രാജ്യത്തെ 49 കോടി ഹെക്ടർ ഭൂമി പ്രളയ ഭീഷണിയിൽ; ലിസ്റ്റിൽ കേരളവും മുന്നിൽ




രാജ്യത്തെ 49 കോടി ഹെക്ടർ ഭൂമി (ഇന്ത്യയുടെ15% വിസ്തൃതി) പ്രളയത്താൽ തിരിച്ചടി നേരിടുന്നതായി നീതി ആയോഗ് വിവരിക്കുമ്പോൾ, അവിടെ കേരളത്തിൻ്റെ സ്ഥാനം ഒട്ടും പിന്നിലല്ല. ലോകത്ത് ഏറ്റവുമധികം ആളുകൾ പ്രകൃതിക്ഷോഭത്തിലൂടെ മരിക്കുന്ന രാജ്യത്ത്, ഹിമാലയം മുതൽ കന്യാകുമാരി വരെ വിവിധങ്ങളായ പാരിസ്ഥിതിക ദുരന്തങ്ങൾ സജ്ജീവമാണ്. ദേശീയമായി ഒരു ലക്ഷം കോടി രൂപയുടെ പ്രതിവർഷ നഷ്ടം ഉണ്ടാക്കുന്ന വിവിധങ്ങളായ തിരിച്ചടികൾ കാർഷിക രംഗത്തെ പല തരത്തിൽ ബാധിക്കുന്നു.


കാർഷിക ഉൽപ്പാദന ക്ഷമത കുറയുന്നതിൽ പ്രളയവും വരൾച്ചയും വ്യത്യസ്ഥ കാരണങ്ങളാണ്. അവയുടെ തോത് വൻ തോതിൽ വർധിക്കുകയാണ്. ഹിമാലയത്തിൻ്റെ പൊതുവായ അസ്ഥിരതക്കൊപ്പം നടക്കുന്ന നിർമ്മാണങ്ങളും മരം മുറിക്കലും തീരങ്ങളിൽ കടൽ കയറുന്ന പ്രതിഭാസം, അന്തരീക്ഷ ചൂട് വർധിക്കുന്നത്, കേരളം, തമിഴ്നാട്, കർണ്ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, ബംഗാൾ, ബീഹാർ, അസം, ഹരിയാന, ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.


പ്രളയം 39.40 ലക്ഷം ഹെക്ടർ കൃഷിയെ നശിപ്പിക്കാറുണ്ട്. പ്രളയത്താൽ പ്രതിവർഷം 1650 ലധികം മരണങ്ങൾ, നാൽക്കാലികൾ 6.2  ലക്ഷം,12 ലക്ഷം വീടുകൾ തകരുകയാണ്. എൽനിനൊ, ലാനിനൊ പ്രതിഭാസങ്ങൾ ആവർത്തിക്കുന്ന ഇന്ത്യയിൽ പ്രകൃതി ക്ഷോഭങ്ങൾ വരും നാളുകളിൽ വർധിക്കുവാനുള്ള സാധ്യതയാണ് ഉള്ളത്. ഐക്യ രാഷ്ട്രസഭ മുന്നോട്ടു വെക്കുന്ന 17 ഇന സുസ്തിര പദ്ധതികൾ നടപ്പാക്കുന്നതിൽ ഇന്ത്യ ഇന്നും പിന്നോക്കം നിൽക്കുന്നു. കാലാവസ്ഥാമാറ്റത്തെ തടയുവാൻ ഉതകുന്ന സുരക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കുവാൻ സർക്കാരുകൾ താൽപ്പര്യം കാട്ടുന്നില്ല.കാർബൺ ബഹിർ ഗമനം വർധിക്കുന്നു. തറകളുടെയും കടലിൻ്റെയും കാർബൺ ശേഖരിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. നിർമ്മാണങ്ങളിലെ അശാസ്ത്രീയത അവസാനിപ്പിക്കുന്നില്ല. സ്വകാര്യ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ, ബാങ്ക് പദ്ധതികൾ ഹരിത താപനത്തിന വസരമൊരുക്കുന്നു.50 കോടിയിൽ കുറയാത്ത ഇന്ത്യക്കാരുടെ കാർഷിക രംഗത്തെ തിരിച്ചടിക്കു പ്രധാന കാരണമായ കാലാവസ്ഥ തിരിച്ചടികൾ ലഘൂകരിക്കാതെ ഇന്ത്യൻ സാമ്പത്തിക രംഗം സുസ്ഥിരത കൈവരിക്കില്ല.


2015 ലെ പാരീസ് സമ്മേളനത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ 2.5 ലക്ഷം കോടി ഡോളർ (2.5 ലക്ഷം x 74 രൂപ) ചെലവു വരുന്ന പ്രകൃതി സംരക്ഷണ പദ്ധതികൾ 2030കൊണ്ട് നടപ്പിലാക്കണമെന്നു പറഞ്ഞിരുന്നു. വന വിസ്തൃതി വർദ്ധിപ്പിക്കൽ, ഹിമാലയൻ നിരകളെ സുരക്ഷിതമാക്കൽ, ഫോസിൽ ഇന്ധന വാഹനങ്ങൾക്കു പകരം ഇലക്ട്രിക്ക് വാഹനം, നദികളും പുഴകളും കുളങ്ങളും കാടുകളും സംരക്ഷിക്കൽ, ബാഷ്പീകരണം കുറക്കൽ, വിറക്ക് അടുപ്പുകൾ ഒഴിവാക്കൽ, വന്യ ജീവികൾക്കും മറ്റും സുരക്ഷ, ഊർജ്ജ ക്ഷമത വർധിപ്പി ക്കൽ, ഭൂഗർഭ ജലവിതാനം ശക്തമാക്കൽ തുടങ്ങി സൂക്ഷ്മവും സ്ഥൂലവുമായ വിപുല പദ്ധതികൾ നടപ്പിലാക്കേണ്ട നമ്മുടെ രാജ്യം ഇന്നും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ല. കേരളവും വ്യത്യസ്ഥമല്ല എന്നാണ് അനുഭവങ്ങൾ പറയുന്നത് .


കേരള സംസ്ഥാനത്ത് സുനാമിക്കു ശേഷം ഓഖിയും പ്രളയവും ഉരുൾപൊട്ടലും കൂടി 50000 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി, മരണം ആയിരത്തിലധികവും. എന്നാൽ ദുരന്തങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, സമഗ്രമായ പൊളിച്ചെഴുത്തുകൾക്ക് സർക്കാർ തയ്യാറല്ല. തീരദേശ നിയമത്തെ മുതൽ നെൽ വയൽ/നീർത്തട, പശ്ചിമഘട്ട സംരക്ഷണ നിലപാടുകളെ അട്ടിമറിക്കുവാൻ സർക്കാർ തയ്യാറാണ്. വന വിസ്തൃതിയിലെ കുറവും നിപ്പയും മറ്റും എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. അനധികൃതമായി പണിതുയർത്തിയ1200O ത്തിലധികം കെട്ടിടങ്ങൾ പൊളിച്ചടുക്കുവാൻ സർക്കാർ മടിച്ചു നിൽക്കുന്നു. ഈ വിഷയങ്ങളിൽ നീതി ആയോഗ് പഠനങ്ങൾ യഥാർത്ഥ പ്രശ്നങ്ങളെ മറക്കുവാനാണ് ശ്രമിക്കുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment