ജയിൽവാസം, മാനസികരോഗാശുപത്രിയിൽ പീഡനം ; ക്വാറിക്കെതിരെ സമരം ചെയ്ത ദളിത് യുവാവിന് സർക്കാർ നൽകിയ സമ്മാനം : സേതു സംസാരിക്കുന്നു




ഒരു വർഷത്തോളമായി താൻ അനുഭവിക്കുന്ന നീതി നിഷേധത്തെ കുറിച്ച്, ജയിലിലും മാനസ്സിക രോഗാശുപത്രിയിലും അനുഭവിച്ച പീഡനങ്ങളെ കുറിച്ച്, നീതിയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ഭ്രാന്തനാക്കി ചോദ്യത്തെ ഇല്ലാതാക്കുന്നതിനെ കുറിച്ച് സേതു സംസാരിക്കുന്നു. 

 

കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ദളിത് വിഭാഗത്തിൽ പെട്ട ഒരു മനുഷ്യൻ. തനിക്കും കുടുംബത്തിനും നേരെ ഉണ്ടായ അതിക്രമത്തിനെതിരെ നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു വർഷത്തിലധികമായി സമരം നടത്തുന്നു. ക്വാറി മാഫിയയുടെ ഭീഷണിയും കടുത്ത ദാരിദ്ര്യവും അനുഭവിക്കുമ്പോഴും നീതി കിട്ടും വരെ സമരം തുടരും എന്ന നിശ്ചയദാർഢ്യവുമായി രണ്ടു പെണ്മക്കൾ അടങ്ങുന്ന കുടുംബം ഒപ്പം. ഒരു വർഷമായി തുടരുന്ന അവഗണനയിലും വീട്ടിലെ കഷ്ടപ്പാടിലും നിരാശനായ ആ മനുഷ്യൻ ആത്മഹത്യക്ക് ശ്രമിക്കുന്നു. ഉടൻ ഒരു വർഷത്തോളം അയാളുടെ പരാതി കേൾക്കാൻ തയ്യാറാകാത്ത ഭരണകൂടം ഉണർന്നു പ്രവർത്തിക്കുന്നു. ആത്മഹത്യശ്രമക്കുറ്റം ചുമത്തി ജയിലിലാക്കുന്നു. അവിടെ നിരാഹാരസമരം നടത്തിയ അയാളെ ആശുപത്രിയിൽ കൊണ്ട് പോകാൻ എന്ന വ്യാജേന ജീപ്പിൽ കയറ്റി മാനസിക രോഗാശുപത്രിയിൽ അടക്കുന്നു. ആ വിവരം വീട്ടുകാരിൽ നിന്ന് മറച്ചു വെക്കുന്നു. രണ്ടു ദിവസത്തിന് ശേഷം ജയിലിൽ അന്വേഷിച്ചെത്തിയ ഭാര്യയോട് അയാൾ ഭ്രാന്താശുപത്രിയിലാണെന്നും കാണാൻ കഴിയില്ലെന്നും പറയുന്നു. 

 

പേരില്ലാത്ത ഈ മനുഷ്യൻ ഈ നാട്ടിലെ മാഫിയകൾക്കെതിരെ പോരാടുന്ന ഏതൊരു സാധാരണക്കാരനും ആയേക്കാം. ഇന്നത് കിളിമാനൂർ തോപ്പിൽ സ്വദേശി സേതുവാണ്. മാനസികരോഗാശുപത്രിയിൽ നിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ സേതു ഒരു ഭരണകൂടത്തിനും മാഫിയകൾക്കും തകർക്കാനാവാത്ത നീതിബോധത്തിന്റെ മാത്രം കരുത്തിൽ പിന്നെയും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്.

 

ഒരു വർഷത്തോളമായി താൻ അനുഭവിക്കുന്ന നീതി നിഷേധത്തെ കുറിച്ച്, ജയിലിലും മാനസ്സിക രോഗാശുപത്രിയിലും അനുഭവിച്ച പീഡനങ്ങളെ കുറിച്ച്, നീതിയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ഭ്രാന്തനാക്കി ചോദ്യത്തെ ഇല്ലാതാക്കുന്നതിനെ കുറിച്ച് സേതു സംസാരിക്കുന്നു. 

 

കിളിമാനൂർ തോപ്പിൽ പ്രവർത്തിക്കുന്ന എ.കെ.ആർ എന്ന ക്വാറിയിൽ നിന്ന് എന്റെ വീട്ടിലേക്ക് കല്ല് തെറിച്ച് വീഴുകയും അതെടുത്ത് കൊണ്ട് പോകാൻ വന്ന ക്വാറി ഗുണ്ടകൾ എന്റെ ഭാര്യയെയും പെൺമക്കളെയും ഉപദ്രവിക്കുകയും ചെയ്തു. ഇതിനെതിരെ പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് ഞാൻ ഇവിടെ സമരം ചെയ്യുന്നത്. ഈ സമരം ഒരു ക്വാറിക്കെതിരെ മാത്രമല്ല, നീതിക്ക് വേണ്ടിയുള്ള സമരമാണിത്. കേരളത്തിൽ ക്വാറി മാഫിയയുടെ ദ്രോഹം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള സമരമാണിത്. ഈ സമരം പത്ത് 360 ദിവസമായിട്ടും എനിക്ക് ഒരു നീതിയും കിട്ടാതെ വന്നപ്പോഴാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് പത്ത് പതിനാറ് പരാതി കൊടുത്തതിന് ശേഷം അവസാനത്തെ ഒരു പരാതി മരണമൊഴി പോലെ കൊടുത്തിട്ടാണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്. ആ പരാതി കൊടുത്തതിന് ശേഷം മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോ പട്ടിക്ക് ബിസ്കറ്റ് കൊടുക്കുന്ന പോലെ മലയാളം പോലും വായിക്കാൻ അറിയാത്ത എന്റെ ഫോണിലേക്ക് കൊറേ ഇംഗ്ലീഷ് മെസേജ് മാത്രം വന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. പട്ടികജാതിക്കാരനാണ്. എന്റെ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചവർക്കെതിരെ നടപടി എടുത്തിട്ടില്ല, പട്ടികജാതി കമ്മീഷൻ നടപടി എടുത്തിട്ടില്ല, ബാലാവകാശ കമ്മീഷൻ നടപടി എടുത്തിട്ടില്ല, ക്വാറി ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നു, അവിടെ വെള്ളമില്ല.


പത്തിരുന്നൂറു പോലീസുകാരും. അതിന്റിടയ്ക്ക് വെച്ച് ഒരു വർഷമായി ഇങ്ങനെ സമരം ചെയ്യുന്ന, സമയത്തിന് ഭക്ഷണം കഴിക്കാത്ത, ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന ഞാൻ എസ്.ഐയെ ആക്രമിച്ചു എന്ന് പറയുന്നത് എന്നെ കാണുന്ന ആരെങ്കിലും വിശ്വസിക്കുമോ?


 

 ഇങ്ങനെയുള്ള അവസ്ഥയിൽ എനിക്ക് നീതി കിട്ടില്ല എന്നുറപ്പായപ്പോഴാണ് ഞാൻ ആത്മഹത്യാസമരത്തിലേക്ക് നീങ്ങിയത്. എന്റെ വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഈ സർക്കാർ അധികാരത്തിൽ കയറിയത്. എന്നിട്ടും ഒരു പട്ടികജാതിക്കാരനായ ഞാൻ ഒരു വർഷമായി നീതിക്ക് വേണ്ടി അലയുകയാണ്. നീയൊക്കെ എത്രയൊക്കെ സമരം ചെയ്താലും ഞങ്ങൾ സംരക്ഷിക്കുന്ന ക്വാറിക്കാർക്കെതിരെ ഒരു നടപടിയും എടുക്കില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത് എന്ന് കണ്ടപ്പോഴാണ്, ഈ ഭരണത്തിന് കീഴിൽ ജീവിച്ചിരിക്കാൻ നാണംകെട്ടിട്ടാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്. മാർച്ച് ഏഴാം തീയതി ഞാൻ കയ്യിലെ ഞരമ്പ് മുറിച്ചപ്പോ, ഇവിടെ നിറയെ സമരം ചെയ്യുന്ന ആളുകളും മീഡിയയും ഒക്കെ ഉണ്ടായിരുന്നു. അവരുടെ കണ്ണിൽ പെടാതിരിക്കാൻ എന്നെ ഇവിടുന്ന് കന്റോൺമെന്റ് സ്റ്റേഷനിൽ കൊണ്ട് പോയി കയ്യിൽ ഒരു തുണി കെട്ടി അവിടെ ഇരുത്തിയിരുന്നു. കൊണ്ട് പോയ വഴിക്കെല്ലാം എന്റെ ചോര ഒളിപ്പിച്ചോണ്ടാണ് പോയത്. അവിടുന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് എന്നെ ജനറൽ ആശുപത്രിയിൽ കൊണ്ട് പോയത്. അവിടെ കൊണ്ട് പോയി നേരാംവണ്ണം തയ്യൽ പോലും ഇടാതെ എന്നെ തിരിച്ച് കൊണ്ട് വിട്ടിട്ട് അവർ എന്നോട് പറഞ്ഞു, നീ ഇന്ന് ഇനി സമരം ഇരിക്കരുത്, നാളെ വന്നു ഇരുന്നോ എന്നാണ്. 


ഈ ഭരണത്തിന് കീഴിൽ ജീവിച്ചിരിക്കാൻ നാണംകെട്ടിട്ടാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്.


 

പിറ്റേന്ന് ഞാൻ വീണ്ടും വന്നു സമരം ഇരുന്നു, അതിന്റെ പിറ്റേന്ന് രാവിലെ ഒൻപത് മണി ആയപ്പോഴാണ് എസ്.ഐ വന്നു എന്നെ വിളിച്ചോണ്ട് പോയി, സ്റ്റേഷനിൽ ചെന്നിട്ട് എന്നെ കോടതിയിൽ ഹാജരാക്കാൻ പോകുകയാണ് എന്ന് പറഞ്ഞു. എന്റെ ഫോണെടുത്ത് എന്റെ ഭാര്യയെയും വിളിച്ച് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഞാൻ അറിയുന്നത് എന്റെ പേരിൽ എടുത്തിരിക്കുന്ന കേസ്, ആത്മഹത്യാശ്രമം നടത്തി എന്നും, അത് തടയാൻ ശ്രമിച്ച എസ്.ഐയുടെ ഉടുപ്പിൽ പിടിച്ചെന്നും, കയ്യേറ്റം ചെയ്‌തെന്നുമാണ്. അന്നിവിടെ അഞ്ചോ ആറോ സമരങ്ങളുണ്ടായിരുന്നു. പത്തിരുന്നൂറു പോലീസുകാരും. അതിന്റിടയ്ക്ക് വെച്ച് ഒരു വർഷമായി ഇങ്ങനെ സമരം ചെയ്യുന്ന, സമയത്തിന് ഭക്ഷണം കഴിക്കാത്ത, ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്ന ഞാൻ എസ്.ഐയെ ആക്രമിച്ചു എന്ന് പറയുന്നത് എന്നെ കാണുന്ന ആരെങ്കിലും വിശ്വസിക്കുമോ? പിന്നെ ഞാനിവിടെ ആർക്കും തടസ്സമാകാതെ ഒരു പായ് വിരിച്ചാണ് കിടക്കുന്നത്. സമരപ്പന്തൽ പോലും കെട്ടിയിട്ടില്ല. ആ ഞാൻ ഗതാഗതതടസ്സം ഉണ്ടാക്കി എന്നാണ് കോടതിയിൽ കൊടുത്തിരിക്കുന്നത്. 

 

എന്നെപോലുള്ള പാവങ്ങൾ പറയുന്നതൊന്നും കോടതി കേൾക്കാൻ തയ്യാറാകുന്നില്ല. ഞാൻ പറഞ്ഞു എനിക്ക് ഒരു വർഷമായി എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപദ്രവിച്ചിട്ട് നീതി കിട്ടിയിട്ടില്ല എന്നൊക്കെ, അതൊന്നും കേൾക്കാതെ കോടതി എന്നെ റിമാൻഡ് ചെയ്തു. ജയിലിൽ എത്തി ഒരു ദിവസം കഴിഞ്ഞപ്പോ ഞാൻ നിരാഹാരം ആരംഭിച്ചു. നിരാഹാരം എന്ന് പറഞ്ഞാൽ സമരമുറകളിൽ വെച്ച് ഏറ്റവും സാധുക്കളുടെ സമരമുറയാണ്. ഇന്ത്യയിൽ ഞാൻ മാത്രമല്ല നിരാഹാരസമരം കിടന്നിട്ടുള്ളത്. എന്നേക്കാൾ ബോധമുള്ള, ലോകം ആദരിക്കുന്ന ഒരുപാട് പേര് ഈ സമരമുറ സ്വീകരിച്ചിട്ടുണ്ട്. വെള്ളക്കാരനെതിരെ നിരാഹാരസമരം നടത്തിയിട്ട് പോലും അവൻ ആരെയും ഒന്നും ചെയ്തിട്ടില്ല. പക്ഷേ  ഈ സർക്കാർ ഒരു പട്ടികജാതിക്കാരനായ എന്നെ, ജയിൽ ആഹാരം കഴിക്കുന്നില്ല, ഞാൻ അത് ചെയ്യുന്നു, ഇത് ചെയ്യുന്നു എന്നൊക്കെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് എന്നെ ഭ്രാന്താശുപത്രിയിലേക്ക് കൊണ്ട് പോയി. 

 

കയ്യിലെ സ്റ്റിച്ച് എടുക്കണമെന്നും പറഞ്ഞാണ് എന്നെ ജയിലിൽ നിന്ന് കൊണ്ട് പോയത്. കൊണ്ട് പോയത് ഭ്രാന്താശുപത്രിയിൽ. അവിടെ ചെന്നപ്പോ തന്നെ ഒരു രോഗവും ഇല്ലാത്ത എനിക്ക് ഒരു ഇൻജെക്ഷൻ തന്നു. അതോടെ എന്റെ ബോധം മറഞ്ഞിട്ട് എനിക്ക് ഭ്രാന്താണോ എന്ന് എനിക്ക് തന്നെ തോന്നുന്ന ഒരു അവസ്ഥയിലായിപ്പോയി. അതിന് ശേഷം എന്നെ നാല് ദിവസം ഒറ്റയ്ക്കൊരു സെല്ലിൽ ചോരക്കറ ഉണങ്ങിപ്പിടിച്ചിരിക്കുന്ന ഒരു സെല്ലിൽ ഇട്ടിരുന്നു. ഒരു വെള്ള നിക്കർ മാത്രമായിരുന്നു വേഷം. എന്റെ ജീവിതത്തിൽ ആ നാല് ദിവസത്തിൽ കൂടുതൽ ഒന്നും ഇനി അനുഭവിക്കാനില്ല. അതിന് ശേഷം എന്നെ മറ്റു രോഗികളോടൊപ്പം മാറ്റി. അവിടുത്തെ അവസ്ഥ അതിനേക്കാൾ ഭീകരമായിരുന്നു. വിവിധ ജയിലുകളിൽ നിന്ന് വന്ന, ക്രിമിനൽ മനസും, മാനസിക രോഗവുമുള്ള അക്രമാസക്തരായ രോഗികളോടൊപ്പം എന്നെ ഇട്ടിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അതിനകത്ത് നടക്കുന്നത്.  രോഗത്തിന്റെ ഒരു ലാഞ്ഛന പോലും ഇല്ലാതിരുന്ന എനിക്ക് കുറെ ഗുളികകൾ ഒക്കെ തന്ന് ഭ്രാന്തനാക്കാനാണ് ശ്രമിച്ചത്. ഞാൻ ഡോക്ടർമാരോട് ചോദിച്ചു  സാറേ എനിക്ക് എന്താണ് അസുഖം? അപ്പൊ അവര് പറഞ്ഞത് സേതുവിന് ഒരു അസുഖവുമില്ല പക്ഷെ ഇത് കോടതിയുടെ ഉത്തരവാണ് എന്നാണ്. 


സർക്കാരിന് ക്വാറിയിലെ പാറ മാത്രം ലീസിന് കൊടുക്കാനുള്ള അധികാരമേ ഉള്ളൂ, അല്ലാതെ അതിനടുത്ത് താമസിക്കുന്ന പാവപ്പെട്ടവന്റെ ഭാര്യയെയും മക്കളെയും കൂടി ലീസിന് കൊടുക്കാനുള്ള അധികാരം ഒരു സർക്കാരിനും ഇല്ല.


 

എന്നെ ജയിലിൽ നിന്ന് ഭ്രാന്താശുപത്രിയിലേക്ക് മാറ്റിയിട്ടും എന്റെ കുടുംബത്തെ അറിയിച്ചില്ല. സർക്കാരിനെതിരെ സമരം ചെയ്ത എന്നെ സർക്കാരാണ് കോടതിയിൽ പറഞ്ഞിട്ട് ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയത്. അപ്പൊ മനോരോഗം ഇല്ലാത്ത എന്നെ മനോരോഗിയാക്കാൻ കൊണ്ട് പോകുമ്പോ  എന്റെ വീട്ടുകാരെ വിവരമറിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. എന്റെ വീട്ടിൽ അറിയിച്ചില്ല, എന്നെ തിരക്കി രണ്ടു ദിവസത്തിന് ശേഷം എന്റെ ഭാര്യയും മകളും കൂടി വന്നപ്പോഴാണ് എന്നെ ഭ്രാന്താശുപത്രിയിൽ ആക്കിയ വിവരം അറിഞ്ഞത്. അവർ അന്ന് വന്നില്ലെങ്കിൽ, അല്ലെങ്കിൽ വണ്ടിക്കൂലി ഇല്ലാത്തോണ്ട് കുറച്ച് ദിവസം കഴിഞ്ഞാണ് വരുന്നതെങ്കിൽ എന്നെയൊരു മുഴുഭ്രാന്തനാക്കിയേനെ. അന്ന് വൈകിട്ട് അവർ ആശുപത്രിയിൽ എത്തിയിട്ടത് എന്നെ കാണാൻ അനുവദിച്ചില്ല, പിറ്റേന്ന് എന്റെ ഭാര്യയും പതിനാറ് വയസ്സുള്ള മകളും കൂടി എന്നെ കാണാൻ വന്നപ്പോ ഒരു നിക്കർ മാത്രം ഇട്ട് അവരുടെ മുന്നിൽ നിൽക്കേണ്ട ഗതികേടാണ് എനിക്കുണ്ടായത്. 
നീതിക്ക് വേണ്ടി സമരം ചെയ്ത എനിക്ക് സർക്കാർ തന്ന കൂലിയാണ് എന്നെ ഭ്രാന്തനെന്ന് മുദ്ര കുത്തി സെല്ലിൽ അടച്ചത്. 

 

എന്റെ പതിനാറ് വയസ്സുള്ള മകൾ എന്നോട് ചോദിച്ചതാണ് അച്ഛാ എന്തിനാണച്ഛാ നമ്മളിങ്ങനെ ജീവിക്കുന്നതെന്ന്? ഒരു പതിനാറ് വയസ്സുള്ള പെൺകുട്ടിക്ക് പോലും അങ്ങനെ ചോദിക്കേണ്ട ഒരു ഭരണമാണ് ഇവിടെയുള്ളത്. ക്വാറിക്കാരുടെ പണവും വാങ്ങിക്കൊണ്ട് അവർ എന്ത് നിയമലംഘനം നടത്തിയാലും അതിനെതിരെ സമരം ചെയ്യുന്നവനെ ഞങ്ങൾ ഭ്രാന്തനാക്കിക്കൊള്ളാം എന്നാണ് ഈ സർക്കാർ പറയുന്നത്. സർക്കാരിന് ക്വാറിയിലെ പാറ മാത്രം ലീസിന് കൊടുക്കാനുള്ള അധികാരമേ ഉള്ളൂ, അല്ലാതെ അതിനടുത്ത് താമസിക്കുന്ന പാവപ്പെട്ടവന്റെ ഭാര്യയെയും മക്കളെയും കൂടി ലീസിന് കൊടുക്കാനുള്ള അധികാരം ഒരു സർക്കാരിനും ഇല്ല. ഈ നീതിനിഷേധത്തിനെതിരെ മരിക്കേണ്ടി വന്നാലും ഞാൻ സമരം ചെയ്യും. എന്റെ സമരം നീതിക്ക് വേണ്ടിയുള്ള സമരമാണ്. സേതു പറഞ്ഞു നിർത്തി. 

 

താൻ ഒറ്റക്ക് എതിരിടുന്നത് ആരോടെന്നും, എന്തിനോടെന്നും കൃത്യമായ ബോധത്തോടെ മാധ്യമങ്ങളും, സർക്കാരുകളും എല്ലാം അവർക്കൊപ്പമേ നിൽക്കൂ എന്ന പൂർണ്ണബോധ്യമുള്ളപ്പോഴും, ഏറ്റവും സാധാരണക്കാരന്റെ നീതിബോധത്തിൽ നിന്നുയരുന്ന പൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തി സേതു സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെയുണ്ട്. അതുവഴി കടന്നുപോകുന്ന ഭരണകർത്താക്കൾ എത്ര അവഗണിച്ചാലും ഇല്ലാതാവാത്ത നീതിയുടെ ശബ്ദമായി... 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment