മംഗലപുരത്തെ കളിമൺ ഖനനം നിയമവിരുദ്ധം ; കമ്പനിക്ക് 10 ലക്ഷം പിഴ ; കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി




വർഷങ്ങൾ നീണ്ട ജനകീയ പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് കളിമൺ ഖനനം നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു.  ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് ഇവിടെ നടത്തിയ കളിമൺ ഖനനം നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇവിടെ ഇനി കളിമൺ ഖനനം നടത്താൻ പാടില്ല. ഇവിടെ നിന്ന് എത്ര മണ്ണ് എടുത്തു എന്ന് കണക്കാക്കി അതിന്റെ വിലയീടാക്കാനും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രനും, അശോക് മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. അഞ്ച് ഹെക്ടറിൽ കൂടുതൽ പ്രദേശത്ത് ഖനനം നടത്തുമ്പോൾ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി. 

 

അനധികൃത ഖനനം നടത്തിയവർക്കെതിരെയും അതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാനും അതിന്റെ റിപ്പോർട്ട് രണ്ടു മാസത്തിനകം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. കമ്പനി പരാതിക്കാർക്ക് 10000 രൂപ വീതം കോടതി ചെലവ് നൽകണം. കമ്പനി തുക ഒടുക്കിയില്ലെങ്കിൽ ജില്ലാ കളക്ടർക്ക് ജപ്തി നടപടി സ്വീകരിക്കാമെന്നും സ്ഥലം ഏറ്റെടുക്കാമെന്നും കോടതി വിധിച്ചു. ഖനനത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ സമർപ്പിച്ച ഹർജികളും, ഖനന അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തു കമ്പനി സമർപ്പിച്ച വിവിധ ഹർജികളും പരിഗണിച്ചാണ് കോടതി വിധി. ഒരു വിഷയത്തിൽ ഒന്നിലധികം ഹർജികൾ സമർപ്പിക്കുകയും വെവ്വേറെ അഭിഭാഷകരെ വെക്കുകയും എതിർകക്ഷികളെ ചേർക്കാതെയിരിക്കുകയും ചെയ്ത കമ്പനി നടപടിയെയും കോടതി വിമർശിച്ചു. മറ്റു ഹർജികളുടെ വിവരം മറച്ച് വെക്കാനാകും ഇങ്ങനെ ചെയ്തതെന്ന് കോടതി പറഞ്ഞു. 

 

കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ അനധികൃത ഖനനങ്ങൾക്ക് നേരെ കണ്ണടച്ചതിന്റെ ഉദാഹരണമാണ് ഈ കേസെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ പാരിസ്ഥിതിക നിലപാട് സംബന്ധിച്ച് സുപ്രധാനമായ പരാമർശങ്ങൾ കോടതിയിൽ നിന്ന് ഉണ്ടായി. വിവേചന രഹിതമായ ഖനനം,വനം കൈയേറ്റം, തുടങ്ങിയ പ്രകൃതി ചൂഷണങ്ങളാണ് വെള്ളപ്പൊക്കം പോലുള്ള പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് പഠനങ്ങളും ചർച്ചകളും വിരൽ ചൂണ്ടുന്നു. ഇവയൊക്കെ തടയാൻ നിയമങ്ങളും നടപ്പാക്കാൻ ഉദ്യോഗസ്ഥരും ഉണ്ട്. പക്ഷേ ഒന്നും ഫലപ്രദമാകുന്നില്ല. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുസ്ഥിര വികസനമെന്ന കാഴ്ചപ്പാട് സർക്കാരും ജനങ്ങളും ഉയർത്തിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ മനുഷ്യനിർമ്മിതമാണെന്ന യാഥാർഥ്യത്തിന് നേരെ കണ്ണടച്ചിരിക്കാൻ കോടതിക്ക് കഴിയില്ല. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നിയമനിർമ്മാതാക്കളും ഭരണകർത്താക്കളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്നും കോടതി പറഞ്ഞു. 

 

മംഗലപുരം,അണ്ടൂർക്കോണം പഞ്ചായത്തുകളിൽ 110 ഹെക്ടറോളം സ്ഥലത്താണ് ചൈന ക്ലേയുടെ ഖനനം നടന്നത്. പ്രവർത്തനം തുടങ്ങിയിട്ട് 45 വർഷങ്ങളായിരിക്കുന്നു. ഒരു മൈൻ പ്രവർത്തിക്കുന്നതിനാവശ്യമായ യാതൊരു നിയമങ്ങളും പാലിക്കാതെയാണ് ഖനനം എന്ന് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിക്കുന്നു. 45 വർഷങ്ങളായി തുടരുന്ന ഖനനം മൂലം ഈ  പ്രദേശം മുഴുവൻ അഗാധ ഗർത്തങ്ങളായി മാറിയിരിക്കുകയാണ്. എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് ലിമിറ്റഡ് എന്ന കമ്പനി ഇവിടെ ചൈന ക്ലേ ഖനനം ചെയ്തെടുക്കുന്നത്. ഖനനം നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ നടക്കുന്നുവെന്ന ഉറപ്പ് വരുത്തേണ്ടുന്ന ഉദ്യോഗസ്ഥ സംവിധാനം മുഴുവൻ സ്വാധീനങ്ങൾക്ക് വഴങ്ങി കമ്പനിക്ക് ഒത്താശ ചെയ്യുകയാണെന്നും  ജനശക്തി ആക്ഷൻ കൗൺസിൽ പ്രവർത്തകർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment