കാലവർഷം ഇന്നെടുത്തത് 17 ജീവനുകൾ ; മലപ്പുറത്തും ഇടുക്കിയിലും രണ്ടു കുടുംബങ്ങളിലെ 10 പേർ മരിച്ചു




സംസ്ഥാനത്ത് ദുരിതം വിതച്ച് കാലവർഷം. കനത്ത മഴയിൽ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 17 ആയി. മലപ്പുറം നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇടുക്കി അടിമാലിയിലും ഉരുൾപൊട്ടൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവനെടുത്തു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർവാലിയിൽ രണ്ടുപേരെ കാണാനില്ല. ഇടുക്കി ജില്ലയിൽ അടിമാലി പുതിയകുന്നേൽ ഹസൻകുട്ടിയുടെ കുടുംബത്തിലെ അഞ്ചു പേരാണ് ഉരുൾപൊട്ടലിനെ തുടർന്ന് മരിച്ചത്. നിലമ്പൂർ എരുമമുണ്ട ചെട്ട്യാംപാറ മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. പറമ്പിൽ സുഹ്രഹ്‌മണ്യൻ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. 

 

നിലയ്ക്കാതെ പെയ്യുന്ന മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ വയനാട്ടില്‍  245.37 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. താമരശ്ശേരി ചുരത്തില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളായ പുതുപ്പാടി, കണ്ണപ്പന്‍ കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മഴക്കെടുതി വലയ്ക്കുന്ന വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏഴിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment