽ പൊങ്ങികിടക്കാൻ ശേഷിയുള്ളവ മാത്രം തീരത്തടിഞ്ഞു. ഈ മാലിന്യ കൂമ്പാരം വേളിക്ക് സമീപം തീരത്തടിഞ്ഞു കിടക്കുകയാണ്.  ഉള്ളിൽ വെള്ളം കയറിയും ഭാരം കൊണ്ട് മുങ്ങി താണും കടലിൽ കിടക്കുന്നത് ഇതിന്റെ എത്രയോ ഇരട്ടി വരുമെന്ന് ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് പ്രവർത്തകൻ റോബർട്ട് പനിപിള്ള പറഞ്ഞു. അടുത്ത ഒരു കടലേറ്റം ഉണ്ടാകുമ്പോൾ ഈ മാലിന്യങ്ങൾ കൂടി കടലിലേക്ക് എത്തും. നഗരത്തെ താൽക്കാലികമായി രക്ഷിക്കാൻ പൊഴി മുറിച്ച് വിടുന്ന ദുരന്ത നിവാരണ അതോറിറ്റിയോ അധികൃതരോ കടലിൽ ഈ മാലിന്യം അടിയുന്നത് തടയാൻ യാതൊന്നും ചെയ്യുന്നില്ല. തീരത്ത് അടിയുന്ന മാലിന്യങ്ങൾ പോലും അടിയന്തിരമായി നീക്കാൻ അധികൃതർ തയ്യാറാവുന്നില്ല എന്നും ആരോപണമുണ്ട്. 

 

സമുദ്രങ്ങളിൽ അടിഞ്ഞുകൂടി സമുദ്ര ആവാസവ്യവസ്ഥയ്ക്കും അത് വഴി മനുഷ്യജീവനും അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ലോകമെമ്പാടും ഇതിനെ തടയാൻ ഊർജ്ജിത ശ്രമങ്ങൾ നടക്കുമ്പോഴാണ് കേരളത്തിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കടലിനെ മാലിന്യദുരന്തത്തിലേക്ക് തള്ളി വിടുന്നത്. കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കേരളം നടത്തുന്ന ശുചിത്വസാഗരം പദ്ധതിക്ക് യു.എന്നിന്റെ വരെ പ്രശംസ ലഭിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം തീരത്ത് ഈ ദുസ്ഥിതി. കടലിൽ അടിയുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ 400 കൊല്ലത്തോളം അവിടെ തന്നെ കിടക്കുമെന്നും, കരയിലെ ജലാശയങ്ങളെ സംരക്ഷിച്ചാൽ മാത്രമേ കടലിനെ സംരക്ഷിക്കാൻ കഴിയൂ എന്നും റോബർട്ട് പനിപിള്ള പറയുന്നു. 

 

നാളെ ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് പ്രവർത്തകർ തീരത്തെ മാലിന്യം വേർതിരിച്ച്, കടലേറ്റം ഉണ്ടായാലും തിരികെ കടലിലേക്ക് പോകാത്ത സ്ഥലത്ത് സംഭരിച്ച ശേഷം കോർപ്പറേഷന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment