അടൂർ കന്നിമലയിൽ വൻ ഭൂമി തട്ടിപ്പ് ; രേഖകൾ മുക്കി ക്വാറി മാഫിയക്ക് ഒത്താശ ചെയ്ത് റവന്യൂ വകുപ്പ്




അടൂർ: കടമ്പനാട് പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മണ്ണടി കന്നിമലയിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് മൂന്ന് വർഷക്കാലമായി അടച്ചിട്ടിരുന്ന ക്വാറിയും സമീപത്തെ ഭൂമികളിലും ക്വാറി വ്യവസായത്തിന് നീക്കം തുടങ്ങി. പട്ടയഭൂമി വ്യാജരേഖകളിലൂടെ കൈവശപ്പെടുത്തിയാണ് ക്വാറി തുടങ്ങാനുള്ള നീക്കം നടത്തുന്നത്. കശുമാവ് കൃഷിക്കായി പാട്ടത്തിന് നൽകിയ  42 ഏക്കർ 79 സെന്റ്   ഭൂമിയുടെ രേഖകൾ മറച്ച് വെച്ച് റവന്യൂ അധികാരികളും ക്വാറി മാഫിയക്ക് കൂട്ട് നിൽക്കുന്നു. സർവ്വേ സ്കെച്ചിനായി അടൂർ താലൂക്കിൽ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശികൾ. കടമ്പനാട് വില്ലേജിൽ സർവ്വേ നമ്പർ 93/3,93/3-1 എന്നീ സർവ്വേ നമ്പറിലുള്ള 16 ഏക്കർ  ഭൂമി, 12 വർഷത്തേക്ക് ആയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് ക്രഷർ കമ്പനിയ്ക്ക് ഏനാത്ത് സ്വദേശിയായ ഭൂഉടമ  പാട്ടത്തിന് നൽകി കഴിഞ്ഞു. വമ്പൻ ഭൂമി തട്ടിപ്പിനാണ് ഇതിലൂടെ കളമൊരുങ്ങുന്നത്. 


93/7 സർവ്വേ നമ്പറിലെ ഭൂമിയിൽ പരാതി നിലനിൽക്കുന്നതിനാൽ പരാതിക്കാരെ നേരിൽ കേൾക്കാൻ തഹസിൽദാർ ഇന്നലെ വീണ്ടും വിളിച്ചു മൊഴി രേഖപ്പെടുത്തി. പരാതിക്കാർക്ക് വിലാസം തെറ്റിച്ചാണ് കത്ത് അയച്ചതെന്ന  പരാതിയെ തുടർന്ന്  തഹസീൽദാർ കഴിഞ്ഞ ദിവസം വീണ്ടും നേരിൽ കേട്ടത്.


കന്നിമലയിലെ 42 ഏക്കർ 79 സെന്റ് ഭൂമി 1969,72 കാലഘട്ടങ്ങളിൽ കശുമാവ് കൃഷിയ്ക്കായി  പട്ടയം നൽകിയതാണ്. പട്ടയഭൂമിയിൽ വ്യവസായം പാടില്ല എന്ന നിയമം നിലനിൽക്കെ ഈ വിവരം മറച്ചുവച്ചാണ് 2011 മുതൽ 13 വരെ  റവന്യൂ അധികൃതർ ക്വാറിയ്ക്കായി നിരാക്ഷേപപത്രം നൽകി വന്നിരുന്നത്. ഇത് ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.കാർഷിക മേഖലയെ മാറ്റികൊണ്ട് ഖനനം പാടില്ലായെന്ന് 1969ലെ കേരളാ മൈനർ മിനറൽ കൺസംപ്‌ഷൻ  റൂളിൽ പറയുന്നുണ്ട്.


ക്വാറി മാഫിയയ്ക്കുവേണ്ടി എല്ലാ നിയമങ്ങളും ഉദ്യോഗസ്ഥർ ഇവിടെ അട്ടിമറിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു. സർവ്വേ നമ്പർ 93/1ൽ കരിങ്കല്ല് പൊട്ടിച്ച് വിൽപ്പന നടത്തുന്നതിനുവേണ്ടി 2011 മുതൽ 2014 വരെ 1800 പിഫോമാണ് ഖനന ഭൂവിജ്ഞാന വകുപ്പിൽ നിന്നും നൽകിയിരുന്നത്.  എന്നാൽ ഇതിന്റെ മറവിൽ പതിനായിരകണക്കിന് ലോഡ് പാറ ഇവിടെ നിന്നും കടത്തികൊണ്ടു പോയി പൊതു ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയിരിക്കുകയാണ്.ഇതിനെതിരെ ജില്ലാകളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഇത് പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായിട്ടില്ല.  


പശ്ചിമഘട്ട സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് വിവരാവകാശ നിയമമനുസരിച്ച് അടൂർ താലൂക്ക് ഓഫീസിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രകാരം ഈ ഭൂമി കശുമാവ് കൃഷിയ്ക്കായി  പട്ടയം നൽകിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ വിവരം മറച്ച് വെക്കാനാണ് രേഖകൾ ലഭ്യമല്ല എന്ന മറുപടി റവന്യൂ അധികാരികൾ നൽകിയതെന്ന് അവിനാഷ് പറയുന്നു. കൂടാതെ 2014 ൽ മരിച്ച് പോയ ചന്ദ്രമതി എന്ന സ്ത്രീയുടെ ഒപ്പിട്ട് 2018 ൽ തഹസിൽദാർക്ക് പാട്ടത്തിനായുള്ള സത്യവാങ്മൂലം നൽകിയതായും കണ്ടെത്തി. വ്യാജരേഖകൾ ചമച്ചാണ്  ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ട് റവന്യൂ ഭൂമിയിലെ പാറ പൊട്ടിച്ച് കോടികൾ സമ്പാദിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അവിനാഷ് പറയുന്നു. 


കന്നിമലയിലെ ഭൂമി സംബന്ധമായ രേഖകൾക്കായി അവിനാഷ്  കളക്ട്രേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി അടൂർ താലൂക്കിൽ നിന്നും ലഭിച്ചത് പട്ടയ സംബന്ധമായ രേഖകൾ ടി ഓഫീസിൽ ലഭ്യമല്ല 1999 ന് ശേഷമുള്ള രേഖകൾ മാത്രമേ താലൂക്കിൽ ലഭ്യമുള്ളൂ കടമ്പനാട് വില്ലേജ് ഓഫീസിൽ നിന്നും കിട്ടിയ മറുപടി പട്ടയരേഖകൾ ഇവിടെ സൂക്ഷിച്ചിട്ടില്ലെന്നും ടി ഭൂമി സംബന്ധമായ രേഖകൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നുമായിരുന്നു.  വ്യാജ രേഖകൾ ചമച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈവശപ്പെടുത്തിയ കന്നിമലയിലെ ഭൂമികളുടെ  ആദ്യകാല സർവ്വേ രേഖകൾ  വച്ച് അളന്ന് തിട്ടപ്പെടുത്തി  സർക്കാർ ഭൂമി തിരികെ പിടിക്കാനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രേഖകൾ ലഭ്യമല്ലെന്ന് വിവരാവകാശ അന്വേഷണങ്ങൾക്ക് മറുപടി നൽകുമ്പോഴും മുൻപ് ഖനനത്തിന് അനുമതി തേടി ക്വാറി ഉടമകൾ സമർപ്പിച്ച അപേക്ഷകൾക്കൊപ്പമുള്ള മുൻ പ്രമാണങ്ങളിൽ ഈ ഭൂമി പട്ടയ ഭൂമിയാണെന്നും ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഡേറ്റും നമ്പറും സഹിതമുള്ള വിവരങ്ങളും വ്യക്തമാകുന്നുണ്ട്. ഇത് മറച്ച് വെച്ചാണ് കോടിക്കണക്കിന് രൂപയുടെ കരിങ്കല്ല് പൊട്ടിച്ച് മാറ്റിയത്. 


കന്നിമല ഭൂമി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടമ്പനാട് ഏഴംകുളം ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയും  കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഏറ്റവും ഉയർന്ന പ്രദേശവുമാണ് കന്നിമല. ഇപ്പോൾ ഖനനത്തിന് അനുമതി തേടിയിരിക്കുന്ന ഭൂമിയിൽ പാറ പൊട്ടിക്കണമെങ്കിൽ ലക്ഷകണക്കിന് ലോഡ് മണ്ണ് എടുത്ത് മാറ്റേണ്ടി വരും. 85 ഡിഗ്രി ചരിവുള്ള മലയുടെ താഴ് വരയിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ നീരുറവയാണ് കന്നിമലക്കുന്ന് ഇവിടെ ഖനനം തുടർന്നാൽ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കും എന്നതിൽ തർക്കമില്ല. അടിയന്തിരമായി ജില്ലാ ഭരണകൂടം ഇടപെട്ട് ഖനനാനുമതി നൽകുന്നത് തടയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.  കന്നിമലയിലെ ക്വാറി പ്രവർത്തനനീക്കത്തിനെതിരെ രണ്ടാം സമരത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് നാട്ടുകാർ.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment