പരിസ്ഥിതി വിരുദ്ധമായ പരിസ്ഥിതി ധവളപത്രം




സംസ്ഥാന സര്‍ക്കാര്‍ അവസാനം വാക്കു പാലിച്ചു. 6 മാസത്തിനകം പരിസ്ഥിതി ധവളപത്രം എന്ന വാഗ്ദാനം  സാധിച്ചെടുക്കുവാന്‍ രണ്ടു വര്‍ഷം എടുത്തു എങ്കിലും. ധവളപത്രം എന്ന രേഖയുടെ പൊതു സ്വഭാവത്തിൽ,  നിലബസ്സിലുള്ള  വിഷയത്തെ  വിശദമാക്കുകയും പ്രശ്നങ്ങള്‍ പഠിക്കുകയും പരിഹരിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

 

പരിസ്ഥിതി സൗഹൃദ  വികസനമാണ്  ലക്ഷ്യം എന്ന അവകാശത്തോടെയാണ് സർക്കാർ  ധവളപത്രം ആരംഭിക്കുന്നത്. സംസ്ഥാന സവിശേഷതകള്‍ വിശദമാക്കുന്ന വസ്തുതകള്‍ കഴിഞ്ഞാല്‍ നദികളുടെയും വനത്തിന്‍റെയും ജന്തുക്കളുടെയും ഒക്കെ കണക്കുകള്‍ നിരത്തുന്നു.കണക്കുകള്‍ കള്ളം പറയാറില്ല എന്നതിനാല്‍ കേരളത്തിന്‍റെ ലഘു ചിത്രം ഏറെക്കുറെ ഇവിടെ വ്യക്തമാണ്‌.കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ എങ്ങനെയാണ് നമ്മുടെ പ്രകൃതി തകര്‍ന്നു വീണത്‌ എന്ന വിഷയത്തില്‍ ധവള പത്രം മൌനം അവലംബിക്കുന്നു.


സര്‍ക്കാര്‍ കേവല വിവരശേഖരണ വകുപ്പാകുന്നതിന് പകരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ ബാധ്യസ്തരായിരിക്കണം എന്ന്  ഇവിടെ മറക്കുകയാണ്.ഭീകര ദുരന്തമായി  മാറുന്ന ഉരുൾപ്പൊട്ടലിനെ പറ്റി ഒന്നും പറയാത്ത (അറിയാത്ത ) സർക്കാർ ധവളപത്രം ക്വാറികളെ പറ്റിയും മൗനിയാണ്.

 

2007 ലെ കേരളാ പരിസ്ഥിതി റിപ്പോര്‍ട്ട്‌  കായലുകള്‍ 89-90കള്‍ കൊണ്ട് 73 % കുറഞ്ഞു എന്ന് സൂചിപ്പിക്കുന്നു. വേമ്പനാട് കായല്‍ വിസ്തൃതി 36300 ചതുരശ്ര km ല്‍ നിന്നും 13220 ചതുരശ്ര കി.മീറ്റർ ആയി . വന വിസ്തൃതി 11244 ചതുരശ്ര കി.മീറ്ററിൽ  എത്തി. രേഖയില്‍ 1905 ലെ വനവിസ്തൃതി 44% ത്തില്‍ നിന്നും ഇന്ന്  8%ആയി ചുരുങ്ങി. കുടിയേറ്റം 1.7 മടങ്ങ്‌ കൂടി.തോട്ടങ്ങള്‍ 3.2 മടങ്ങ് വര്‍ധിച്ചു. 

 

ഖനനങ്ങളിലെ നിയമ ലംഘനങ്ങളെ പറ്റി പറഞ്ഞ രേഖയുടെ അടിസ്ഥാനത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ മാറിവന്ന സര്‍ക്കാരുകള്‍ തയ്യാറായില്ല.ഇടതുപക്ഷ മുന്നണിയുടെ ധവളപത്രത്തിലെ 6 അദ്ധ്യായങ്ങള്‍ വിശദമാക്കുന്നവ ചുരുക്കി താഴെ കൊടുക്കുന്നു.

 

നദികളും വനങ്ങളും എന്ന വകുപ്പില്‍ ലഭ്യമായ വെളളത്തില്‍ 60% മാത്രം നമ്മൾ  ഉപയോഗിക്കുന്നു എന്ന് പറയുന്നുണ്ട് .1.61 ലക്ഷം ഹെക്ടറിലായി  4354 തണ്ണീര്‍ തടങ്ങള്‍. 700 ചതുരശ്ര കി.മീറ്ററിൽ  ഉണ്ടായിരുന്ന കണ്ടല്‍കാടിന്‍റെ വിസ്തൃതി 9 ചതുരശ്ര കി.മീറ്ററില്‍ എത്തി. സസ്യ ജന്തു വര്‍ഗ്ഗങ്ങളുടെ പ്രത്യേകതകളും അവയുടെ കണക്കുകളും ഇവിടെ  ലഭ്യമാണ്.

 

പ്രകൃതിക്ക് മുകളിലെ സമ്മര്‍ദ്ധങ്ങള്‍ എന്ന അദ്ധ്യായത്തില്‍ കാരണങ്ങളെ പറ്റി സര്‍ക്കാര്‍ പറയുന്നു.
വനനാശം, കണ്ടല്‍നാശം, തീരദേശ തകര്‍ച്ച, മണല്‍ കളിമണല്‍ ഖനനം, ശുദ്ധജല-സമുദ്ര സമ്പത്ത് ശോഷണം, വയല്‍-തണ്ണീര്‍ തടം, നദീജലത്തിന്‍റെ ഗുണത്തിലെ  തകര്‍ച്ച, ജലക്ഷാമം . ഒന്‍പതാമതായി  ജല വായൂ മലിനീകരണവും . 23 മുതല്‍ 31 വരെയുള്ള കോളങ്ങളില്‍  വിവിധ രംഗത്തെപ്രതിസന്ധികളുടെ കണക്കുകള്‍ വിവരിക്കുന്നു. 30 ആം ഇനത്തില്‍ ഇ കോളിയെ പറ്റി പറയുന്നു . നാട്ടിലെ നദികള്‍ കാറ്റഗറി B,C യില്‍ പെടുന്നു( ജീവികൾക്ക് ഹാനി വരുത്തുന്നവ).31ല്‍ യൂട്രോപ്പിക്കെഷനെ(ജലത്തിലെ വർദ്ധിച്ച ഫോസ്ഫറസ് സാനിധ്യം) പരാമര്‍ശിച്ചു.വയല്‍ തണ്ണീര്‍ തടങ്ങുടെ രൂപ മാറ്റം. നെല്ല് ഉത്പാദന ക്ഷമതയിലെ കുറവിന്‍റെ കണക്കുകള്‍ നല്‍കുന്നുണ്ട്.37 ല്‍ കാട്ടുതീകളെ പറ്റി, കാവുകള്‍ എണ്ണത്തില്‍ 10000 ല്‍ നിന്നും 1000 ആയി.      42 മുതല്‍ 45 വരെ സമുദ്ര തീരത്തെ ഭീഷണികള്‍ .വംശനാശം നേരിടുന്ന സസ്യങ്ങള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, വിദേശത്ത് നിന്നുള്ള സസ്യങ്ങള്‍ ഉണ്ടാക്കുന്ന ഭീഷണികളെ പറ്റി 48 മുതല്‍ 52വരെ.


 
53 മുതല്‍ 56 വരെയുള്ള ഭാഗത്ത്‌ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ പറ്റി (വായൂ മലിനീകരണവും) മാലിന്യത്തില്‍ നിന്നും മോചനം എന്ന പേരില്‍ വിവരിക്കുന്നു. കാലാവസ്ഥാ വ്യതിയാന ആഘാതത്തില്‍ കേരളത്തിലെ ചൂട് 0.8 ഡിഗ്രീ വര്‍ദ്ധനവ്‌, മഴയില്‍ ഉണ്ടാകുന്ന കുറവ്, യുക്കാലിപോലെയുള്ള തിന്‍റെ അപകടങ്ങള്‍ (58 മുതല്‍ 71 വരെ). അഞ്ചാം അദ്ധ്യായത്തിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപെട്ട നിയമങ്ങളും സ്ഥാപനങ്ങളും എന്ന വകുപ്പില്‍ തണ്ണീര്‍ തട അതോറിട്ടി വരെയുള്ള സ്ഥാപനങ്ങള്‍,(ഒരു ഡസ്സന്‍ ) 15 ലേറെ നിയമങ്ങള്‍.
 ജല നയത്തെ (രാജ്യത്ത് ആദ്യം) പരിചയപെടുത്തുന്നു.

 
അവസാനത്തെ അദ്ധ്യായത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളെപറ്റിയും പറയുന്നു. അതിനു മുൻപായി നമ്മുടെ സർക്കാർ  ജനതയെ, എത്ര തവണ, എത്രമാത്രം വിഢികളാക്കുന്നു എന്നറിയുവാൻ ഒരു ഉദാഹരണം.

 

ധവളപത്രം ഖണ്ഡിക 15 ൽ  വന വ്യാപ്തി വർദ്ധിച്ചു വരുന്നു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. 142300 ചതു. ഹെക്ടർ വനം കേരളത്തിൽ കൂടിയതായി പറയുന്നു. 2007 ലെ പരിസ്ഥിതി റിപ്പോർട്ടിൽ വന വിസ്തൃതി 11244.4 ചതുരശ്ര കി.മീറ്റർ.  2017ൽ 11303 ചതുരശ്ര കി.മീറ്റർ.  അതി നിബിഢവനവും സാമാന്യ നിബിഢവനവും കുറഞ്ഞിട്ടുണ്ടെങ്കിലും ഇടവിട്ട വനങ്ങൾ കൂടിയിട്ടുണ്ട് എന്ന് ആശ്വസിക്കാൻ ശ്രമിക്കുന്നു ധവളപത്രം. കണക്കു പുസ്തകങ്ങളിൽ കേരള വനങ്ങൾ വളരുകയാണ്.

 

പഞ്ചായത്തുകളില്‍ രാജ്യത്ത് ആദ്യമായി ജൈവ വൈവിധ്യ പരിപാലന സമിതി നിലവില്‍ വന്നു. (50% ഗ്രാമങ്ങളില്‍)  എത്രമാത്രം ഗുണപരമായിട്ടുണ്ട് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍  ?ജനകീയ ആസൂത്രണം പരിസ്ഥിതിക രംഗത്ത് സംഭാവനകളെ  സര്‍ക്കാര്‍  പരാമര്‍ശിക്കുന്നു. ജനകീയ ആസൂത്രണം എന്ത് മാറ്റങ്ങള്‍ആണ് പരിസ്ഥിതി രംഗത്ത് ഉണ്ടാക്കിയത് ?വിഭവ ഭൂപടനിര്‍മ്മാണത്തെ പറ്റിയും സര്‍ക്കാര്‍ സംസാരിക്കുന്നു. എന്ന് എപ്പോള്‍, എന്തുകൊണ്ട്   വൈകുന്നു ?

 

പ്രകൃതി ചൂഷണവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും  ദോഷപൂര്‍ണ്ണമായി ബാധിച്ചു വരുന്നു എന്ന് സര്‍ക്കാര്‍ ധവള പത്രം.സര്‍ക്കാര്‍ ഹരിത കേരളത്തെ സ്വപനം കാണുന്നു. അതിനായി ഒരു സമിതിയെ നിയമിക്കും എന്ന് ! ഇന്നത്തെക്കാള്‍ മെച്ചപെട്ട പ്രകൃതി സുരക്ഷയുള്ള നാടായി കേരളത്തെ മാറ്റും എന്ന ഉറപ്പോടെ 40 പേജ്ജുള്ള  സംസ്ഥാന ധവളപത്രം അവസാനിപ്പിക്കുന്നു.


 
കേരളത്തിന്‍റെ പരിസ്ഥിതി തകര്‍ച്ചയുടെ ദുരന്തത്തെ ഗൌരവതരമായി പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ഇടതുപക്ഷ മുന്നണി,അതിരൂക്ഷമായ പശ്ചിമഘട്ട ശോഷണത്തെ വിശകലനം ചെയ്യാതെ, കോര്‍പ്പറേറ്റുകളുടെയും മറ്റുള്ളവരുടെയും കടന്നു കയറ്റങ്ങള്‍, മൂന്നാര്‍-വയനാട് സോൺ , ഖനനങ്ങള്‍, ഉരുള്‍ പൊട്ടല്‍,റിയല്‍ എസ്റ്റേറ്റ് വിഷയങ്ങളെ മറക്കുവാന്‍ ഇവിടെ എന്തുകൊണ്ട് ശ്രദ്ധിച്ചു ?

 

പശ്ചിമഘട്ടത്തെ ലോക hot point കളില്‍ ഉള്‍പെടുത്തുവാന്‍ കാരണമായ കുറിഞ്ഞി  താഴ്വരെയെപറ്റി പറയുവാന്‍ മടിക്കുന്ന പരിസ്ഥിതി റിപ്പോര്‍ട്ട് !നദികളില്‍ തന്നെ ചാലക്കുടി പുഴയും പെരിയാറും അതിന്‍റെ തീരങ്ങളിലെ വ്യവസായ മാലിന്യ വിഷയവും മറക്കുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ആരെ സംരക്ഷിക്കുവാന്‍ ?


കേരളത്തിലെ പാറ ഖനനം ഉണ്ടാക്കിയ മാഫിയ ബന്ധങ്ങള്‍, സ്ഫോടന വസ്തുക്കളുടെ വലിയ സാനിധ്യം, അനധികൃത ഖനനങ്ങള്‍ മുതലായ  ദുരന്തങ്ങളെ പറ്റി പറയുവാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ധവളപത്രം തയ്യാറല്ല? ചോദ്യങ്ങൾ അനവധി ബാക്കിയാണ്. 

 

പ്രകൃതി ചൂഷണം  കേരളത്തിന് വരുത്തിവെക്കുന്ന രോഗങ്ങൾ, ജൈവ ദുരന്തങ്ങൾ, സാമ്പത്തിക, കാർഷിക തിരിച്ചടികൾ എത്ര ലക്ഷം ലക്ഷം രൂപ വരുമെന്ന് തിട്ടപ്പെടുത്തുവാൻ ധവളപത്രം ഭയക്കുന്നു. അശാസ്ത്രീയമായ കെട്ടിട  നിര്‍മ്മാണം, തെറ്റായ വാഹന റോഡു സങ്കല്‍പ്പങ്ങള്‍, ചന്ത സംസ്കാരത്തിന്‍റെ ഭാഗമായ പരിസ്ഥിതി ആഘാതം, നഗര വൽക്കരണം,  കായലുകളില്‍ ടൂറിസം യാനങ്ങള്‍ വരുത്തി വെക്കുന്ന നാശങ്ങള്‍, വിഴിഞ്ഞം. സാഗര്‍ മാല പദ്ധതി ഇവയെ പരാമര്‍ശിക്കാത്ത സര്‍ക്കാര്‍ രേഖ , കേരളത്തിന്‍റെ പ്രകൃതിയില്‍ വരുത്തുന്ന വന്‍ തിരിച്ചടികള്‍ക്ക് കാരണക്കാരായവരെ  ശിക്ഷിച്ച്, കേരളത്തിന്‍റെ കാടും പുഴയും പാടവും കായലും കടലും അതിലെ ജീവികളെയും ജനങ്ങളെയും സംരക്ഷിക്കുവാന്‍ തയ്യാറല്ല എന്ന് ഒരിക്കല്‍ കൂടി  ധവളപത്രത്തിലൂടെ ഉറപ്പു നല്‍കുകയാണ്  കേരള സർക്കാർ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment