ഖനനം മുനിയറകളെ തകർക്കും ; മുനിയാട്ടുകുന്നിനെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി




തൃശൂർ : ക്വാറികൾ തകർക്കുന്ന തൃശൂർ ജില്ലയിലെ പുരാവസ്തു വകുപ്പിന്റെ സംരക്ഷിതപ്രദേശമായ മുനിയാട്ടുകുന്നിനെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പ്രാചീനശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകളായ മുനിയറകൾ സ്ഥിതി ചെയ്യുന്ന മുനിയാട്ടു കുന്ന് അനിയന്ത്രിതവും അനധികൃതവുമായ പാറ ഖനനം മൂലം നാശത്തിന്റെ വക്കിലാണ്. ഇതിനെതിരെ വൺ ലൈഫ് വൺ എർത്ത് എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മുനിയാട്ടുകുന്നിലെ ഭൂമി ശാസ്ത്രീയമായി സർവ്വേ നടത്തി അളന്നുതിട്ടപ്പെടുത്താനും കോടതി ഉത്തരവിട്ടു. തൃശൂർ ജില്ലയുടെ കിഴക്കൻ മേഖലയിൽ മുപ്ലിയത്തിന് സമീപനമാണ് മുനിയാട്ടു കുന്ന്. 1937 ൽ സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ പട്ടയത്തിന്റെയും പാട്ടത്തിന്റെയും മറവിൽ അനധികൃത ഖനനം ആരംഭിക്കുകയായിരുന്നു. ക്വാറി മാഫിയ പ്രദേശം കയ്യടക്കി പ്രാചീന ശിലായുഗ ശേഷിപ്പുകളടക്കം തകർത്ത് ഖനനം നടത്തുകയായിരുന്നു. 

 

സംരക്ഷിത വനപ്രദേശങ്ങളിൽ ഇടപെടലുകൾ സാധ്യമല്ലെന്നും ഇവിടുത്തെ പട്ടയങ്ങൾ കൃഷിക്കും താമസത്തിനും മാത്രമായി നല്കിയിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ പാറ ഖനനം പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ കോടതി, അനിയന്ത്രിതമായ ക്വാറി പ്രവർത്തനം വനമേഖലയുടെ നാശത്തിനും, അതുവഴി മണ്ണൊലിപ്പിനും, ഉരുൾപൊട്ടലിനും ഇടയാക്കുമെന്നും നിരീക്ഷിച്ചു. ക്വാറികൾ സംരക്ഷിത പുരാവസ്തു ശേഷിപ്പുകളായ മുനിയറകൾക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. വനം, റവന്യൂ, പുരാവസ്തു വകുപ്പുകൾ സംയുക്തമായി വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സർവ്വേ നടത്തി, അതിർത്തി നിർണ്ണയിക്കാനാണ് കോടതി നിർദ്ദേശം. ഭൂപ്രകൃതിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി മാത്രമേ പാട്ടം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാവൂ എന്നും കോടതി ഉത്തരവിൽ പറയുന്നു. 

 

പട്ടയത്തിന്റെയും പാട്ടത്തിന്റെയും മറവിൽ സംരക്ഷിത പ്രദേശത്ത് നിന്ന് അനധികൃത കരിങ്കൽ ഖനനം നടത്തിയവരുടെ പട്ടയങ്ങൾ റദ്ദാക്കണമെന്നാണ് മുനിയാട്ടുകുന്ന് സംരക്ഷണ സമിതിയുടെ ആവശ്യം. ഖനനം മൂലം നശിപ്പിക്കപ്പെട്ട മുനിയറകൾ ശാസ്ത്രീയമായി പുനരുദ്ധരിക്കണമെന്നും, ഭൂസർവ്വെ അടിയന്തിരമായി പൂർത്തിയാക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment